ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും ഉഷ്ണതരംഗം അതിരൂക്ഷമാകുന്നു; കടുത്ത ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
Newdelhi , 24 മെയ് (H.S.) ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൂട് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന സാഹചര്യത്തിൽ ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും കടുത്ത ഉഷ്ണതരംഗ മുന്നറിയിപ്പുമായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD). വരും ദിവസങ്ങളിലും അന്തരീക്ഷ താ
ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും ഉഷ്ണതരംഗം അതിരൂക്ഷമാകുന്നു; കടുത്ത ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്


Newdelhi , 24 മെയ് (H.S.)

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൂട് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന സാഹചര്യത്തിൽ ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും കടുത്ത ഉഷ്ണതരംഗ മുന്നറിയിപ്പുമായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD). വരും ദിവസങ്ങളിലും അന്തരീക്ഷ താപനില അപകടകരമായ രീതിയിൽ ഉയർന്നേക്കുമെന്നും മേയ് മാസം അവസാന വാരം വരെ ഈ കഠിനമായ ചൂട് തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

മേയ് 24 മുതൽ മേയ് 29 വരെയുള്ള ദിവസങ്ങളിൽ മധ്യേന്ത്യയിൽ ഉഷ്ണതരംഗം ശക്തമായി തുടരും. ഇതിനൊപ്പം തലസ്ഥാനമായ ഡൽഹി, പഞ്ചാബ്, ഹരിയാണ, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ജനജീവിതം ദുസ്സഹമാക്കിക്കൊണ്ട് അതികഠിനമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് ശനിയാഴ്ച അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇതിനകം തന്നെ താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നുകഴിഞ്ഞു. ഇത് പകൽസമയങ്ങളിൽ പുറത്തിറങ്ങി ജോലി ചെയ്യുന്നതിനും യാത്ര ചെയ്യുന്നതിനും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

വിദർഭയിൽ സീസണിലെ ഏറ്റവും ഉയർന്ന ചൂട്

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും 45°C മുതൽ 47°C വരെയാണ് താപനില രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലുള്ള ബ്രഹ്മപുരിയിലാണ് ഈ സീസണിലെ ഏറ്റവും ഉയർന്ന താപനിലയായ 47.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ കിഴക്കൻ ഉത്തർപ്രദേശ്, കിഴക്കൻ മധ്യപ്രദേശ്, വിദർഭ മേഖലകളിൽ ഉഷ്ണതരംഗം തുടരുമെന്നാണ് മുന്നറിയിപ്പ്. രാജസ്ഥാന്റെ പടിഞ്ഞാറൻ മേഖലകളിലും ചൂട് കനക്കും. ഡൽഹി, ഹരിയാണ, പഞ്ചാബ്, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ മേയ് 29 വരെ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്നും, ഇതിൽ ചിലയിടങ്ങളിൽ മേയ് 27 വരെ അതിതീവ്രമായ ചൂട് അനുഭവപ്പെടുമെന്നും ഐഎംഡി വ്യക്തമാക്കിയിട്ടുണ്ട്.

റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു

ചൂട് ജീവന് തന്നെ ഭീഷണിയാകുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവടങ്ങളിലും സമീപ പ്രദേശങ്ങളിലും അടുത്ത രണ്ട് ദിവസത്തേക്ക് കാലാവസ്ഥാ വകുപ്പ് 'റെഡ് അലർട്ട്' പ്രഖ്യാപിച്ചു. കടുത്ത ചൂട് മൂലമുള്ള ശാരീരിക അസ്വസ്ഥതകൾക്കും സൂര്യാഘാതത്തിനും (Heatstroke) ഇവിടെ കടുത്ത സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതുകൂടാതെ, വടക്കുപടിഞ്ഞാറൻ-മധ്യ ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും അടുത്ത അഞ്ച് ദിവസത്തേക്ക് 'ഓറഞ്ച് അലർട്ടും' പുറപ്പെടുവിച്ചിട്ടുണ്ട്.

കുട്ടികൾ, പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർ ഈ സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക, ശരീരത്തിൽ ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കുക, ഉച്ചസമയങ്ങളിൽ പരമാവധി വീടുകളിൽ തന്നെ തുടരുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ. പ്രാദേശികമായി ഉണ്ടാകുന്ന ഇടിമിന്നലോ മഴയോ താപനിലയിൽ താൽക്കാലികമായ കുറവുണ്ടാക്കിയേക്കാമെങ്കിലും, അത് വളരെ ചുരുങ്ങിയ സമയത്തേക്ക് മാത്രമായിരിക്കുമെന്ന് ഐഎംഡി ഡയറക്ടർ ജനറൽ എം. മോഹപത്ര വ്യക്തമാക്കി. വരും ദിവസങ്ങളിൽ സമതല പ്രദേശങ്ങളിൽ ചൂടിന് വലിയ ശമനമുണ്ടാകാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; കാലവർഷം നേരത്തെയെത്തും

ഉത്തരേന്ത്യ ഉഷ്ണതരംഗത്തിൽ വെന്തുരുകുമ്പോൾ, രാജ്യത്തിന്റെ തെക്കൻ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ മേഖലകളിലും അടുത്ത നാല് മുതൽ അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കേരളം, ലക്ഷദ്വീപ്, തമിഴ്നാട്, വടക്കുകിഴക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴ ലഭിച്ചേക്കും. അതേസമയം ഒഡീഷ, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ് എന്നീ തീരദേശ മേഖലകളിൽ ചൂടും ഈർപ്പവുമുള്ള (Hot and Humid) അസ്വസ്ഥത നിറഞ്ഞ കാലാവസ്ഥ തുടരും.

ഇതിനിടയിൽ ആശ്വാസകരമായ ഒരു വാർത്തയും കാലാവസ്ഥാ വകുപ്പ് പങ്കുവെച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ കാലവർഷം (എടവപ്പാതി) അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവയുടെ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞു. അടുത്ത 3-4 ദിവസങ്ങൾക്കുള്ളിൽ കാലവർഷം കൂടുതൽ മുന്നേറാനുള്ള സാഹചര്യങ്ങൾ അനുകൂലമാണ്. സാധാരണയായി ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷം എത്താറുള്ളതെങ്കിലും, ഇത്തവണ പതിവിലും നേരത്തെ മേയ് 26 ഓടെ തന്നെ മൺസൂൺ കേരള തീരത്തെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

---------------

Hindusthan Samachar / Roshith K


Latest News