Enter your Email Address to subscribe to our newsletters

thruvananthapuram , 09 ജൂണ് (H.S.)
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനകളെ പരസ്യമായി തള്ളി സിപിഐഎം. വെള്ളാപ്പള്ളിയുടെ ഒരു വർഗീയ നിലപാടിനോടും പാർട്ടിക്കും ഇടതുപക്ഷത്തിനും യോജിപ്പില്ലെന്നും അദ്ദേഹത്തിന്റെ വിവാദ പരാമർശങ്ങൾ പൂർണ്ണമായി തള്ളിക്കളയുന്നതായും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾക്കെതിരെ ശക്തമായ നിലപാടാണ് പാർട്ടി എക്കാലത്തും സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് നടന്ന സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളാപ്പള്ളി നടേശന്റെ ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങളെ സിപിഐഎം നേതാക്കൾ വേണ്ടത്ര രീതിയിൽ പ്രതിരോധിച്ചില്ലെന്ന രീതിയിലുള്ള പ്രചാരണങ്ങൾക്കാണ് പൊതുസമൂഹത്തിൽ മുൻതൂക്കം ലഭിച്ചതെന്നും എം.വി. ഗോവിന്ദൻ സ്വയംവിമർശനാത്മകമായി ചൂണ്ടിക്കാട്ടി.
പ്രതിരോധിക്കുന്നതിൽ വീഴ്ച പറ്റി എന്ന പൊതുബോധം ഉണ്ടായി
സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഉയർന്നുവന്ന പ്രധാന ചർച്ചകളെക്കുറിച്ച് വിശദീകരിക്കവേയാണ് എം.വി. ഗോവിന്ദൻ വെള്ളാപ്പള്ളിക്കെതിരെയുള്ള പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയത്. വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ പരാമർശങ്ങളെ പാർട്ടി നേതാക്കളെല്ലാം തങ്ങളുടെ വേദികളിൽ എതിർത്തിട്ടുണ്ടെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞു. എന്നാൽ, വെള്ളാപ്പള്ളിക്കെതിരായ ഇടതുപക്ഷത്തിന്റെ നിലപാടിന് വേണ്ടത്ര ഊക്ക് പോരാ എന്ന തരത്തിലുള്ള വിമർശനങ്ങളാണ് പാർട്ടി ചർച്ചകളിൽ ഉയർന്നുവന്നത്.
വെള്ളാപ്പള്ളിയുടെ മുസ്ലിം വിരുദ്ധ പ്രസ്താവനയെ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തമായി പ്രതിരോധിച്ചില്ല എന്നൊരു പൊതുബോധം ജനങ്ങൾക്കിടയിൽ സൃഷ്ടിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നു. ഇത്തരം പ്രചാരണങ്ങൾ ന്യൂനപക്ഷ വിഭാഗങ്ങളെ ഇടതുപക്ഷ ചേരിയിൽ നിന്ന് അകറ്റാൻ ഒരു പരിധി വരെ കാരണമായിട്ടുണ്ട്.
-
എം.വി. ഗോവിന്ദൻ (സിപിഐഎം സംസ്ഥാന സെക്രട്ടറി)
വെള്ളാപ്പള്ളിയുടെ വർഗീയ പ്രസ്താവനകളെ ശക്തമായ ഭാഷയിൽ തുറന്നുകാട്ടുന്നതിൽ പാർട്ടിക്ക് ചില പോരായ്മകൾ സംഭവിച്ചിട്ടുണ്ടെന്നും, അത്തരം കാര്യങ്ങൾ വരും ദിവസങ്ങളിൽ തിരുത്തി മുന്നോട്ട് പോകുമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.
സർക്കാർ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞില്ല
വർഗീയ ധ്രുവീകരണ ശ്രമങ്ങളെ പ്രതിരോധിക്കുന്നതിനൊപ്പം സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും സംസ്ഥാന സെക്രട്ടറി സമ്മതിച്ചു. കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികളും ഒരു വിഭാഗം മാധ്യമങ്ങളും ചേർന്ന് വലിയ രീതിയിലുള്ള അപവാദ പ്രചാരണങ്ങളാണ് സംസ്ഥാന സർക്കാരിനെതിരെ അഴിച്ചുവിട്ടത്. ഇതിനെ കൃത്യമായ രീതിയിൽ സംഘടന സംവിധാനം ഉപയോഗിച്ച് പ്രതിരോധിക്കാൻ ശേഷിയുള്ള സ്ഥലങ്ങളിൽ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ മറ്റ് ചിലയിടങ്ങളിൽ ഇതിന് സാധിക്കാതെ പോയത് ദോഷം ചെയ്തുവെന്നും എം.വി. ഗോവിന്ദൻ വിലയിരുത്തി.
ജാതി-മത ശക്തികളുടെ ഒരു തരത്തിലുള്ള വർഗീയ അജണ്ടകൾക്കും പാർട്ടി വഴങ്ങില്ലെന്നും, എല്ലാത്തരം വർഗീയതയോടും വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും സിപിഐഎം സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളാപ്പള്ളിയുടെ മുൻകാലങ്ങളിലെ പല നിലപാടുകളോടും ജനാധിപത്യപരമായ രീതിയിൽ യോജിച്ചിട്ടുണ്ടെങ്കിലും, ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള ഇത്തരം വർഗീയ പരാമർശങ്ങളോട് യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാട് പാർട്ടി തുടർന്നും സ്വീകരിക്കുമെന്ന ശക്തമായ മുന്നറിയിപ്പാണ് എം.വി. ഗോവിന്ദന്റെ വാർത്താസമ്മേളനത്തിലൂടെ പുറത്തുവരുന്നത്.
---------------
Hindusthan Samachar / Roshith K