റവന്യു മന്ത്രി എപി അനിൽകുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പങ്കെടുത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും
Thrissur , 24 മെയ് (H.S.) ശ്രീ ഗുരുവായൂരപ്പനെ ദർശിക്കാനും റവന്യു മന്ത്രി എപി അനിൽകുമാറിൻ്റെ മകൻ്റെ കല്യാണത്തിന് പങ്കെടുക്കാനുമായി മുഖ്യമന്ത്രി ശ്രീ വിഡി സതീശൻ ഗുരുവായൂരിലെത്തി. കണ്ണനെ തൊഴുത് പ്രാർഥിച്ചതിന് ശേഷം വെണ്ണ കൊണ്ട് തുലാഭാര വഴിപാടും മുഖ്യമ
V D Satheeshan


Thrissur , 24 മെയ് (H.S.)

ശ്രീ ഗുരുവായൂരപ്പനെ ദർശിക്കാനും റവന്യു മന്ത്രി എപി അനിൽകുമാറിൻ്റെ മകൻ്റെ കല്യാണത്തിന് പങ്കെടുക്കാനുമായി മുഖ്യമന്ത്രി ശ്രീ വിഡി സതീശൻ ഗുരുവായൂരിലെത്തി. കണ്ണനെ തൊഴുത് പ്രാർഥിച്ചതിന് ശേഷം വെണ്ണ കൊണ്ട് തുലാഭാര വഴിപാടും മുഖ്യമന്ത്രി നടത്തി. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അദ്ദേഹം ഗുരുവായൂരിലെത്തിയത്. ദേവസ്വം ചെയർമാൻ ശ്രീ എവി ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ ഒബി അരുൺകുമാർ എന്നിവർ മുഖ്യമന്ത്രിക്ക് സ്വീകരണം നല്കി.

ദേവസ്വം ചെയർമാൻ മുഖ്യമന്ത്രിയെ പൊന്നാടയണിയിച്ചു വരവേറ്റു. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രി ശ്രീഗുരുവായൂരപ്പനെ തൊഴുത് ദർശന സായൂജ്യം ലഭിച്ച നിറവിലായിരുന്നു. വെണ്ണ കൊണ്ടായിരുന്നു തുലാഭാരം വഴിപാട്. 71 കിലോഗ്രാം വെണ്ണ വേണ്ടി വന്നു. മാസത്തിലൊരിക്കൽ ഗുരുവായൂർ ക്ഷേത്ര ദർശനം ശീലമാക്കിയ ഭക്തനാണ് ശ്രീ വിഡി സതീശൻ.

വിഡി സതീശൻ മുഖ്യമന്ത്രിയായ ശേഷം ദർശനത്തിനെത്തുന്നത് ഇന്നാണ്. എല്ലാ മാസവും ദർശനം നിർബന്ധമാക്കിയിട്ടുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം ഇന്നാണ് ദർശനത്തിനെത്തുന്നത്. അതേസമയം രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പുലർച്ചെ നിർമാല്യ ദർശനം നടത്തിയിരുന്നു.

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വിവാഹ മേളം

റവന്യു മന്ത്രി എപി അനിൽകുമാറിൻ്റെയും പ്രസീജയുടെയും മകൻ ഡോ അർജുനും മലപ്പുറം കാളികാവ് തൊട്ടാപ്പശേരി മുരളീധരൻ്റെയും മിനിയുടെയും മകൾ ഡോ. നിരോഷയും വിവാഹിതരായി. ഗുരുവായൂര് ശ്രീകൃഷ്ണ ക്ഷേത്രത്തില് വച്ച് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില് താലികെട്ട് ചടങ്ങുകള് നടന്നു. മുഖ്യമന്ത്രി വി ഡി സതീശന് പുറമെ കെ സി വേണുഗോപാൽ, പിസി വിഷ്ണുനാഥ്, രമേശ് പിഷാരടി, എം ലിജു തുടങ്ങിയവർ ചടങ്ങില് പങ്കെടുത്തു.മന്ത്രിപദവിയുടെ തിളക്കത്തിനൊപ്പം മകൻ്റെ വിവാഹാഘോഷം കൂടിയെത്തിയതോടെ മന്ത്രിയുടെ കുടുംബത്തിനും ഇത് ഇരട്ടി മധുരമായി.

അനില്കുമാര് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചയ്ക്കകമാണ് മകൻ്റെ വിവാഹം. ഗുരുവായൂരിലെ ഗോകുലം കണ്വെന്ഷന് സെൻ്ററിലാണ് വിവാഹത്തോടനുബന്ധിച്ചുള്ള വിപുലമായ സല്ക്കാരം ഒരുക്കിയിരുന്നത്. പുതിയ മന്ത്രിസഭയിലെ അംഗങ്ങള് ഉള്പ്പെടെയുള്ള പ്രമുഖ മന്ത്രിമാരും രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങില് വധൂവരന്മാര്ക്ക് ആശംസകള് നേരാന് സന്നിഹിതരായിരുന്നു.

മന്ത്രി സഭ രൂപീകരിച്ചതിന് പിന്നാലെ നേതാക്കളുടെയും അണികളുടെയും വലിയൊരു ഒത്തുചേരലാണ് ഗുരുവായൂരില് ഉണ്ടായത്. പാര്ട്ടിയിലെ മുതിര്ന്ന നേതാക്കള് മുതല് താഴേത്തട്ടിലുള്ള പ്രവര്ത്തകര് വരെ ചടങ്ങില് സജീവമായി പങ്കെടുത്തതോടെ ഇത് യഥാര്ത്ഥത്തിലൊരു കല്യാണമേളമായി മാറി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News