Enter your Email Address to subscribe to our newsletters

New delhi, 20 ഫെബ്രുവരി (H.S.)
ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഷര്‍ട്ടൂരി പ്രതിഷഏധം. സാങ്കേതിക വിദ്യയിലെ വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് പ്രമുഖ കമ്പനികളുടെ സിഇഒമാര്‍ സംസാരിക്കുന്നതിനിടെയായിരുന്നു പുറത്ത് പ്രതിഷേധം അരങ്ങേറിയത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനെതിരെ മുദ്രാവാക്യം വിളികളുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷര്‍ട്ടുകള്‍ ഊരിമാറ്റിയാണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. സമ്മിറ്റ് നടന്ന വേദിക്ക് പുറത്ത് വലിയ ശബ്ദത്തില്‍ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നതോടെയാണ് അവിടെയുണ്ടായിരുന്നവര്‍ പ്രതിഷേധം ശ്രദ്ധിച്ചത്.
ഇന്ത്യ-അമേരിക്ക വ്യാപാര കരാറിലൂടെ രാജ്യത്തിന് അര്‍ഹമായ ഗുണങ്ങള്‍ ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. സമ്മിറ്റില്‍ പങ്കെടുക്കാനെത്തിയവരെയും ഉദ്യോഗസ്ഥരെയും സാക്ഷിയാക്കിയാണ് ഷര്‍ട്ട് ഊരിയുള്ള പ്രതിഷേധം അരങ്ങേറിയത്. സമ്മിറ്റിലെ എക്‌സിബിഷന്‍ ഹാളില്‍ അതിക്രമിച്ചു കയറിയ പത്തോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചു. പ്രധാനമന്ത്രി മോദിയുടെയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ചിത്രങ്ങളും'ഇന്ത്യ-യുഎസ് വ്യാപാര കരാര്‍', 'എപ്സ്റ്റീന്‍ ഫയല്‍സ്' തുടങ്ങിയ മുദ്രാവാക്യങ്ങളും പതിച്ച വെള്ള ടി-ഷര്‍ട്ടുകള്‍ ഇവര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.
പ്രതിഷേധം കനത്തതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ ബലമായി നീക്കം ചെയ്യുകയും തിലക് മാര്‍ഗ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വേദിയിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. നിലവില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴിയുള്ള ക്യുആര്‍ കോഡ് ഉപയോഗിച്ചാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുന്നത്.
കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ കടുത്ത ഭാഷയിലാണ് ബിജെപി വിമര്‍ശിച്ചത്. ഇന്ത്യയുടെ വളര്‍ച്ചയിലുള്ള അസൂയ മൂലമാണ് കോണ്‍ഗ്രസ് ഇത്തരത്തില്‍ പെരുമാറുന്നതെന്ന് ബിജെപി വക്താവ് നളിന്‍ കോലി ആരോപിച്ചു. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം എഐ എന്നാല്‍ 'ആന്റി-ഇന്ത്യ' (anti-India) എന്നാണെന്നും, ഐഎന്‍സി എന്നത് യഥാര്‍ത്ഥത്തില്‍ എഎന്‍സി (ആന്റി നാഷണല്‍ കോണ്‍ഗ്രസ്) ആയി മാറിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. പ്രതിഷേധക്കാര്‍ ഷര്‍ട്ട് ഇല്ലാത്തവര്‍ മാത്രമല്ല, മര്യാദയില്ലാത്തവരുമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
---------------
Hindusthan Samachar / Sreejith S