Enter your Email Address to subscribe to our newsletters

Newdelhi, 20 ഫെബ്രുവരി (H.S.)
നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംസ്ഥാന സര്‍ക്കാരുകളെ കുടുക്കാനുള്ള വേദിയാക്കി സുപ്രീം കോടതിയെ മാറ്റുന്നുവെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. കേരളത്തിലെ ഫ്ലക്‌സ് സംബന്ധിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചിയും വിപുല്‍ പാന്‍ചോലിയും ഉള്‍പ്പെട്ട ബെഞ്ച് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സംസ്ഥാന സര്‍ക്കാരുകളെ പ്രതികൂട്ടിലാക്കാന്‍ ലക്ഷ്യമിട്ടാണ് പരാതിക്കാര്‍ ഇത്തരം ഹര്‍ജികളുമായി എത്തുന്നതെന്നും ബെഞ്ച് നിരീക്ഷിച്ചു. ഇത്തരത്തിലുള്ള നടപടികളിലൂടെ ഹര്‍ജിക്കാര്‍ പരമോന്നത കോടതിയെ രാഷ്‌ട്രീയ യുദ്ധഭൂമിയാക്കി മാറ്റുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തൊട്ടതിനും പിടിച്ചതിനുമെല്ലാം പരമോന്നത കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങുകയാണ് ഹര്‍ജിക്കാരുടെ ഉദ്ദേശ്യം. എത്ര സംസ്ഥാനങ്ങള്‍ക്ക് ഇത് ചെയ്യാനാകുമെന്നും കോടതി ചോദിച്ചു. കേരളമോ ഇതര സംസ്ഥാനങ്ങളോ ഇത്തരത്തില്‍ രാഷ്‌ട്രീയ പോരാട്ടത്തിനുള്ള വേദിയാക്കി സുപ്രീം കോടതിയെ മാറ്റിയാല്‍ എന്താകും സ്ഥിതിയെന്നും കോടതി ആരാഞ്ഞു. ഇത്തരം നടപടികള്‍ പരാതിക്കാരെ തന്നെ അപകടത്തിലാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. തങ്ങള്‍ക്ക് ഒരു ഉത്തരവിലൂടെ അത് സാധിക്കുമെന്നും കോടതി വ്യക്തമാക്കി.
പിവിസി ഫ്ലക്‌സുകള്‍ പൂര്‍ണമായും മറ്റ് സംസ്ഥാനങ്ങളില്‍ നിരോധിച്ചിട്ടുണ്ടെന്നും മുംബൈയില്‍ ഇത് നിയമം മൂലം നിരോധിച്ചിട്ടുണ്ടെന്നും പരാതിക്കാരുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇത്തരമൊരു പരാതി എത്തിയത് കേരളം തെരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് തൊട്ടുമുമ്പാണ് കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് നിങ്ങളുടെ ശ്രമമെന്നും കോടതി പറഞ്ഞു.
ഉത്തരവ് നടപ്പാക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേരള ഹൈക്കോടതിയെ ബോധിപ്പിച്ചിട്ടുള്ളതാണെന്ന് ജസ്റ്റിസ് ബാഗ്‌ചി ചൂണ്ടിക്കാട്ടി. നിങ്ങള്‍ തന്നെ ഈ ഹര്‍ജി പരിശോധിച്ചാല്‍ ഇതിന്‍റെ സാധുത മനസിലാകുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയതാണ്. അതേസമയം എതിര്‍കക്ഷിക്ക് ഇത് അസാധുവാണെന്ന് വാദിക്കാനാകും.
നിങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചില തടസങ്ങളുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഹൈക്കോടതിക്കും ഇക്കാര്യം അറിയാം. അവര്‍ അത് കൊണ്ട് തന്നെ ചില നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഈ ഉത്തരവുകള്‍ പാലിച്ചില്ലെങ്കില്‍ ഹൈക്കോടതി ഇടപെടും. നിങ്ങള്‍ കേസുമായി ഹൈക്കോടതിയെ തന്നെ സമീപിക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
പിവിസി ഫ്ലക്‌സ് ബോര്‍ഡുകള്‍ക്കെതിരെ ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. രണ്ട് മാസത്തിനപ്പുറം കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇത്തരമൊരു ഹര്‍ജി സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR