Enter your Email Address to subscribe to our newsletters

Thrissur , 24 മെയ് (H.S.)
കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രസ്ഥാനത്തിനെതിരായ കേന്ദ്ര സർക്കാർ നീക്കത്തെ രൂക്ഷമായി വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. സർക്കാർ രാജ്യത്തെ ചെറുപ്പക്കാരോട് ചെയ്യുന്നത് അനീതിയാണെന്നും രാജ്യത്തെ യുവാക്കളോട് അസഹിഷ്ണുത പാടില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. തൃശൂരിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിയ തോതിലൊരു അസംതൃപ്തി രാജ്യത്ത് വളരുന്നുണ്ട്. പ്രത്യേകിച്ച് ചെറുപ്പക്കാർ എന്ന് പറഞ്ഞൊരു വലിയൊരു മൂവ്മെൻ്റ് രാജ്യത്ത് വരുന്നു. അത് ആ ചെറുപ്പക്കാർ അവരുടെ പ്രതിഷേധം അവരുടെ തനതായ രീതിയിൽ പ്രകടിപ്പിക്കുന്നതായി കണക്കാക്കാൻ പറ്റുമോ? എന്ന ചോദ്യത്തിനായിരുന്നു കെ സി വേണുഗോപാലിൻ്റെ മറുപടി.
''കോക്രോച്ച് പാർട്ടിയിലുള്ളവരെ എങ്ങനെ രാജ്യദ്രോഹികളായി കണക്കാക്കും. രാജ്യത്ത് തൊഴിലില്ലായ്മ ഇതുപോലെ രൂക്ഷമായൊരു സാഹചര്യം ഇതിന് മുൻപ് ഉണ്ടായിട്ടില്ല. വിലക്കയറ്റം ഓരോ ദിവസം കഴിയുമ്പോഴും താങ്ങാവുന്നതിലും അപ്പുറത്തേയ്ക്കാണ് പോകുന്നത്. സർക്കാരിന് ഇതൊന്നും പരിഹരിക്കാനുള്ള യാതൊരു മാർഗങ്ങളുമില്ല. ചെറുപ്പക്കാരെ ഇത്തരം അരക്ഷിതാവസ്ഥയിലേയ്ക്ക് തള്ളിവിട്ടതിന് ഉത്തരവാദികളാരാണ്. അവരെ കുറ്റവാളികളാക്കി മാറ്റുന്നതിൽ എന്തർത്ഥമാണുള്ളത്? ആ ചർച്ചയാണ് രാജ്യത്ത് നടക്കേണ്ടത്. അല്ലാതെ യുവാക്കളെ കുറ്റപ്പെടുത്തുന്നത് ശുദ്ധമായ മണ്ടത്തരമാണെന്നും'' കെസി വേണുഗോപാൽ പറഞ്ഞു.
നാട്ടിൽ പ്രസ്ഥാനങ്ങൾ ഉണ്ടാകുന്നത് ഒരു പ്രശ്നത്തെ അടിസ്ഥാനമാക്കിയാണ്. ചെറുപ്പക്കാരുടെ വികാരം മാനിക്കുക എന്നത് ഒരു സർക്കാരിൻ്റെ കടമയാണ്. ആ സർക്കാർ ചെറുപ്പക്കാരുടെ വികാരം മാനിച്ചു കഴിഞ്ഞാൽ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുകയല്ലേ ചെയ്യുന്നത്. അതല്ലാതെ അതിനെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നേരിട്ടാൽ അത് കൂടുതൽ ശക്തി പ്രാപിക്കുകയേ ഉള്ളൂ.
യുവാക്കളെ സംബന്ധിച്ച് ഒരു തൊഴിലിനുവേണ്ടിയുള്ള കാത്തിരിപ്പ് സഹിക്കാവുന്നതിനും അപ്പുറമാണ്. ആ സാഹചര്യത്തിൽ ഇത്തരമൊരു പരാമർശം കൂടി വരുമ്പോൾ സർക്കാരിൻ്റെ കണ്ണുതുറപ്പിക്കുന്ന യുവജന രോഷമാണ് കാണാൻ സാധിക്കുന്നത്. സർക്കാർ ചെയ്യേണ്ടത് അതിനെ പോസിറ്റീവായി എടുക്കുകയാണ് വേണ്ടത്. കഴിഞ്ഞ 12 കൊല്ലമായിട്ട് സർക്കാർ തൊഴിൽ ക്ഷാമത്തിനെതിരെ എന്താണ് ചെയ്യുന്നത്. ചെറുപ്പക്കാരുടെ വികാരം സർക്കാർ മാനിക്കണം. ഇത് സർക്കാർ മാനിച്ച് കഴിഞ്ഞാൽ ചെറുപ്പക്കാരുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും എന്നും അദ്ദേഹം വ്യക്തമാക്കി.
നാട്ടിൽ വരാനിരിക്കുന്ന കാലമെന്ന് പറയുന്നത് വളരെ വളരെ അതീവ ഗുരുതരമായിട്ടുള്ള സാഹചര്യമായിരിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. അതിനെ നേരിടാനുള്ള ഒരു തയ്യാറെടുപ്പുമില്ലാതെ ഇപ്പോഴും ആഘോഷങ്ങളിലും തിമിർപ്പിലുമാണ് നമ്മുടെ പ്രധാനമന്ത്രി. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് അദ്ദേഹം ഇറങ്ങേണ്ടത്. അല്ലാതെ പ്രതിഷേധിക്കുന്നവരെ തകർക്കാനല്ലെന്നും കെസി വ്യക്തമാക്കി.
അതേസമയം, വില വർധനവ് നിയന്ത്രിക്കാനോ അല്ലെങ്കിൽ ഒരു പരിഹാരം ഉണ്ടാക്കാനോ സർക്കാരിനാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിൻ്റെ വില കുറഞ്ഞ സമയത്തും നമ്മുടെ പെട്രോളിൻ്റെയും ഡീസലിൻ്റെയും വില കൂട്ടിക്കൊണ്ട് പോകുകയാണ്. ഇപ്പോൾ അന്താരാഷ്ട്ര വിപണിയിൽ ചില മാറ്റങ്ങളുണ്ടാകുമ്പോൾ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് നമ്മുടെ നാട് പോകുന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR