കത്രിക വയറ്റില്‍ 50 വര്‍ഷം വയറിനുള്ളില്‍ ഇരുന്നാലും കുഴപ്പമില്ല' വിചിത്ര വിശദീകരണവുമായി ഡോക്ടര്‍ ലളിതാംബിക
Alappuzha, 20 ഫെബ്രുവരി (H.S.) വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ വിചിത്ര വിശദീകരണവുമായി ആരോപണ വിധേയനായ ഡോക്ടര്‍ ലളിതാംബിക. തനിക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന ഡോക്ടര്‍ ലളിതാംബിക ഇത്തരം ഉ
dr lalitha


Alappuzha, 20 ഫെബ്രുവരി (H.S.)

വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ വിചിത്ര വിശദീകരണവുമായി ആരോപണ വിധേയനായ ഡോക്ടര്‍ ലളിതാംബിക. തനിക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന ഡോക്ടര്‍ ലളിതാംബിക ഇത്തരം ഉപകരണങ്ങള്‍ ശരീരത്തിനുള്ളില്‍ ഇരുന്നാലും ഒരു കുഴപ്പവുമില്ലെന്നും പ്രതികരിച്ചു. വിവാദമായ ഈ ശസ്ത്രക്രിയ നടത്തിയത് താനല്ലെന്ന് 100 ശതമാനം ഉറപ്പോടെ പറയാന്‍ കഴിയും. താന്‍ വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള കാലയളവിലായിരുന്നു ഇതെന്നും അന്ന് യൂണിറ്റ് ചീഫ് എന്ന നിലയില്‍ തന്റെ പേര് പറയപ്പെടുന്നത് സ്വാഭാവികമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അക്കാലത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ താന്‍ സജീവമായി ഇടപെട്ടിരുന്നു. കോവിഡ് ബാധിതരായ ഗര്‍ഭിണികളുടെ ചികിത്സയ്ക്കായിരുന്നു അന്ന് മുന്‍ഗണന നല്‍കിയിരുന്നത്. മൂന്നര കിലോ തൂക്കമുള്ളതും ക്യാന്‍സര്‍ ആണോ എന്ന് സംശയമുള്ളതുമായ ഒരു ട്യൂമര്‍ നീക്കം ചെയ്യാനാണ് പ്രസ്തുത രോഗിയെ അഡ്മിറ്റ് ചെയ്തത്. എന്നാല്‍ ആ സമയത്ത് നടന്ന ഈ ശസ്ത്രക്രിയയില്‍ താന്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

താന്‍ ഇന്നുവരെ ചികിത്സയ്ക്കായി രോഗികളില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് ഡോക്ടര്‍ ലളിതാംബിക അവകാശപ്പെട്ടു. വളരെ തുച്ഛമായ ശമ്പളത്തിലാണ് 38 വര്‍ഷം ജോലി ചെയ്തതെന്നും രാഷ്ട്രീയക്കാരുടെ ശുപാര്‍ശയില്‍ വരുന്നവരെപ്പോലും പണം വാങ്ങാതെയാണ് ചികിത്സിച്ചിട്ടുള്ളതെന്നും അവര്‍ വ്യക്തമാക്കി. രോഗിക്ക് മുമ്പ് നടന്ന മറ്റേതെങ്കിലും ശസ്ത്രക്രിയയ്ക്കിടെയാണോ ഈ ഉപകരണം കുടുങ്ങിയതെന്ന കാര്യവും പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

ഉഷയുടെ വയറ്റില്‍ കുടുങ്ങിയത് കത്രികയല്ലെന്നും മസ്‌കിറ്റോയെന്ന വളരെ ചെറിയ സാധനമാണെന്നും ലളിതാംബിക പ്രതികരിച്ചു. 'എക്സറേയില്‍ കാണുന്ന മാഗ്‌നിഫൈഡ് വ്യൂ ആണ്. എന്നാലും അത് പോകാന്‍ പാടില്ല. ഉപകരണങ്ങളുടെ എണ്ണം സാധാരണ ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും എണ്ണി തിട്ടപ്പെടുത്താന്‍ ആളുണ്ടാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതിന് ആളില്ല. ഡോക്ടറും നഴ്സുമാണ് എണ്ണാറുള്ളത്. അതില്‍ പിഴവ് വന്നിട്ടുണ്ടെങ്കില്‍ ഇങ്ങനെ സംഭവിക്കാം' ഡോ.ലളിതാംബിക പറഞ്ഞു. ആ രോഗിക്ക് ഇതിന് മുമ്പ് ഓപ്പറേഷന്‍ ചെയ്തിട്ടുണ്ട്. അന്ന് വന്നതാണോയെന്ന് എങ്ങനെ അറിയാമെന്നും ഡോക്ടര്‍ ചോദിച്ചു.

ഈ സംഭവത്തില്‍ ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും സിസ്റ്റത്തിന്റെ പരാജയമാണിതെന്നും ഡോക്ടര്‍ അഭിപ്രായപ്പെട്ടു. ഒരു യൂണിറ്റ് ചീഫ് എന്ന നിലയില്‍ തന്റെ പേര് രേഖകളില്‍ ഉണ്ടാകാമെങ്കിലും, ശസ്ത്രക്രിയ രജിസ്റ്ററും നോട്ടും പരിശോധിച്ചാല്‍ യഥാര്‍ത്ഥത്തില്‍ ശസ്ത്രക്രിയ ചെയ്തത് ആരാണെന്ന് വ്യക്തമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശസ്ത്രക്രിയ ഉപകരണം വയറ്റില്‍ കുടുങ്ങിയത് കൊണ്ട് മാത്രം രോഗിക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാകില്ലെന്നും, 50 വര്‍ഷം വരെ അത് ശരീരത്തിനുള്ളില്‍ ഇരുന്നാലും ഒന്നും സംഭവിക്കില്ലെന്നുമാണ് ഡോക്ടര്‍ പറഞ്ഞു.

പരാതിപ്പെട്ട രോഗിക്ക് നിരന്തരമായി അനുഭവപ്പെട്ട വേദനയ്ക്ക് കാരണം ഈ ഉപകരണമല്ല, മറിച്ച് യൂറിനറി സ്റ്റോണ്‍ (Urinary Stone) ആണെന്ന് അള്‍ട്രാസൗണ്ട് പരിശോധനയില്‍ കണ്ടെത്തിയതായും അവര്‍ വ്യക്തമാക്കി. 2021ല്‍ ലളിതാംബിക ഡോക്ടറെയാണ് കാണിച്ചിരുന്നത് എന്നാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായ ഉഷ ജോസഫ് പറയുന്നത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ആരാണെന്ന് അറിയില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News