Enter your Email Address to subscribe to our newsletters

Newdelhi , 23 നവംബര് (H.S.)
ന്യൂഡൽഹി: എട്ട് വർഷം പഴക്കമുള്ള ക്രിമിനൽ മാനനഷ്ടക്കേസിൽ പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി സാകേത് കോടതി. 'ബിജെപി ഐടി സെൽ പാർട്ട് 2' (BJP IT Cell Part 2) എന്ന പേരിൽ പുറത്തിറക്കിയ വീഡിയോയുമായി ബന്ധപ്പെട്ട് വികാസ് സംസ്കൃത്യായൻ എന്ന വികാസ് പാണ്ഡെ നൽകിയ പരാതിയിലാണ് കോടതിയുടെ നിർണായക നടപടി. കേസിൽ തുടർച്ചയായി സമൻസ് അയച്ചിട്ടും കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാൻ കോടതി തീരുമാനിച്ചത്. കേസ് അടുത്ത വാദത്തിനായി ഡിസംബർ മൂന്നിലേക്ക് മാറ്റി.
വികാസ് സംസ്കൃത്യായനെതിരെ അടിസ്ഥാനരഹിതവും അപകീർത്തികരവുമായ ആരോപണങ്ങൾ വീഡിയോയിലൂടെ ധ്രുവ് റാഠി ഉന്നയിച്ചു എന്നാണ് പരാതി. 2018-ലാണ് ഈ സംഭവത്തിന് ആസ്പദമായ വീഡിയോ പുറത്തുവന്നത്. നിലവിൽ ജർമ്മനിയിലും ഓസ്ട്രിയയിലുമായി താമസിക്കുന്ന ധ്രുവ് റാഠിക്ക് 2019 മുതൽ സമൻസ് കൈമാറുന്നതിൽ വലിയ തടസ്സങ്ങളാണ് നേരിട്ടിരുന്നത്. നേരത്തെ ഒക്ടോബറിൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് രാഹുൽ ജെയിൻ ധ്രുവ് റാഠിക്കെതിരെ ജാമ്യം ലഭിക്കാവുന്ന വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, നോട്ടീസ് കൈമാറാനായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ അദ്ദേഹത്തിന്റെ വസതി പൂട്ടിക്കിടക്കുകയായിരുന്നുവെന്ന് കോടതിയെ അറിയിച്ചിരുന്നു. ധ്രുവ് റാഠിയുടെ തുടർച്ചയായ അസാന്നിധ്യം കാരണം വിചാരണ അനന്തമായി നീണ്ടുപോകുകയാണെന്ന് പരാതിക്കാരൻ കോടതിയിൽ വാദിച്ചു.
ഈ വീഡിയോ റീട്വീറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെയും സമാനമായ രീതിയിൽ മാനനഷ്ടക്കേസ് നിലനിന്നിരുന്നു. അപകീർത്തികരമായ ഉള്ളടക്കം റീട്വീറ്റ് ചെയ്യുന്നത് ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 499 പ്രകാരം കുറ്റകരമാണെന്ന് ഡൽഹി ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. തുടർന്ന് സുപ്രീം കോടതിയെ സമീപിച്ച കെജ്രിവാൾ, ആ വീഡിയോ റീട്വീറ്റ് ചെയ്തത് തനിക്ക് പറ്റിയ ഒരു തെറ്റാണെന്ന് 2024 ഫെബ്രുവരിയിൽ പരമോന്നത കോടതിയെ അറിയിച്ചു. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് കെജ്രിവാളിനെതിരായ വിചാരണ നടപടികൾ പിന്നീട് സ്റ്റേ ചെയ്യുകയായിരുന്നു.
അതേസമയം, കേസിൽ ധ്രുവ് റാഠിയുടെ സാന്നിധ്യം ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ഡിസംബർ മൂന്നിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ കോടതിയുടെ തുടർനടപടികൾ എന്തായിരിക്കുമെന്നാണ് നിയമലോകം ഉറ്റുനോക്കുന്നത്.
---------------
Hindusthan Samachar / Roshith K