Enter your Email Address to subscribe to our newsletters

Newdelhi , 24 മെയ് (H.S.)
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലത്തിന് ശേഷമുള്ള പുനർമൂല്യനിർണയ (re-evaluation) അപേക്ഷാ നടപടികളിൽ സാങ്കേതിക തകരാർ മൂലം വിദ്യാർഥികളിൽ നിന്ന് അധികമായി ഈടാക്കിയ തുക തിരികെ നൽകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) അറിയിച്ചു. റീ-ഇവാലുവേഷൻ പ്രക്രിയയ്ക്കിടെ വിദ്യാർഥികൾ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ബോർഡിൻ്റെ ഈ പ്രഖ്യാപനം.
മേയ് 21, 22 തീയതികളിൽ ഉണ്ടായ സാങ്കേതിക തകരാറുകൾ കാരണമാണ് ഉത്തരം ലഭിച്ച ആൻസർ ഷീറ്റുകളുടെ സ്കാൻ ചെയ്ത കോപ്പികൾക്കായി അപേക്ഷിച്ച ചില വിദ്യാർഥികളുടെ അക്കൗണ്ടുകളിൽ നിന്ന് തെറ്റായ രീതിയിൽ തുക ഈടാക്കാൻ ഇടയാക്കിയതെന്ന് സിബിഎസ്ഇ അറിയിപ്പിൽ വ്യക്തമാക്കി.
പണം അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തും
ചില കേസുകളിൽ ആവശ്യമായ തുകയേക്കാൾ കൂടുതൽ പണം ഈടാക്കിയപ്പോൾ, മറ്റ് ചിലരിൽ നിന്ന് കുറഞ്ഞ തുകയാണ് ഈടാക്കപ്പെട്ടത്. കൂടുതൽ തുക നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് അവർ ഏത് പെയ്മെൻ്റ് രീതിയാണോ (ബാങ്ക് അക്കൗണ്ട്/കാർഡ്/യുപിഐ) ഉപയോഗിച്ചത്, അതേ മാർഗത്തിലൂടെ തന്നെ അധിക തുക കൃത്യമായി റീഫണ്ട് ചെയ്യും.
കുറഞ്ഞ തുക മാത്രം ഈടാക്കപ്പെട്ട വിദ്യാർഥികളെ ബാക്കി തുക അടയ്ക്കുന്നതിനായി പ്രത്യേകം വിവരമറിയിക്കും. എന്നാൽ, തുകയിലുണ്ടായ വ്യത്യാസം കാരണം ആരുടെയും അപേക്ഷകൾ റദ്ദാക്കില്ലെന്നും പുതുതായി അപേക്ഷ സമർപ്പിക്കാതെ തന്നെ സ്കാൻ ചെയ്ത ഉത്തരം കടലാസുകൾ വിദ്യാർഥികൾക്ക് ലഭ്യമാക്കുമെന്നും സിബിഎസ്ഇ ഉറപ്പുനൽകിയിട്ടുണ്ട്.
വിദ്യാർഥികളിൽ ചിലർ തെറ്റായ ഫീസ് ഇടപാടുകൾ നടത്താൻ കാരണമായത് വെബ്സൈറ്റിന് സംഭവിച്ച സാങ്കേതിക തകരാറ് മൂലമാണെന്ന് സിബിഎസ്ഇ വ്യക്തമാക്കി. ചില സമയത്ത് വെബ്സൈറ്റിൽ കാണിച്ചിരുന്നത് കുറവ് തുകയാണെന്നും ബോർഡ് ചൂണ്ടിക്കാട്ടി. സെർവർ ഡൗൺ, പണിടപാടിലെ തകരാറുകൾ, പ്രവർത്തന വീഴ്ചകൾ തുടങ്ങിയ സാങ്കേതിക പ്രശ്നങ്ങളാണ് തെറ്റായ ഫീസ് വിവരങ്ങൾ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെടാൻ കാരണമായതെന്നും സിബിഎസ്ഇ വ്യക്തമാക്കി.
റീ-ഇവാലുവേഷൻ പോർട്ടലിലെ സെർവർ ഡൗൺ, പെയ്മെന്റ് ഗേറ്റ്വേ തകരാറുകൾ, മറ്റ് പ്രവർത്തനപരമായ വീഴ്ചകൾ എന്നിവയെക്കുറിച്ച് നിരവധി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വിഷയത്തിൽ ഗൗരവമായി ഇടപെട്ടത്.
പോർട്ടലിൽ ഒരേസമയം അസാധാരണമായ രീതിയിൽ ഉയർന്ന ട്രാഫിക് അനുഭവപ്പെട്ടതാണ് തിരക്കേറിയ സമയങ്ങളിൽ സാങ്കേതിക തടസ്സങ്ങൾക്ക് കാരണമായതെന്ന് ബോർഡ് അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അപേക്ഷിക്കാനുള്ള സമയപരിധി നീട്ടുന്നതുൾപ്പെടെയുള്ള തിരുത്തൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ സിബിഎസ്ഇ വ്യക്തമാക്കിയിരുന്നു.
സാങ്കേതിക പ്രശ്നങ്ങൾ നേരിട്ട വിദ്യാര്ഥികളും രക്ഷിതാക്കളും യാതൊരുവിധ ആശങ്കയും പുലർത്തേണ്ടതില്ല. കൃത്യതയും സുതാര്യതയും ഉറപ്പാക്കിക്കൊണ്ട് വിദ്യാർഥികളുടെ യഥാർഥ പരാതികൾ പരിഹരിക്കുക എന്നതാണ് പുനർമൂല്യനിർണയ സംവിധാനത്തിൻ്റെ ലക്ഷ്യം സിബിഎസ്ഇ പ്രസ്താവനയിൽ പറയുന്നു. പോർട്ടലിലെ ഡാറ്റാ ട്രാഫിക് കാരണം ചില സാങ്കേതിക തകരാറുകൾ സംഭവിക്കാറുണ്ടെന്നും സിബിഎസഇ പ്രസ്താവനയിൽ പറഞ്ഞു.
സിബിഎസ്ഇ പ്രസ്താവനയിൽ പറയുന്നു. പോർട്ടലിലെ ഡാറ്റാ ട്രാഫിക് കാരണം ചില സാങ്കേതിക തകരാറുകൾ സംഭവിക്കാറുണ്ടെന്നും സിബിഎസഇ പ്രസ്താവനയിൽ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR