റീത്ത് കണ്ടപ്പോല്‍ ചിരിയാണ് വന്നത്; ഒരു ഭയവമില്ല; വിഎസ് അനില്‍കുമാര്‍
Kannur, 20 ഫെബ്രുവരി (H.S.) സി.പി.എം. പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയതിന് പിന്നാലെ വീടിന് മുന്നില്‍ റീത്ത് വച്ചതില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ വിഎസ് അനില്‍കുമാര്‍. ഒരിക്കല്‍ നെപ്പോളിയനോട് ഒരാള്‍ ചോദിച്ചു കുതിരപ്പുറത്ത് കയ
V S Anilkumar


Kannur, 20 ഫെബ്രുവരി (H.S.)

സി.പി.എം. പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയതിന് പിന്നാലെ വീടിന് മുന്നില്‍ റീത്ത് വച്ചതില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ വിഎസ് അനില്‍കുമാര്‍. ഒരിക്കല്‍ നെപ്പോളിയനോട് ഒരാള്‍ ചോദിച്ചു കുതിരപ്പുറത്ത് കയറാന്‍ ഭയമുണ്ടോ എന്ന്, ഭയം എന്നുപറഞ്ഞാല്‍ എന്താണെന്നാണ് അദ്ദേഹം തിരിച്ചുചോദിച്ചത്. എനിക്കും പറയാനുള്ളത് അതുമാത്രമാണ്. ഭയം തീരേയില്ല. നിലപാടുകളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല. ഇനിയും മാറ്റമുണ്ടാകില്ല... വീട്ടുമുറ്റത്ത് റീത്തുവെച്ച സംഭവത്തില്‍ കണ്ണപുരത്തെ ടി.പി. കരുണാകരന്‍ റോഡിന് മുന്‍വശത്തെ 'മരുതം' വീട്ടിലിരുന്ന് വി.എസ്. അനില്‍കുമാര്‍ പറഞ്ഞു.

റീത്തിന് പിന്നിലാരെന്ന് അറിയില്ല, ഊഹിച്ച് പറയാന്‍ തയ്യാറാകുന്നുമില്ല. സംഭവമറിഞ്ഞ് വീട്ടിലെത്തിയ സി.പി.എം. പ്രാദേശികനേതാക്കളോടും പ്രവര്‍ത്തകരോടും പറഞ്ഞു. സംശയം ദൂരീകരിക്കാന്‍ നിങ്ങളും പോലീസിനോട് പറയണം, എന്നാ പിന്നെ പ്രശ്‌നമില്ലല്ലോ. വാര്‍ത്താചാനലിലൂടെ കാണുന്ന മുഴുവന്‍ ആളുകളും വിശ്വസിക്കുന്നത് സി.പി.എമ്മുകാരാണെന്നാണ്. തെളിവില്ലാത്തതുകൊണ്ട് ഒന്നും പറയാന്‍ പറ്റില്ല. പാര്‍ട്ടി പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശനത്തിന് പോയതും തനിക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ വന്ന പോസ്റ്റുകളുമാണ് സി.പി.എമ്മിനെ സംശയിക്കാന്‍ ചിലര്‍ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഫുട്‌ബോള്‍ കോച്ചിങ്ങിന് പങ്കെടുക്കാന്‍ മകന്‍ സുകൃതി ഗേറ്റ് തുറക്കാന്‍ എത്തിയപ്പോഴാണ് റീത്ത് കണ്ടത്. അച്ഛാ, ഇവിടെയൊരു മാല കിടക്കുന്നുവെന്ന് അവന്‍ വിളിച്ചുപറഞ്ഞപ്പോള്‍ മുറ്റത്തേക്കിറങ്ങി നോക്കിയപ്പോഴാണ് റീത്ത് കണ്ടത്.

കഴിഞ്ഞ ദിവസം സ്ഥലത്തെ പ്രധാനപ്പെട്ട വ്യക്തിയുടെ സഹോദരി മരിച്ചിരുന്നു. ഇവിടെനിന്ന് 500 മീറ്റര്‍ അപ്പുറത്തുള്ള ശ്മശാനത്തിലാണ് അവരുടെ സംസ്‌കാരം നടന്നത്. ധാരാളം റീത്തുകള്‍ ഉണ്ടായിരുന്നു. അതിലൊരെണ്ണമാണ് വീട്ടുമുറ്റത്ത് കൊണ്ടിട്ടിരിക്കുന്നതെന്നും പണം കൊടുത്ത് റീത്ത് വാങ്ങാന്‍ സാധ്യതയില്ലെന്നും നാട്ടുകാരില്‍ ചിലര്‍ പരിഹാസരൂപേണ പറയുന്നുണ്ട്.

സി.പി.എം. പുറത്താക്കിയ വി. കുഞ്ഞികൃഷ്ണനെ നേരിട്ട് കണ്ടത് പുസ്തകപ്രകാശനത്തിനാണ്. അതിന് മുന്‍പ് ഒരിക്കല്‍പോലും നേരില്‍ കണ്ടിട്ടില്ല. യാതൊരു ബന്ധവുമില്ല. എന്നാല്‍ കുഞ്ഞികൃഷ്ണന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാം.

നേതാക്കളുടെ അഴിമതിക്കെതിരേ പാര്‍ട്ടിയില്‍ നടത്തിയ ഇടപെടലുകളും അറിയാം. രക്തസാക്ഷി, പാര്‍ട്ടി ഫണ്ടുകളിലും ക്രമക്കേടുണ്ടെന്ന് മനസ്സിലാക്കുന്നു. പുസ്തകം വായിച്ചപ്പോള്‍ കൂടുതല്‍ മനസ്സിലായി. കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങാന്‍ ക്ഷണിച്ചപ്പോള്‍ ഭാര്യയാണ് പോകണമെന്ന് പറഞ്ഞത്. ടി.പി. ചന്ദ്രശേഖരനെ കൊന്നപ്പോള്‍ നാലുതവണ വടകരയില്‍ ആര്‍.എം.പി. പൊതുയോഗത്തില്‍ പ്രസംഗിച്ചിട്ടുണ്ട്. ആ സമയത്ത് രാത്രിയില്‍ പോലും നിരവധി യാത്ര ചെയ്തിട്ടുണ്ട്. അന്നൊന്നും ശത്രുക്കള്‍ ഉണ്ടായിട്ടില്ല.

നാട്ടില്‍ ശത്രുക്കളൊന്നുമില്ല. തന്റെ നിലപാടുകള്‍ നാട്ടുകാര്‍ക്കറിയാം. സംഭവമറിഞ്ഞ് നിരവധിപേര്‍ ഫോണ്‍ വിളിച്ചിരുന്നു. റീത്ത് കണ്ടപ്പോള്‍ ചിരിക്കാനാണ് തോന്നിയത്. ഒരു വികാരവും തോന്നിയിട്ടില്ല.

മരിക്കാത്തവരുടെ വീട്ടില്‍ റീത്ത് വെക്കുന്നത് അപായസൂചനയാണല്ലോയെന്ന ചോദ്യത്തിന് അനില്‍കുമാര്‍ ആവര്‍ത്തിച്ച് പറഞ്ഞു, ഒരു തരിമ്പുപോലും ഭയമില്ല.

---------------

Hindusthan Samachar / Sreejith S


Latest News