Enter your Email Address to subscribe to our newsletters

Chennai , 09 ജൂണ് (H.S.)
തമിഴ്നാട്ടില് ജോസഫ് വിജയ് സര്ക്കാര് സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സേനയെ വിന്യസിക്കുന്നു. സംസ്ഥാന പോലീസിലെ വനിതാ ഉദ്യോഗസ്ഥരെ ഉള്പ്പെടുത്തിയാണ് പുതിയ വിങ്.
സിങ്കപ്പെണ് സ്പെഷ്യല് ടാസ്ക് ഫോഴ്സ് എന്നാണ് ഈ സംഘം അറിയപ്പെടുക. സ്ത്രീകള്ക്കും കുട്ടികള്ക്കും എന്തു പ്രശ്നങ്ങളുണ്ടെങ്കിലും ബന്ധപ്പെടാം. നിമിഷങ്ങള്ക്കകം പരിഹാരമുണ്ടാകും.
വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പിന്നാലെ സുപ്രധാനമായ നാല് ഉത്തരവുകളില് ഒപ്പുവച്ചിരുന്നു. അതിലൊന്നാണ് സിങ്കപെണ് സ്പെഷ്യല് ഫോഴ്സ്. മെയ് അവസാന വാരം ഇതിന്റെ പ്രഖ്യാപനം തീരുമാനിച്ചിരുന്നു എങ്കിലും നടന്നില്ല. തുടര്ന്നാണ് ജൂണ് ഒമ്പതിലേക്ക് മാറ്റിയത്. എഗ്മോറിലെ രാജരത്നം സ്റ്റേഡിയത്തില് വിജയ് ആണ് പ്രഖ്യാപനം.
ഐജി കെ ഭവനീശ്വരിയുടെ നേതൃത്വത്തിലാണ് പുതിയ വിങ് പ്രവര്ത്തിക്കുക. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കിയാല് സംസ്ഥാനം ഏറെകുറെ സമാധാനമാകുമെന്നാണ് വിജയ് സര്ക്കാരിന്റെ വിലയിരുത്തല്. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് വിജയ് ഇക്കാര്യത്തില് ഉറപ്പ് നല്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയായ ശേഷം ഒപ്പുവച്ച ആദ്യ ഉത്തരവുകളില് സിങ്കപ്പെണ് ഫോഴ്സ് ഉള്പ്പെട്ടതും വിജയ് ഇതിന് നല്കുന്ന പ്രധാന്യം വ്യക്തമാക്കുന്നു.
പോലീസിന്റെ വിവിധ വിഭാഗങ്ങളില് സേവനം അനുഷ്ടിക്കുന്ന വനിതാ ഓഫീസര്മാരെ സിങ്കപ്പെണ് ഫോഴ്സിലേക്ക് മാറ്റിയിട്ടുണ്ട്. എസ്പി, ഡിവൈഎസ്പി തുടങ്ങി വിവിധ റാങ്കുകളിലുള്ള ഉദ്യോഗസ്ഥര് ഫോഴ്സിലുണ്ടാകും. വനിതകള്ക്കെതിരായ അക്രമങ്ങള് റിപ്പോര്ട്ട് ചെയ്യുന്ന പ്രദേശങ്ങളില് ആദ്യഘട്ടത്തില് തന്നെ ഇവരുടെ സേവനം ലഭിക്കും. മൊബൈല് ആപ്പ്, ടോള് ഫ്രീ നമ്പര് എന്നിവ വഴി സിങ്കപ്പെണ്ണുമായി ബന്ധപ്പെടാന് സാധിക്കും.
മുഖ്യമന്ത്രി വിജയ് ഡല്ഹിയിലേക്ക്
ജൂണ് 11-ന് ഡല്ഹിയില് നടക്കുന്ന നിതി ആയോഗ് യോഗത്തില് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് പങ്കെടുക്കും. മന്ത്രി കെഎ സെങ്കോട്ടയ്യനാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങള് അദ്ദേഹം കേന്ദ്രത്തിന് മുന്നില് ഉന്നയിക്കും. യോഗത്തില് പ്രധാനപ്പെട്ട വിഷയങ്ങള് മുഖ്യമന്ത്രി ചര്ച്ച ചെയ്യും.
പൊതുജന സേവനങ്ങള് വേഗത്തില് ലഭ്യമാക്കാന് വിജയ് എല്ലാ വകുപ്പുകള്ക്കും നിര്ദേശം നല്കിയിട്ടുണ്ട്. ജാതി സര്ട്ടിഫിക്കറ്റുകളും പട്ടയങ്ങളും വേഗത്തില് അനുവദിക്കും. വിവിധ വകുപ്പുകളില് മുഖ്യമന്ത്രിയുടെ നിര്ദ്ദേശപ്രകാരം പരിശോധനകള് നടക്കുന്നുണ്ട്. ഭരണകാര്യക്ഷത മെച്ചപ്പെടുത്താനാണ് സര്ക്കാര് ഈ ശ്രമം നടത്തുന്നത്. ദുരന്ത നിവാരണ പ്രവര്ത്തനങ്ങള്ക്കായി കേന്ദ്രം 1,000 കോടി രൂപ അനുവദിച്ചു. എല്ലാ വകുപ്പുകള്ക്കുമായി മുഖ്യമന്ത്രി അഞ്ചുവര്ഷത്തെ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും സെങ്കോട്ടയ്യന് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR