Enter your Email Address to subscribe to our newsletters

Wayanad , 09 ജൂണ് (H.S.)
ചീരാലിൽ വീണ്ടും കടുവയുടെ ആക്രമണം. പുളിഞ്ചാലിൽ വളർത്തുപശുവിനെ കടുവ ആക്രമിച്ചതോടെ നാട്ടുകാർ ആശങ്കയിൽ. ചീരാൽ പുളിഞ്ചാൽ ചെറുമലയിൽ അബ്ദുൽ അസീസിൻ്റെ പശുവിനെയാണ് കടുവ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. കടുവയെ പിടികൂടാനായി കൂട് സ്ഥാപിക്കാനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചു.
ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. തൊഴുത്തിൽ കെട്ടിരുന്ന പശുവിൻ്റെ അസ്വാഭാവിക കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തിയതോടെ കടുവ ഇരയെ ഉപേക്ഷിച്ച് വനത്തിലേക്ക് മടങ്ങി. ആക്രമണത്തിൽ പശുവിൻ്റെ കഴുത്തിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണം കടുവയുടേതാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി.
കഴിഞ്ഞ ദിവസങ്ങളായി ചീരാൽ മേഖലയിൽ കടുവ സാന്നിധ്യം വർധിച്ചതായാണ് നാട്ടുകാർ പറയുന്നത്. ഈ മാസം പതിമൂന്നാം തീയതി മുത്താച്ചിക്കുടിയിൽ വയലിൽ കെട്ടിയിരുന്ന പോത്തിനെ കടുവ കൊന്നിരുന്നു. തവരിയിലും കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു. മുത്താച്ചിക്കുടിയിൽ കടുവയെ പിടികൂടാനായി സ്ഥാപിച്ചിരുന്ന കൂട് ഇപ്പോൾ പുളിഞ്ചാൽ ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കാനാണ് വനംവകുപ്പിൻ്റെ തീരുമാനം. പ്രദേശത്ത് പ്രത്യേക നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
തുടർച്ചയായ വന്യമൃഗ ആക്രമണങ്ങൾ ക്ഷീരകർഷകരെയും പ്രദേശവാസികളെയും വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. രാത്രിയിൽ കന്നുകാലികളെ സംരക്ഷിക്കുന്നതിനായി അധിക സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കേണ്ട സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് ഒന്നിലധികം കടുവകൾ സഞ്ചരിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
വളർത്തുമൃഗങ്ങൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ ചീരാൽ മേഖലയിലെ ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുകയാണ്. കടുവയെ വേഗത്തിൽ പിടികൂടി ഭീതി അകറ്റണമെന്നതാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. കടുവയെ ഉടൻ പിടികൂടി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.
ഹൈറേഞ്ചിനെ ഭീതിയിലാഴ്ത്തി വന്യജീവി ആക്രമണം തുടരുന്നു. മൂന്നാറിലെ ജനവാസ മേഖലയായ കടലാർ വെസ്റ്റ് ഡിവിഷനിൽ വളർത്തുപശുവിനെ കടുവ ആക്രമിച്ചു കൊന്ന സംഭവം രണ്ടാഴ്ച മുമ്പായിരുന്നു. കടലാർ വെസ്റ്റ് സ്വദേശി പഴനിസ്വാമിയുടെ പശുവിനെയാണ് കടുവ പിടികൂടിയത്. തോട്ടം തൊഴിലാളികളുടെ ഏക വരുമാനമാർഗമായ കന്നുകാലികളെ ലക്ഷ്യമിട്ട് കടുവയും പുലിയും ജനവാസ മേഖലകളിൽ പതിവായി ഇറങ്ങുന്നത് തോട്ടം മേഖലയെ കടുത്ത ആശങ്കയിലാഴ്ത്തുകയാണ്.
മൂന്നാറിലെ കടലാർ, നയമക്കാട്, പാമ്പൻമല തുടങ്ങിയ പ്രദേശങ്ങളിലും കടുവയുടെ ആക്രമണം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 12 ലധികം കന്നുകാലികളെയാണ് കടുവ കൊന്നൊടുക്കിയത്. തൊഴിലാളികളുടെ നിത്യ ജീവിതത്തെ രൂക്ഷമായിതന്നെ ബാധിക്കുന്ന പ്രശ്നമായി വന്യജീവി ആക്രമണം മാറിയിരിക്കുകയാണ്. ഇവയ്ക്ക് ശാശ്വത പരിഹാരം കാണണമെന്നാണ് തോട്ടംതൊഴിലാളികളുടെയും കർഷകരുടെയും നാട്ടുകാരുടെയും ആക്രമണം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR