Enter your Email Address to subscribe to our newsletters

Thiruvananthapuram , 09 ജൂണ് (H.S.)
കേരളത്തിന് ഒരു സെൻട്രൽ ജയിൽ കൂടി ആവശ്യമുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തടവ് പുള്ളികളുടെ എണ്ണത്തിന് അനുസൃതമായ ജയിൽ സൗകര്യങ്ങൾ സംസ്ഥാനത്തില്ലെന്നും സമഗ്രമായ ജയിൽ പരിഷ്കരണത്തിന് സർക്കാർ നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആധുനികവത്കരണവുമായി ബന്ധപ്പെട്ട് സമഗ്രപരിഷ്കരണം നടത്താനുള്ള ചർച്ചകൾ സർക്കാർ നടത്തുമെന്നും മന്ത്രി പറഞ്ഞു.
ജയിൽ ആസ്ഥാനത്ത് കേരളത്തിലെ മൂന്ന് ജയിൽ ഡിഐജിമാരും ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. തടവുപുള്ളികളെ നല്ല മാർഗത്തിലേക്ക് നയിക്കുന്ന തെറ്റുതിരുത്തൽ കേന്ദ്രങ്ങളായാണ് കേരളത്തിലെ ജയിലുകൾ പ്രവർത്തിക്കുന്നത്. തടവുപുള്ളികളുടെ എണ്ണം കൂടിയതിനാൽ ഒരു സെൻട്രൽ ജയിലിൻ്റെ കൂടി ആവശ്യം സംസ്ഥാനത്തുണ്ട്.
കേരളത്തിലെ ജയിലുകൾ തടവുകാരെക്കൊണ്ട് നിറഞ്ഞ് കവിയുകയാണെന്ന കാര്യം ആഭ്യന്തര വകുപ്പ് സർക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്. അംഗീകൃത പാർപ്പിട ശേഷിയേക്കാൾ ആയിരക്കണക്കിന് അധികം തടവുകാരാണ് നിലവിൽ സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്നത്. ഇത് ജയിൽ ജീവനക്കാർക്ക് കടുത്ത ജോലി ഭാരവും സുരക്ഷാ വെല്ലുവിളികളും ഉയർത്തുകയാണ്.
സംസ്ഥാനത്ത് ആകെയുള്ള 57 ജയിലുകളുടെ ആകെ അംഗീകൃത പാർപ്പിട ശേഷി 7367 ആണെന്നിരിക്കെ, നിലവിൽ 10375 തടവുകാരാണുള്ളത്. 3000ത്തിലധികം തടവുകാരാണ് ഇവിടെ കൂടുതൽ. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിൽ, കണ്ണൂർ സെൻട്രൽ ജയിൽ, വിയ്യൂർ സെൻട്രൽ ജയിൽ, തുറന്ന ജയിലുകൾ, വനിതാ ജയിലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രാദേശികമായ കണക്കുകൾ പരിശോധിച്ചാൽ സ്ഥിതി വളരെ രൂക്ഷമാണ്.
തെക്കൻ കേരളത്തിൽ അംഗീകൃത ശേഷി 1693 ആയിരിക്കുമ്പോൾ, 3250 തടവുകാരാണ് നിലവിലുള്ളത്. മധ്യ മേഖലയിൽ അംഗീകൃത ശേഷി 2346 ആയിരിക്കുമ്പോൾ 3249 തടവുകാരാണ് നിലവിൽ ജയിലുകളിൽ കഴിയുന്നത്. ഉത്തര മേഖലയിൽ അംഗീകൃത ശേഷി 2689 ആയിരിക്കെ 3358 തടവുകാർ ജയിലിൽ കഴിയുന്നു.
തടവുകാരുടെ എണ്ണം ക്രമാതീതമായി വർധിക്കുമ്പോൾ, ജയിൽ ജീവനക്കാരുടെ എണ്ണത്തിലും വലിയ കുറവാണ് നേരിടുന്നത്. ജയിലുകളിലെ ഗാർഡിങ് ചുമതലകൾക്ക് മാത്രമായി ഏകദേശം 5000 ജീവനക്കാർ വേണ്ട സ്ഥാനത്ത്, നിലവിൽ 1731 ജീവനക്കാർ മാത്രമാണ് ഈ ചുമതലയിലുള്ളത്. 10375 തടവുകാരുടെ സുരക്ഷ ഉറപ്പാക്കാൻ ഒരു ദിവസം കുറഞ്ഞത് 5187 അസിസ്റ്റൻ്റെ പ്രിസൺ ഓഫീസർമാരെയാണ് ആവശ്യമുള്ളത്.
എന്നാൽ സംസ്ഥാന ജയിൽ വകുപ്പിൽ ആകെ 1284 അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ തസ്തികകൾ മാത്രമാണുള്ളത്. ഇത് ജീവനക്കാർക്ക് അമിത ജോലി ഭാരവും മാനസിക സമ്മർദ്ദവും സൃഷ്ടിക്കുന്നു. ജീവനക്കാരുടെ എണ്ണത്തിലെ ഈ കുറവ് ജയിലുകളുടെ സുഗമമായ പ്രവർത്തനത്തെയും തടവുകാരുടെ സുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണ് കേരളത്തിൽ നിലവിലുള്ളത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR