Enter your Email Address to subscribe to our newsletters

Kasaragod , 09 ജൂണ് (H.S.)
ചക്രവാത ചുഴിയും ന്യൂന മർദ്ദപാത്തിയും ദുർബലമായതോടെ കേരളത്തിൽ ഇനി മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് കൂടി റെഡ് അലർട്ട് മുന്നറിയിപ്പ് ഉണ്ടെങ്കിലും 20 മില്ലി മീറ്ററിൽ താഴെ മാത്രമേ മഴ പ്രതീക്ഷിക്കുന്നുള്ളു. ഇന്നലെയും ഇന്ന് ഉച്ചവരെയും പെയ്ത മഴയുടെ ആഘാതം കൂടി കണക്കിലെടുത്താണ് റെഡ് അലർട്ട് തുടരുന്നത്.
അതേസമയം, ജൂൺ 12 ഓടെ മഴയിൽ വലിയ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തൽ. നാളെയോടെ കാലാവസ്ഥ ദുബാലമാകും. ഇന്ന് മൂന്നു ജില്ലകളിൽ റെഡ് അലർട്ടും രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി 9 ജില്ലകളിൽ യെല്ലോ അലർട്ടുമാണ് ഉള്ളത്. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ട്.
നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. 11 നും ഈ ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. 12 ന് മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ട്. 13 നു എവിടെയും മഴ മുന്നറിയിപ്പ് ഇല്ല. നിലവിൽ ജൂൺ 1 മുതൽ 8 വരെ 28 % അധിക മഴ ലഭിച്ചതായി അധികൃതർ പറഞ്ഞു. രണ്ടു ദിവസം ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും 30 മുതൽ 40 വരെയും ചില സമയങ്ങളിൽ 60 വരെയും കിലോമീറ്റർ വേഗതയിൽ കാറ്റു വീശിയേക്കാമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതേ സമയം കേരളത്തിൽ മിന്നൽ ചുഴലി ഉണ്ടായിട്ടില്ലെന്നും കാലവർഷത്തിൻ്റെ ഭാഗമായുള്ള കാറ്റാണ് ഇതെന്നും വിദഗ്ധർ പറഞ്ഞു.
ജാഗ്രത നിർദേശങ്ങൾ
വരും ദിവസങ്ങളിൽ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞെങ്കിലും ഇന്നും കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.
സ്വകാര്യ - പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. മലയോര മേഖലകളിലേക്കുള്ള വിനോദയാത്രകളും രാത്രിയാത്രകളും പൂർണ്ണമായും ഒഴിവാക്കുക. ജലനിരപ്പ് പെട്ടെന്ന് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴകളിലോ തോടുകളിലോ കുളിക്കാനോ ഇറങ്ങാനോ പാടില്ല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR