Enter your Email Address to subscribe to our newsletters

Kerala, 09 ജൂണ് (H.S.)
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ പരസ്യമായ സ്വയംവിമർശനവുമായി സി.പി.എം രംഗത്ത്. കനത്ത തിരിച്ചടി മുൻകൂട്ടിയറിയാൻ പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് സാധിച്ചില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ തുറന്നുസമ്മതിച്ചു. തിരഞ്ഞെടുപ്പിൽ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിൽ നിന്നല്ല, മറിച്ച് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ പാർട്ടിക്ക് നഷ്ടമായതായാണ് വിലയിരുത്തൽ. പ്രാദേശിക ഘടകങ്ങളിൽ നിന്ന് ലഭിച്ച വിലയിരുത്തൽ റിപ്പോർട്ടുകൾ സംസ്ഥാന സമിതി അംഗീകരിച്ചു. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ വീഴ്ച സംഭവിച്ചതായി കണ്ണൂർ ജില്ലാ കമ്മിറ്റി വിലയിരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
വാട്സ്ആപ്പിലൂടെയും ഇ-മെയിലിലൂടെയും ജനങ്ങളുടെ അഭിപ്രായം തേടും
തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ അഭിപ്രായം കൂടി മാനിച്ചുകൊണ്ടുള്ള വിപുലമായ തിരുത്തൽ നടപടികൾക്കാണ് സി.പി.എം തുടക്കമിടുന്നത്. ഇതിനായി എല്ലാ വിഭാഗം ജനങ്ങളുടെയും നിർദ്ദേശങ്ങളും വിമർശനങ്ങളും പാർട്ടി നേരിട്ട് സ്വീകരിക്കും. ജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ വാട്സ്ആപ്പ് (WhatsApp), ഇ-മെയിൽ എന്നിവ വഴി പാർട്ടിയെ അറിയിക്കാവുന്നതാണ്. പാർട്ടിയുടെ അടിസ്ഥാന സ്വഭാവത്തിൽ വന്നിട്ടുള്ള വ്യതിയാനങ്ങൾ തിരുത്തുകയാണ് ഈ ജനകീയ അഭിപ്രായരൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
ബി.ജെ.പി - യു.ഡി.എഫ് ഡീൽ ആരോപണം ആവർത്തിച്ച് സി.പി.എം
തിരഞ്ഞെടുപ്പിൽ യു.ഡി.എഫും ബി.ജെ.പിയും തമ്മിൽ വോട്ട് കച്ചവടം നടന്നുവെന്ന രാഷ്ട്രീയ ആരോപണം എം.വി. ഗോവിന്ദൻ വീണ്ടും ആവർത്തിച്ചു. ഏതാണ്ട് മുപ്പതോളം നിയമസഭാ മണ്ഡലങ്ങളിൽ ബി.ജെ.പി തങ്ങളുടെ വോട്ടുകൾ യു.ഡി.എഫിന് മറിച്ചുനൽകി. ചില മണ്ഡലങ്ങളിൽ കോൺഗ്രസ് ബി.ജെ.പിയെ തിരിച്ചും സഹായിച്ചിട്ടുണ്ട്. സംഘ്പരിവാർ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്തതും സർവകലാശാലകളെ കാവിവൽക്കരണത്തിലേക്ക് നയിക്കുന്നതുമായ നീക്കങ്ങൾ ഈ ഒത്തുകളിയുടെ വ്യക്തമായ തെളിവുകളാണെന്നും അദ്ദേഹം ആരോപിച്ചു.
എം.വി. ഗോവിന്ദൻ പറഞ്ഞത്: ഏതെങ്കിലും ഒരു വിഭാഗമല്ല, എല്ലാ വിഭാഗം ജനങ്ങളും പാർട്ടിയെ കൈവിട്ടു. ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിലും വീഴ്ച പറ്റിയിട്ടുണ്ട്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് തെറ്റുകൾ തിരുത്തും.
വെള്ളാപ്പള്ളിയുടെ പ്രസ്താവനയും അയ്യപ്പസംഗമവും: വീഴ്ചകൾ സമ്മതിച്ച് പാർട്ടി
ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി) ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ മുസ്ലിംവിരുദ്ധ പ്രസ്താവനകളെ സി.പി.എം നേരത്തെ തള്ളിക്കളഞ്ഞിരുന്നതാണെങ്കിലും, അതിനെ ശക്തമായി പ്രതിരോധിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്ന പൊതുബോധം സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്ന് സംസ്ഥാന സമിതി വിലയിരുത്തി. ജനങ്ങൾക്കിടയിലുണ്ടായ ഇത്തരം സംശയങ്ങൾ സമയബന്ധിതമായി നീക്കുന്നതിൽ പാർട്ടിക്ക് വീഴ്ചയുണ്ടായി.
കൂടാതെ, 'ആഗോള അയ്യപ്പസംഗമം' സർക്കാർ നേരിട്ട് സംഘടിപ്പിച്ചതാണെന്ന രീതിയിലുള്ള പ്രചാരണങ്ങൾ ജനങ്ങൾക്കിടയിൽ ശക്തമായിരുന്നു. ഈ സംഗമത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിക്കാൻ ഇടയായത് വലിയ തെറ്റായിപ്പോയെന്നും സി.പി.എം സംസ്ഥാന സമിതി സ്വയംവിമർശനപരമായി വിലയിരുത്തി. കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പാർട്ടി സംവിധാനങ്ങളെയാകെ അഴിച്ചുപണിയാനാണ് വരും ദിവസങ്ങളിൽ സി.പി.എം നേതൃത്വം ഒരുങ്ങുന്നത്.
---------------
Hindusthan Samachar / Roshith K