Enter your Email Address to subscribe to our newsletters

Wayanad, 09 ജൂണ്‍ (H.S.)
വയനാട് ഷിഗെല്ല സ്ഥിതീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണവിധേയമാണെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത ഉന്നത തല യോഗത്തിനുശേഷം ബത്തേരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെ 443 പേർ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. ഇവരിൽ 68 പേർ ആശുപത്രികളിൽ അഡ്മിറ്റായിട്ടുണ്ട്. 26 പേർ താലൂക്ക് ആശുപത്രിയിലും 42 പേർ മറ്റ് ആശുപത്രികളിലുമാണ് ചികിത്സയിൽ കഴിയുന്നത്. 14 പേർക്ക് പുതുതായി രോഗലക്ഷണങ്ങൾ കണ്ടെത്തിയതായും 163 പേർ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.
രോഗവ്യാപനം തടയുന്നതിനായി ആശുപത്രികൾ, സ്കൂളുകൾ, വീടുകൾ എന്നിവിടങ്ങളിൽ പാലിക്കേണ്ട പ്രത്യേക പ്രോട്ടോക്കോളുകൾ തീരുമാനിച്ചിട്ടുണ്ട്. നെന്മേനി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഇന്ന് അവലോകന യോഗങ്ങൾ നടക്കും. കിണറുകൾ ക്ലോറിനേറ്റ് ചെയ്യുന്നതിനായി പ്രത്യേക ഡ്രൈവും ആരംഭിച്ചിട്ടുണ്ട്. സമീപ പഞ്ചായത്തുകളിലും മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
രോഗബാധിതരുടെ സഹോദരങ്ങൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ആർക്കെങ്കിലും രോഗലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത കുട്ടികളെയും ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ട്.
അതേസമയം, ഷിഗല്ല ലക്ഷണങ്ങൾ പ്രകടിപ്പിച്ച 35 ആദിവാസി വിദ്യാർഥികളുടെ ആരോഗ്യനിലയിൽ പ്രത്യേക നിരീക്ഷണം തുടരുകയാണെന്നും മന്ത്രി അറിയിച്ചു.
---------------
Hindusthan Samachar / Sreejith S