Enter your Email Address to subscribe to our newsletters

Kottayam, 13 നവംബര്‍ (H.S.)
ഏറെ നാളായി നിലനിന്ന തര്‍ക്കം പറഞ്ഞ് അവസാനിപ്പിച്ച് മുഖ്യമന്ത്രി വി.ഡി.സതീശനും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും. സതീശനുമായുള്ള എല്ലാ അഭിപ്രായ ഭിന്നതകളും പരസ്പരം പറഞ്ഞ് അവസാനിപ്പിച്ചെന്ന് ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
പെരുന്നയില്‍ നടക്കുന്ന മന്നംജയന്തി ആഘോഷത്തിന് മുഖ്യമന്ത്രി പങ്കെടുക്കും. അഞ്ച് വര്‍ഷത്തിന് ശേഷമാണ് മുഖ്യമന്ത്രി പെരുന്നയില്‍ എത്തുന്നത്.
'മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് ക്ഷണിച്ചു, കത്തയക്കുകയും ചെയ്തു. വരാമെന്ന് മറുപടി നല്‍കുകയും ചെയ്തു' സുകുമാരന്‍ നായര്‍ പറഞ്ഞു. 'നടത്തിയ പരാമര്‍ശങ്ങള്‍ അതത് സാഹചര്യത്തില്‍ പറഞ്ഞതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞാനത് മറക്കുകയും ചെയ്തു' സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. അഞ്ച് വര്‍ഷത്തിന് ശേഷമാണ് വി.ഡി.സതീശന്‍ പെരുന്നയിലെത്തുന്നത്. ജനുവരി ഒന്ന്, രണ്ട് തീയതികളിലായിട്ടാണ് എന്‍എസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷങ്ങള്‍ നടക്കുന്നത്.
2021-ല്‍ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വി.ഡി.സതീശന്‍ നടത്തിയ പ്രസ്താവനയാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുമായുള്ള പരസ്യ തര്‍ക്കങ്ങളുടെ തുടക്കം. രാഷ്ട്രീയ നേതാക്കള്‍ സാമുദായിക നേതാക്കളുടെ 'തിണ്ണ നിരങ്ങാന്‍' പോകരുതെന്നും, സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ രാഷ്ട്രീയക്കാര്‍ കിടക്കരുതെന്നുമുള്ള സതീശന്റെ പ്രസ്താവന സുകുമാരന്‍ നായരെ ചൊടിപ്പിച്ചു. മറ്റ് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി സതീശന്‍ പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിക്കാന്‍ തയ്യാറാകാതിരുന്നതും അകല്‍ച്ച വര്‍ധിപ്പിച്ചു.
2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഇരുവരും തമ്മിലുള്ള പോര് വീണ്ടും പരസ്യമായി. സമുദായ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്ന സതീശന്റെ നിലപാടിനെതിരെ സുകുമാരന്‍ നായര്‍ രംഗത്തെത്തി. ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിടുമെന്നും സുകുമാരന്‍ നായര്‍ മുന്നറിയിപ്പ് നല്‍കി. യു.ഡി.എഫ് വിജയിച്ചതിന് പിന്നാലെ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ സുകുമാരന്‍ നായര്‍ പരസ്യമായി രംഗത്തുവന്നു.
മുഖ്യമന്ത്രി വി.ഡി. സതീശനെ കാണാന്‍ രണ്ടുതവണ സമയം ചോദിച്ചിട്ടും അനുവദിച്ചില്ലെന്ന് ജി. സുകുമാരന്‍ നായര്‍ ഇക്കഴിഞ്ഞ ജൂണില്‍ ആരോപിച്ചിരുന്നു. സതീശനെ അഹങ്കാരിയെന്നും വിശേഷിപ്പിച്ചു. കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്നും ബജറ്റ് തിരക്കുകള്‍ക്കിടയില്‍ ഫോണ്‍ എടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ പിന്നീട് തിരിച്ചുവിളിച്ച് സൗഹാര്‍ദപരമായി സംസാരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പിന്നീട് വിശദീകരിച്ചിരുന്നു.
---------------
Hindusthan Samachar / Sreejith S