Enter your Email Address to subscribe to our newsletters

New delhi, 26 നവംബര്‍ (H.S.)
ന്യൂഡല്‍ഹി: മഹാരാഷ്ട്ര പോലീസിന്റെ ആവശ്യപ്രകാരമാണ് സി.ജെ.പി. നേതാവ് സൗരവ് ദാസിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. സൗരവ് ദാസിന്റെ പാസ്പോര്‍ട്ടിലെ ചില പൊരുത്തക്കേടുകള്‍ അദ്ദേഹത്തിന്റെ ഇന്ത്യന്‍ പൗരത്വത്തെത്തന്നെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
യു.കെ. യാത്ര തടഞ്ഞ എമിഗ്രേഷന്‍ വിഭാഗത്തിന്റെ നടപടിക്കെതിരെ സൗരവ് ദാസ് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നവംബര്‍ 23-ന് ആണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഇതിന്റെ ഭാഗമായി ദാസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ കോടതിയെ അറിയിച്ചു.
അതേസമയം, ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച വിവരം അറിയിച്ചിട്ടില്ലെന്ന് സൗരവ് ദാസിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. സര്‍ക്കുലറിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ദാസിന്റെ അഭിഭാഷകര്‍ക്ക് സ്വതന്ത്രമായി ഈ വിവരങ്ങള്‍ ശേഖരിക്കാമെന്നും അതിനുശേഷം സര്‍ക്കുലറിനെതിരെ നിയമനടപടി സ്വീകരിക്കാമെന്നും കേന്ദ്രത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. യാത്ര തടഞ്ഞതിനെതിരെ സൗരവ് ദാസ് നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി വിദേശകാര്യ മന്ത്രാലയത്തിനും റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ക്കും നോട്ടീസ് അയച്ചു. ഡിസംബര്‍ 9ന് കേസ് കോടതി വീണ്ടും പരിഗണിക്കും.
---------------
Hindusthan Samachar / Sreejith S