Enter your Email Address to subscribe to our newsletters

Chennai , 09 ജൂണ് (H.S.)
തമിഴ് നടൻ ജയം രവിയും ഭാര്യ ആർതിയും തമ്മിലുള്ള വിവാഹമോചന കേസില് നടന് തിരിച്ചടി. മക്കള്ക്ക് ഇടക്കാല സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ആർതി നല്കിയ ഹർജിയില് ഇടപെടാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.
മക്കളുടെ ചെലവിനായി ആർതി നല്കിയ ഹർജിയില് തീരുമാനം എടുക്കാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് ജയം രവി കോടതിയെ സമീപിച്ചത്.
ആർതിയുടെ ഹർജി രണ്ട് ആഴ്ചയ്ക്കകം പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കുടുംബ കോടതിക്ക് ഹൈക്കോടതി നിർദേശം നല്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടികള്ക്ക് കൂടുതല് സമയം നുവദിക്കണമെന്നാവശ്യപ്പെട്ട് രവി മോഹൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
രവി മോഹനും ആർതിയും തമ്മിലുള്ള വിവാഹമോചന കേസ് നിലവില് ചെന്നൈ കുടുംബക്കോടതിയുടെ പരിഗണനയിലാണ്.ഇതിനിടെയാണ് മക്കളുടെ വിദ്യാഭ്യാസച്ചെലവിനും മറ്റ് ആവശ്യങ്ങള്ക്കും വേണ്ട പണം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ആർതി കോടതിയെ സമീപിച്ചത്. 2025 ഏപ്രില് മുതല് മക്കളുടെ ചെലവുകള്ക്കായി രവി മോഹൻ യാതൊരു സാമ്പത്തിക സഹായവും നല്കിയിട്ടില്ലെന്നാണ് ആർതി ഹർജിയില് ആരോപിച്ചത്. സ്കൂള് ഫീസ് ഉള്പ്പെടെയുള്ള വിദ്യാഭ്യാസ ചെലവുകള് പോലും വഹിച്ചിട്ടില്ലെന്നും അവർ ഹർജിയില് പറയുന്നുണ്ട്. അടിയന്തര സ്വഭാവമുള്ള വിഷയമായിട്ടും ഹർജി സമയബന്ധിതമായി പരിഗണിക്കപ്പെടുന്നില്ലെന്ന് ആരോപിച്ച് ആദ്യം ആർതിയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
ഹർജി പരിഗണിച്ച ഹൈക്കോടതി നേരത്തെ തന്നെ കുടുംബക്കോടതിയോട് രണ്ട് ആഴ്ചയ്ക്കകം ഹർജിയില് തീരുമാനം എടുക്കാൻ നിർദേശിച്ചിരുന്നു. മക്കളുടെ വിദ്യാഭ്യാസവും ക്ഷേമവുമായി ബന്ധപ്പെട്ട വിഷയമായതിനാല് വൈകാതെ നടപടി വേണമെന്നായിരുന്നു കോടതിയുടെ നിലപാട്. എന്നാല് ഈ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് രവി മോഹൻ പിന്നീട് പുതിയ ഹർജി ഹൈക്കോടതിയില് സമർപ്പിച്ചു. ജസ്റ്റിസ് അബ്ദുല് ഖുദ്ധൂസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ആർതിക്കായി മുതിർന്ന അഭിഭാഷകൻ ജെ രവീന്ദ്രൻ ആണ് ഹാജരായത്. സമയപരിധി നീട്ടാനുള്ള ആവശ്യത്തെ അദ്ദേഹം ശക്തമായി എതിർത്തു. ഇരു വിഭാഗങ്ങളുടെയും വാദം കേട്ട കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവില് ഇടപെടാൻ ആകില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
തമിഴ് സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ താരദമ്പതികളായിരുന്നു ജയം രവിയും ആർതി രവിയും. 2009 ജൂണിലാണ് ഇരുവരും പ്രണയിച്ച് വിവാഹിതരായത്. ഇരുവർക്കും ആരവ്, അയാൻ എന്നീ രണ്ട് മക്കളുണ്ട്. കഴിഞ്ഞ വർഷമാണ് ഇരുവരുടേയും ബന്ധത്തില് വിള്ളല് വീണത്. പിന്നാലെ ഭാര്യയുമായി വേർപിരിഞ്ഞതായി ജയം രവി സോഷ്യല് മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. എന്നാല് തൻ്റെ അറിവോടെയായിരുന്നില്ല ഇതെന്ന് പിന്നീട് ആർതി പറഞ്ഞു. ഇതോടെയാണ് ഇരുവർക്കും ഇടയിലെ കുടുംബ പ്രശ്നങ്ങള് ചർച്ചയായി തുടങ്ങിയത്.
അതിനുശേഷം പരസ്പര ആരോപണങ്ങളും വിശദീകരണങ്ങളുമായി ഇരുവരും രംഗത്തെത്തി. കുടുംബജീവിതത്തിനിടെ താൻ മാനസിക സമ്മർദങ്ങള് നേരിട്ടുവെന്നാണ് ജയം രവി പറഞ്ഞത്. മറുവശത്ത്, ഭർത്താവിന്റെ ജീവിതത്തില് മറ്റൊരാളുടെ സാന്നിധ്യമുണ്ടെന്ന സൂചനകളുമായി ആർതിയും പ്രതികരിച്ചു. തർക്കം പിന്നീട് കുടുംബ കോടതിയിലെത്തി. തനിക്കും മക്കള്ക്കും ജീവനാംശമായി മാസം 40 ലക്ഷം രൂപയാണ് വിവാഹമോചന കേസില് ആർതി ആവശ്യപ്പെട്ടത്. ഹർജിയില് ഇതുവരെ കോടതി വിധി പറഞ്ഞിട്ടില്ല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR