Enter your Email Address to subscribe to our newsletters

Trivandrum , 19 ഫെബ്രുവരി (H.S.)
തിരുവനന്തപുരം: കേരള സ്റ്റോറി 2 വിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളാ സ്റ്റോറി 2 വും അതിന്റെ ആദ്യ ഭാഗവും പ്രൊപോഗാണ്ട സിനിമകൾ ആണെന്നും സമൂഹത്തിൽ ഭിന്നത വളർത്തുകയാണ് അതിന്റെ ലക്ഷ്യമെന്നും പിണറായി പറഞ്ഞു. എന്നാൽ ഹിന്ദു മതത്തിനെതിരെ വരുമ്പോൾ മാത്രം ആവിഷ്ക്കര സ്വാതന്ത്രം പറയുന്ന ഇടതുപക്ഷം ചില പ്രേത്യേക സിനിമകൾ മാത്രം എതിർക്കുന്നതെന്തെന്ന വിമർശനവും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ശക്തമാവുകയാണ്
'ദി കേരള സ്റ്റോറി' എന്ന വിദ്വേഷ പ്രചാരണ സിനിമയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുമെന്ന റിപ്പോർട്ടുകളെ അതീവ ഗൗരവത്തോടെ കാണണം. ആദ്യ ഭാഗത്തിലെ വർഗീയ അജണ്ടയും നഗ്നമായ നുണകളും ഇതിനകം കണ്ടിട്ടുള്ള കേരളം, നമ്മുടെ മതേതര ഘടനയെ അവജ്ഞയോടെ ചിത്രീകരിക്കാനുള്ള ഈ ശ്രമത്തെ വീണ്ടും തള്ളിക്കളയും. വർഗീയ സംഘർഷം ഉണർത്താൻ ലക്ഷ്യമിട്ടുള്ള കെട്ടിച്ചമച്ച ആഖ്യാനങ്ങൾക്ക് എങ്ങനെ സൗജന്യ അനുമതി ലഭിക്കുന്നു, അതേസമയം കലാ വിമർശനാത്മക പ്രകടനങ്ങൾ എങ്ങനെ അടച്ചിടപ്പെടുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. നമ്മുടെ ഐക്യത്തിന്റെ നാടിനെ ഭീകരതയുടെ കേന്ദ്രമായി ചിത്രീകരിക്കാനുള്ള ഈ ശ്രമങ്ങൾക്കെതിരെ നാം ഒറ്റക്കെട്ടായി നിൽക്കണം. സത്യം എപ്പോഴും വിജയിക്കും. പിണറായി വിജയൻ സമൂഹ മാധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്തു. അതെ സമയം ഇതിനെതിരെ വിമർശനങ്ങളും രൂക്ഷമാണ്.
സിപിഎമ്മിന്റേത് ആവിഷ്കാര സ്വാതന്ത്ര്യത്തിലെ ഇരട്ടത്താപ്പ്; ഇഷ്ടമില്ലെങ്കിൽ മുഖ്യമന്ത്രി 'കേരള സ്റ്റോറി' കാണേണ്ടതില്ല: രാജീവ് ചന്ദ്രശേഖർ
'ദി കേരള സ്റ്റോറി' എന്ന സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും മുഖ്യമന്ത്രിക്ക് സിനിമ ഇഷ്ടമല്ലെങ്കിൽ അത് കാണാതിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒരു സിനിമയുടെ പേരിൽ ഇത്രയധികം ആകുലതകൾ എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള മൗനം
കഴിഞ്ഞ പത്ത് വർഷമായി ഒരു പ്രത്യേക സമുദായത്തിന്റെ വോട്ടുബാങ്ക് ലക്ഷ്യം വെച്ചാണ് മുഖ്യമന്ത്രി പല വിഷയങ്ങളിലും മൗനം പാലിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. ഹമാസ് അനുകൂല പരിപാടികൾ കേരളത്തിൽ നടക്കുമ്പോൾ അതിനെതിരെ മിണ്ടാത്ത മുഖ്യമന്ത്രി, കേരളത്തിലെ സാമൂഹിക യാഥാർത്ഥ്യങ്ങൾ ചർച്ച ചെയ്യുന്ന സിനിമകളെ ഭയപ്പെടുകയാണ്. വികസന കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാതെ ഗാസയെയും കേരള സ്റ്റോറിയെയും കുറിച്ച് സംസാരിച്ച് ജനങ്ങളെ വിഭജിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ലൗ ജിഹാദ് യാഥാർത്ഥ്യം
കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്നത് ഒരു കെട്ടുകഥയല്ലെന്നും പലരും ഇക്കാര്യം തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ലൗ ജിഹാദ് എന്നോ ഹമാസ് എന്നോ ഉച്ചരിച്ചാൽ ഉടൻ അവരെ വർഗീയവാദികളായി ചിത്രീകരിക്കുന്നതാണ് ഇവിടുത്തെ രീതി. അങ്ങനെ ഒന്ന് ഇല്ലെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിക്ക് സാധിക്കുമോ? അദ്ദേഹം ചോദിച്ചു. മൂക്കിന് താഴെ നടക്കുന്ന ഇത്തരം കാര്യങ്ങളിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎമ്മിന്റെ ഇരട്ടത്താപ്പ്
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് ഇപ്പോൾ പുറത്തുവരുന്നത്. തങ്ങൾക്ക് താല്പര്യമില്ലാത്ത കാര്യങ്ങൾ വരുമ്പോൾ അതിനെ അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. ആ അവകാശത്തിന് മേൽ കടന്നുകയറാൻ ഭരണകൂടത്തിന് അധികാരമില്ലെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / Roshith K