ഷിഗെല്ല സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്.
Wayanad , 09 ജൂണ് (H.S.) ഷിഗെല്ല സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗലക്ഷണങ്ങളുമായി നൂറുകണക്കിന് പേർ ചികിത്സ തേടിയ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ വ്യാപിപ്പിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെങ്കിലും നിരീക്ഷണവും പരിശോധനയും കർശനമാക്
Shigella


Wayanad , 09 ജൂണ് (H.S.)

ഷിഗെല്ല സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗലക്ഷണങ്ങളുമായി നൂറുകണക്കിന് പേർ ചികിത്സ തേടിയ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ വ്യാപിപ്പിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെങ്കിലും നിരീക്ഷണവും പരിശോധനയും കർശനമാക്കിയതായി അധികൃതർ അറിയിച്ചു. വയനാട് ബത്തേരി നെന്മേനി പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയത്.

രോഗലക്ഷണങ്ങളുമായി ഇതുവരെ 443 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. നിലവിൽ 68 പേർ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ 26 പേർ ബത്തേരി താലൂക്ക് ആശുപത്രിയിലും 42 പേർ മറ്റ് ആശുപത്രികളിലുമാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 14 പേർക്കുകൂടി രോഗലക്ഷണങ്ങൾ കണ്ടെത്തിയതോടെ നിരീക്ഷണം വ്യാപിപ്പിച്ചു. നിലവിൽ 163 പേർ ആരോഗ്യവകുപ്പിൻ്റെ നിരീക്ഷണത്തിലാണ്.

പ്രതിരോധ നടപടികൾ ഊർജിതം

രോഗവ്യാപനം തടയുന്നതിനായി സ്കൂളുകൾ, ആശുപത്രികൾ, വീടുകൾ എന്നിവിടങ്ങളിൽ പാലിക്കേണ്ട പ്രത്യേക പ്രോട്ടോക്കോളുകൾ നിശ്ചയിച്ചിട്ടുണ്ടെന്ന് വയനാടിൻ്റെ ചുമതലയുള്ള കൃഷിവകുപ്പ് മന്ത്രി ടി സിദ്ദിഖ് അറിയിച്ചു. ചില കുട്ടികൾക്ക് വീണ്ടും രോഗലക്ഷണങ്ങൾ കണ്ടുവരുന്നുണ്ടെന്നും ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ച സാഹചര്യമാണിപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇത് മുൻനിർത്തി എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും മരുന്നുകൾ ഉറപ്പാക്കാനും, എല്ലാ സ്കൂളുകളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കാനും, ക്ലോറിനേഷൻ, ശുചിത്വ നടപടികൾ എന്നിവയ്ക്കും പ്രത്യേക നിർദേശം നൽകിയതായി മന്ത്രി ടി സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.

കുടിവെള്ള സ്രോതസുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനായി കിണറുകൾ ക്ലോറിനേറ്റ് ചെയ്യാനുള്ള പ്രത്യേക ഡ്രൈവും ആരംഭിച്ചിട്ടുണ്ട്. സമീപ പഞ്ചായത്തുകളിലേക്കും മുൻകരുതൽ നടപടികൾ വ്യാപിപ്പിച്ചു. കുട്ടികൾ പെരുമാറിയ എല്ലായിടങ്ങളും പരിശോധിക്കാനും ആരോഗ്യപരമായ സൗകര്യങ്ങൾ വർധിപ്പിക്കാനും നിർദേശം നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് ജില്ലയിലാകെ വ്യാപക പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് ശുചിത്വമില്ലാത്ത ഭക്ഷണശാലകൾക്കും തട്ടുകടകൾക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും ജില്ലാ അധികൃതർക്ക് നിർദേശം നൽകി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രത്യേക നിരീക്ഷണം

രോഗബാധിതരായ കുട്ടികളുടെ സഹോദരങ്ങൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ഉടൻ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനാണ് ആരോഗ്യവകുപ്പിൻ്റെ നിർദേശം. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തവരെയും തുടർനിരീക്ഷണത്തിൽ ഉൾപ്പെടുത്തും. അതേസമയം ഷിഗെല്ല ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്ത 35 ആദിവാസി വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രത്യേക മെഡിക്കൽ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് സുൽത്താൻ ബത്തേരിയിലെ കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ വിദ്യാർഥികൾക്ക് ഛർദി, വയറിളക്കം, പനി തുടങ്ങിയ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തത്. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ സമാന ലക്ഷണങ്ങളോടെ 337 വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. രോഗവ്യാപനത്തിന് കാരണമായ സാഹചര്യം കണ്ടെത്തുന്നതിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുന്നതിനും നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി കെ മുരളീധരൻ അറിയിച്ചിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News