Enter your Email Address to subscribe to our newsletters

Newdelhi , 09 ജൂണ് (H.S.)
കേന്ദ്ര സർക്കാരിൻ്റെ പ്രധാന പദ്ധതിയായ ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ള ഗുണഭോക്താക്കൾക്ക് പ്രതിവർഷം ലഭിക്കുന്ന സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം നാലായി വെട്ടിക്കുറച്ചു. ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകൾക്ക് സൗജന്യമായി എൽപിജി കണക്ഷനുകൾ നൽകുന്നതിനായി 2016 മെയ് മാസത്തിലാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന (പിഎംയുവൈ) ആരംഭിച്ചത്.
പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് തുടക്കത്തിൽ പ്രതിവർഷം 14.2 കിലോഗ്രാം ഭാരമുള്ള 12 സബ്സിഡി സിലിണ്ടറുകൾക്ക് അർഹതയുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം സബ്സിഡി ക്വാട്ട ഒൻപത് സിലിണ്ടറുകളായി കുറച്ചിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും നാലായി വെട്ടിക്കുറച്ചിരിക്കുന്നത്.
പുതുക്കിയ സബ്സിഡി ക്വാട്ട ഉജ്ജ്വല ഗുണഭോക്താക്കളുടെ ശരാശരി വാർഷിക ഉപഭോഗവുമായി പൊരുത്തപ്പെടുന്നതാണെന്ന് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം അഡീഷണൽ സെക്രട്ടറി പ്രവീൺ മാൽ ഖനൂജ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ശുദ്ധമായ പാചക ഇന്ധനത്തിൻ്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുന്നതിനുമായി 2022 മെയ് മാസത്തിലാണ് സർക്കാർ 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന് 200 രൂപ സബ്സിഡി ഏർപ്പെടുത്തിയത്. പ്രതിവർഷം 12 സിലിണ്ടറുകൾ വരെ വാങ്ങുന്ന ഓരോ തവണയും ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സബ്സിഡി തുക നേരിട്ട് ക്രെഡിറ്റ് ചെയ്യുകയായിരുന്നു. 2023 ഒക്ടോബറിൽ സബ്സിഡി 14.2 കിലോഗ്രാം സിലിണ്ടറിന് 300 രൂപയായി വർധിപ്പിച്ചു. അഞ്ച് കിലോഗ്രാം സിലിണ്ടറുകൾക്കും ഇതിന് ആനുപാതികമായ ആനുകൂല്യം നൽകിയിരുന്നു.
എൽപിജി വില വർധനഎൽപിജി വില വർധനവിന് പിന്നാലെയാണ് സബ്സിഡി ക്വാട്ട വെട്ടിക്കുറച്ചുകൊണ്ടുള്ള പുതിയ തീരുമാനം വന്നിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് തവണയായി ഡൽഹിയിൽ 14.2 കിലോഗ്രാം സിലിണ്ടറിൻ്റെ വിലയിൽ 89 രൂപയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ജൂൺ ഏഴിനാണ് അവസാനമായി വില വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിലെ റീട്ടെയിൽ വില 942 രൂപയായി ഉയർന്നു. 300 രൂപ സബ്സിഡി കഴിച്ചാൽ പിഎംയുവൈ ഗുണഭോക്താക്കൾ 14.2 കിലോഗ്രാം സിലിണ്ടറിന് 642 രൂപ നൽകണം.
പുതുക്കിയ സബ്സിഡി ക്വാട്ട പിഎംയുവൈ കുടുംബങ്ങൾക്കിടയിലെ ശരാശരി വാർഷിക ഉപഭോഗത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു സിലിണ്ടറിന് ഏകദേശം 1,600 രൂപയാണ് സർക്കാരിൻ്റെ വിതരണച്ചെലവായി കണക്കാക്കുന്നത്. ഇതിനെ അപേക്ഷിച്ച് ഗുണഭോക്താക്കൾക്ക് ഒരു സിലിണ്ടറിന് ഏകദേശം 1,000 രൂപയുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂൺ ഏഴിന് പാചകവാതക എൽപിജി വില സിലിണ്ടറിന് 29 രൂപ വർധിപ്പിച്ചിരുന്നു. ഈ വർധനവ് പ്രതിദിനം ഒരു രൂപ മാത്രമാണെന്നും അഞ്ചംഗ കുടുംബത്തിന് പ്രതിദിനം 20 പൈസ മാത്രമാണ് വർധനവ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് അന്താരാഷ്ട്ര എൽപിജി വിലയിൽ കുത്തനെ വർധനവുണ്ടായിട്ടും ആഗോളതലത്തിൽ പാചകവാതകത്തിന് ഏറ്റവും കുറഞ്ഞ വില നൽകുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ
ഫെബ്രുവരി അവസാനത്തോടെ പശ്ചിമേഷ്യയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് അന്താരാഷ്ട്ര വിലയിലുണ്ടായ കുതിച്ചുചാട്ടത്തിന് പിന്നാലെ ഗാർഹിക എൽപിജി സിലിണ്ടർ വിതരണം ചെയ്യുന്നതിനുള്ള ചെലവ് 1,600 രൂപയിലധികമായി ഉയർന്നുവെന്ന് ഖനൂജ പറഞ്ഞു. ഇന്ത്യയുടെ എൽപിജി ഇറക്കുമതി ചെലവ് ആഗോള മാനദണ്ഡമായ സൗദി കോൺട്രാക്ട് പ്രൈസുമായി (സിപി) ബന്ധപ്പെട്ടിരിക്കുന്നു. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തടസങ്ങൾ ഗൾഫ് മേഖലയിൽ നിന്നുള്ള വിതരണം കർശനമാക്കിയതിന് ശേഷം ഫെബ്രുവരി മുതൽ ഈ മാനദണ്ഡം ഏകദേശം 46 ശതമാനം വർധിച്ചു.
2022 മുതൽ സർക്കാർ 52,000 കോടി രൂപ സബ്സിഡിയായി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വില വർധിച്ചിട്ടും എണ്ണക്കമ്പനികൾക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് 700 രൂപയോളം നഷ്ടം സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൽപിജിക്ക് പുറമെ പെട്രോളും ഡീസലും വില കുറച്ച് വിൽക്കുന്നതിലൂടെയും എണ്ണക്കമ്പനികൾക്ക് നഷ്ടം സംഭവിക്കുന്നുണ്ട്. പെട്രോളിന് ലിറ്ററിന് ആറ് രൂപയും ഡീസലിന് ലിറ്ററിന് 30 രൂപയുമാണ് നഷ്ടം.
എണ്ണക്കമ്പനികൾക്ക് മൊത്തത്തിൽ 600-700 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നും വില വർധനവിനുള്ള കാരണങ്ങൾ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. എൽപിജിക്ക് പുറമെ കഴിഞ്ഞ മാസം നാല് തവണകളായി എണ്ണക്കമ്പനികൾ പെട്രോളിനും ഡീസലിനും ലിറ്ററിന് 7.50 രൂപ വീതം വർധിപ്പിച്ചിരുന്നു. സിഎൻജി നിരക്കും കിലോഗ്രാമിന് ആറ് രൂപ വർധിപ്പിച്ചിട്ടുണ്ട്.
കേന്ദ്രസര്ക്കാര് ഉജ്ജ്വല യോജന പദ്ധതി
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎൽ) കുടുംബങ്ങളിലെ സ്ത്രീകൾക്ക് സൗജന്യ പാചകവാതക കണക്ഷൻ നൽകുന്നതിനായി കേന്ദ്ര സർക്കാർ 2016 മെയ് മാസത്തിൽ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന .
- ലക്ഷ്യം: ഗ്രാമീണ, ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകൾക്ക് പുകയില്ലാത്ത ഇന്ധനം ഉറപ്പാക്കുക.
- ധനസഹായം: സിലിണ്ടർ, പ്രഷർ റെഗുലേറ്റർ, മറ്റു അനുബന്ധ ചെലവുകൾ എന്നിവയ്ക്കായി സാമ്പത്തിക സഹായം ലഭ്യമാക്കുക.
- പുതിയ പരിധി: 2016-ൽ പദ്ധതി ആരംഭിച്ചപ്പോൾ 12 സിലിണ്ടറുകൾക്ക് വരെ സബ്സിഡി ലഭിച്ചിരുന്നു. പിന്നീട് ഇത് 9 ആയും, നിലവിൽ 4 ആയും ചുരുക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR