കോഴിക്കോട് ദേശീയപാതയിൽ ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും നിയന്ത്രണം വരുന്നു; ഒരാഴ്ചയ്ക്കകം നടപ്പാക്കാൻ പോലീസ് യോഗത്തിൽ ധാരണ
Kozhode, 09 ജൂണ് (H.S.) കോഴിക്കോട്: ജില്ലയിലെ ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി നിർമാണം പൂർത്തിയായ ദേശീയപാതയിൽ ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ സിറ്റി പോലീസ് ഒരുങ്ങുന്നു. നിലവിലുള്ള ചില സർവീസ് റോഡുകളുടെ നിർമാണം കൂടി പൂർ
കോഴിക്കോട് ദേശീയപാതയിൽ ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും നിയന്ത്രണം വരുന്നു


Kozhode, 09 ജൂണ് (H.S.)

കോഴിക്കോട്: ജില്ലയിലെ ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി നിർമാണം പൂർത്തിയായ ദേശീയപാതയിൽ ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ സിറ്റി പോലീസ് ഒരുങ്ങുന്നു. നിലവിലുള്ള ചില സർവീസ് റോഡുകളുടെ നിർമാണം കൂടി പൂർത്തിയാക്കിയ ശേഷമായിരിക്കും ഒരാഴ്ചയ്ക്കകം ഈ നിയന്ത്രണം പൂർണ്ണതോതിൽ നടപ്പാക്കുക. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ മെറിൻ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന സിറ്റി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച നിർണായക ധാരണയായത്.

വേഗതയേറിയ വാഹനങ്ങൾ സഞ്ചരിക്കുന്ന ദേശീയപാതയിൽ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും ഉണ്ടാക്കുന്ന അപകടസാധ്യതകൾ കുറയ്ക്കാനും ഗതാഗതം കൂടുതൽ സുഗമമാക്കാനുമാണ് പുതിയ നടപടി. യോഗത്തിൽ സിറ്റിയിലെ വിവിധ എസിപിമാരും ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

ബോധവൽക്കരണത്തിന് ശേഷം മാത്രം കടുത്ത നടപടികൾ

ദേശീയപാതയിൽ ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും നിലവിൽ നിയന്ത്രണമേർപ്പെടുത്തിത്തുടങ്ങിയിട്ടില്ലെന്നും പെട്ടെന്നൊരു ദിവസം പിഴ ഈടാക്കില്ലെന്നും ട്രാഫിക് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാർക്കും ഡ്രൈവർമാർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ കൃത്യമായ ബോധവൽക്കരണം നൽകിയ ശേഷമേ പുതിയ നിയമം കർശനമായി നടപ്പിലാക്കൂ.

ദേശീയപാതയിലൂടെയുള്ള ദീർഘദൂര യാത്ര സുരക്ഷിതമാക്കാൻ ബൈക്കുകളും ഓട്ടോറിക്ഷകളും സർവീസ് റോഡുകളിലേക്ക് പരമാവധി വഴിതിരിച്ചുവിടാനാണ് പ്ലാൻ. ഇതിനായി പ്രധാന ജംഗ്ഷനുകളിലും പാതയോരങ്ങളിലും ട്രാഫിക് പോലീസിന്റെ പ്രത്യേക ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കും. സർവീസ് റോഡുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്. ഇവ പൂർത്തിയാകുന്നതോടെ ചെറിയ വാഹനങ്ങൾക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാൻ സാധിക്കും.

എന്തുകൊണ്ട് പുതിയ നിയന്ത്രണം?

ദേശീയപാത ആറുവരിപ്പാതയായി വികസിച്ചതോടെ വാഹനങ്ങളുടെ വേഗത വർദ്ധിച്ചിട്ടുണ്ട്. ഇതുമൂലം വലിയ വാഹനങ്ങൾക്കിടയിലൂടെ പോകുന്ന ബൈക്കുകളും ഓട്ടോറിക്ഷകളും വലിയ രീതിയിലുള്ള അപകടങ്ങളിൽ പെടുന്നത് പതിവായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ദീർഘദൂര സർവീസുകൾ സുഗമമാക്കുന്നതിനും ജീവഹാനി ഒഴിവാക്കുന്നതിനുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ കൂടി മുൻനിർത്തി സിറ്റി പോലീസ് നിയന്ത്രണത്തിലേക്ക് നീങ്ങുന്നത്.

ട്രാഫിക് അധികൃതർ വ്യക്തമാക്കുന്നത്: സർവീസ് റോഡുകൾ പൂർണ്ണ സജ്ജമാകുന്നതോടെ ചെറിയ വാഹനങ്ങൾ അവയിലൂടെ മാത്രമേ സഞ്ചരിക്കാവൂ. ഇത് സംബന്ധിച്ച് ഡ്രൈവർമാരുടെ സംഘടനകളുമായും പൊതുജനങ്ങളുമായും ആശയവിനിമയം നടത്തും.

തുടക്കത്തിൽ പരിശോധനയും നിർദ്ദേശങ്ങളും

നിയന്ത്രണം പ്രാബല്യത്തിൽ വരുന്ന ആദ്യത്തെ ഏതാനും ദിവസങ്ങളിൽ നിയമലംഘനം നടത്തുന്നവരിൽ നിന്ന് പിഴ ഈടാക്കില്ല. പകരം സർവീസ് റോഡുകളിലേക്ക് തിരിഞ്ഞുപോകാൻ പോലീസ് ഉദ്യോഗസ്ഥർ നേരിട്ട് നിർദ്ദേശം നൽകും. ബോധവൽക്കരണ കാലാവധി കഴിഞ്ഞ ശേഷവും ദേശീയപാതയിലൂടെ സർവീസ് നടത്തുന്ന ഓട്ടോകൾക്കും ബൈക്കുകൾക്കുമെതിരെ മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർശന നിയമനടപടികൾ സ്വീകരിക്കാനാണ് തീരുമാനം. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച കൃത്യമായ റൂട്ട് മാപ്പും ഗതാഗത ക്രമീകരണങ്ങളും സിറ്റി പോലീസ് ഔദ്യോഗികമായി പുറത്തുവിടും.

---------------

Hindusthan Samachar / Roshith K


Latest News