Enter your Email Address to subscribe to our newsletters

Kerala, 09 ജൂണ് (H.S.)
തിരുവനന്തപുരം: കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി തടവുചാടിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച സമിതിയുടെ കാലാവധി ആഭ്യന്തരവകുപ്പ് വീണ്ടും നീട്ടിനൽകി. ജയിൽ സുരക്ഷയിലെ ഗുരുതരമായ പാളിച്ചകളെക്കുറിച്ച് പഠിച്ച് മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ സർക്കാർ നിയോഗിച്ച ഉയർന്ന തലത്തിലുള്ള അന്വേഷണ കമ്മിറ്റി, പത്ത് മാസം പിന്നിട്ടിട്ടും തങ്ങളുടെ പഠനം പൂർത്തിയാക്കിയിട്ടില്ല. ഇതേത്തുടർന്നാണ് കമ്മിറ്റിക്ക് മൂന്ന് മാസം കൂടി അധിക സമയം അനുവദിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്.
ചോദ്യങ്ങൾ ബാക്കി, കണക്കെടുപ്പിലെ പ്രഹസനവും പുറത്ത്
കണ്ണൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ വിഭാഗത്തിൽ നിന്നാണ് 2025 ജൂലൈയിൽ ഗോവിന്ദച്ചാമി തടവുചാടിയത്. തുടർന്ന് റിട്ട. ജസ്റ്റിസ് സി. എൻ. രാമചന്ദ്രൻ നായർ, മുൻ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയെയാണ് സർക്കാർ അന്വേഷണത്തിനായി നിയോഗിച്ചത്.
-
കുപ്രസിദ്ധ കുറ്റവാളിയായ ഇയാൾ എങ്ങനെ ജയിൽ ചാടി?
-
ഡ്യൂട്ടിയിലുണ്ടായിരുന്ന ഏതെല്ലാം ഉദ്യോഗസ്ഥർക്കാണ് ഇതിൽ വീഴ്ച സംഭവിച്ചത്?
-
ജയിലിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ എന്തെല്ലാം പാളിച്ചകളാണ് ഉണ്ടായത്?
തുടങ്ങിയ അത്യന്തം ഗൗരവമേറിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനായിരുന്നു സമിതി രൂപീകരിച്ചത്. എന്നാൽ സമിതി അംഗങ്ങൾക്ക് മറ്റ് പുതിയ ചുമതലകൾ ലഭിച്ചതും മറ്റും അന്വേഷണം വൈകാൻ കാരണമായി.
പുലർച്ചെ ഒന്നരയോടെയാണ് ഗോവിന്ദച്ചാമി ജയിൽ മതിൽ ചാടിയതെന്നാണ് കണ്ടെത്തൽ. എന്നാൽ, ജയിൽ അധികൃതരുടെ കണക്കെടുപ്പിലെ ഗുരുതരമായ പ്രഹസനം വെളിവാക്കുന്നതായിരുന്നു തുടർന്നുള്ള സംഭവങ്ങൾ. രാവിലെ ആറിന് ലോക്കപ്പ് തുറക്കുന്നതിന് മുന്നോടിയായി നടത്തിയ തടവുകാരുടെ കണക്കെടുപ്പിൽ ഗോവിന്ദച്ചാമി സെല്ലിനകത്തുണ്ടെന്നാണ് അധികൃതർ രേഖപ്പെടുത്തിയത്. മണിക്കൂറുകൾക്ക് ശേഷം മാത്രമാണ് ഇയാൾ ജയിൽ ചാടിയ വിവരം ഉദ്യോഗസ്ഥർ അറിഞ്ഞത്. പിന്നീട് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ജയിലിന് ഏതാനും കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൻ പടവുകളിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
വിയ്യൂരിൽ നിന്ന് മാറാൻ ഗോവിന്ദച്ചാമിയുടെ അപേക്ഷ
ജയിൽ ചാട്ടത്തിന് ശേഷം അതീവ സുരക്ഷാ ജയിലായ വിയ്യൂരിലേക്കാണ് ഗോവിന്ദച്ചാമിയെ മാറ്റിയത്. എന്നാൽ, ഇപ്പോഴത്തെ കനത്ത സുരക്ഷയിൽ ശ്വാസം മുട്ടുകയാണെന്നും അതിനാൽ സുരക്ഷ കുറഞ്ഞ മറ്റേതെങ്കിലും സെൻട്രൽ ജയിലിലേക്ക് തന്നെ മാറ്റണമെന്നും ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി ജയിൽ അധികൃതരെ സമീപിച്ചിരിക്കുകയാണ്. കനത്ത നിരീക്ഷണവും കർശന നിയന്ത്രണങ്ങളുമുള്ള വിയ്യൂർ ജയിലിൽ നിന്നും രക്ഷപ്പെടുക അസാധ്യമാണെന്ന് മനസ്സിലാക്കിയാണ് ഇയാൾ സുരക്ഷ കുറഞ്ഞ ജയിലുകളിലേക്ക് മാറ്റം ആവശ്യപ്പെടുന്നത് എന്നാണ് നിഗമനം.
ജയിൽ സുരക്ഷയും തടവുകാരുടെ കണക്കെടുപ്പും വെറും നിസ്സാരമായി കാണുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമോ എന്നും, ആഭ്യന്തര വകുപ്പ് നീട്ടി നൽകിയ പുതിയ കാലാവധിക്കുള്ളിലെങ്കിലും കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുമോ എന്നുമാണ് ഇനി അറിയേണ്ടത്. പഴുതടച്ച സുരക്ഷാ നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് വൈകുന്നത് ജയിലുകളുടെ സുരക്ഷയെ വീണ്ടും ആശങ്കയിലാക്കുന്നുണ്ട്.
---------------
Hindusthan Samachar / Roshith K