Enter your Email Address to subscribe to our newsletters

Thiruvananthapuram, 05 ഓഗസ്റ്റ് (H.S.)
സംസ്ഥാനത്ത് രാജ്യത്തിന് മാതൃകയായ ദുരന്ത നിവാരണ പ്രതിരോധ പരിപാടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. കാലാവസ്ഥാ പ്രവചനത്തിന് ആധുനിക സങ്കേതങ്ങൾ ഉപയോഗിക്കുമെന്നും ദുരന്ത മുന്നറിയിപ്പ് സംവിധാനം കൂടുതൽ ഫലപ്രദമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വെള്ളപ്പൊക്ക പ്രദേശങ്ങളെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഫ്ളഡ് മാപ്പിംഗ് സംവിധാനം നടപ്പാക്കും. ഇതിൻ്റെ ഭാഗമായി ഡാമുകളിൽ അടിഞ്ഞിരിക്കുന്ന മണലും ചെളിയും മാറ്റുകയും അതോടൊപ്പം നദികളിൽ അടിഞ്ഞിരിക്കുന്ന മാലിന്യം നീക്കുകയും ചെയ്യും. ഇതിനായുള്ള പദ്ധതി തയ്യാറെടുപ്പുകൾ ജലസേചന വകുപ്പും റവന്യുവകുപ്പും ചേർന്ന് ആവിഷ്ക്കരിക്കും. മഴ മാറി കാലാവസ്ഥ അനുകൂലമാകുമ്പോൾ തന്നെ പദ്ധതി നടപ്പാക്കും. ഇതോടെ 60 ശതമാനം പ്രശ്നങ്ങൾക്കും പരിഹാരമാകും.
വേമ്പനാട് കായലിൽ ഡ്രഡ്ജിംഗ് നടത്തും. ഡാം മാനേജ്മെൻ്റിന് ആധുനിക സംവിധാനം നടപ്പിലാക്കും. മഴ സാധ്യതയും വെള്ളത്തിൻ്റെ നിലയും മനസിലാക്കാൻ എഐ സംവിധാനം കൊണ്ട് വരും. അതിൻ്റെ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളെ എകോപിപ്പിച്ച് ഫലദ്രമായ ഒരു പദ്ധതി നടപ്പിലാക്കും. നദിയുടെ അരികിലുള്ള കയ്യേറ്റങ്ങളിൽ നടപടിയെടുക്കും. അതു പോലെ പുഴയിലേക്ക് വെള്ളമെത്തുന്ന കനാലുകളും കൈതോടുകളും പരിശോധിക്കും. ഒറീസയടക്കം പല സംസ്ഥാനങ്ങളും ഈ മേഖലയിൽ മുന്നോട്ട് പോയി. കേരളവും മുന്നോട്ട് പോയേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ജില്ലാ കലക്ടർമാർക്ക് പ്രളയത്തെ നേരിടാൻ കൂടുതൽ അധികാരങ്ങൾ നൽകിയിട്ടുണ്ട്.
എല്ലാ സ്ഥലത്തും താൻ സന്ദർശനം നടത്തിയില്ല. ഏറ്റവും കൂടുതൽ പ്രശ്നമുള്ള ആറൻമുളയിലും റാന്നിയിലും ഏറ്റവും കൂടുതൽ ക്യാമ്പുകളുള്ള തിരുവല്ലയിലുമാണ് പോയത്. എംഎൽഎമാരെ ആരെയും ക്ഷണിച്ചിരുന്നില്ല. താഴേത്തട്ടിലെ പ്രവർത്തനങ്ങൾക്ക് തടസം വരാതിരിക്കാനാണ് അങ്ങനെ ചെയ്തത്. പ്രളയത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നവരെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചാലും ബിൽ നൽകുമെന്നും പ്രിയദർശനി പദ്ധതി സംബന്ധിച്ച് മന്ത്രി വിശദീകരണം നൽകുകയും ഒപ്പം ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതിൽ വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഹെലികോപ്ടർ യാത്രയിൽ അനാവശ്യ വിവാദം
ചിലരെ പരസ്യമായും ചിലരെ രഹസ്യമായും കാണും ചിലർ ഇവിടെ വന്ന് കാണും. അന്ന് എറണാകുളത്ത് പോയത് കൊണ്ട് അവരെ കണ്ടു. വെറുതെ വിവാദമാക്കേണ്ടതില്ല. കഴിഞ്ഞ തവണ ഇക്കാര്യം വിശദീകരിച്ചതാണ്. സംസ്ഥാനത്തെ ബാധിക്കുന്ന ഗൗരവകരമായ പ്രശ്നങ്ങൾ ഉള്ളപ്പോൾ ഇത് പോലെ ചില കാര്യങ്ങൾ വിവാദമാക്കാനാണ് താൽപര്യമെന്നും ഇനി അത് ആവർത്തിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുതലപ്പൊഴി: അടിയന്തിര തീരുമാനമെടുക്കും
മുതലപ്പൊഴിയിലെ അപകടങ്ങൾ ഇല്ലാതാക്കുന്നത് സംബന്ധിച്ച് സർക്കാർ അടിയന്തിര തീരുമാനമെടുക്കും. അടുത്തയാഴ്ച്ച യോഗം ചേരും. ദീർഘകാല പദ്ധതിയും നടപ്പിലാക്കും. മുതലപ്പൊഴിയിൽ വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും എത്തിയില്ലെന്ന പ്രതിപക്ഷത്തിൻ്റെ വിമർശനത്തിനും അദ്ദേഹം മറുപടി പറഞ്ഞു. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ആറ് മാസക്കാലം നുണ പറയുന്നു എന്ന് പറഞ്ഞ് ക്യാമ്പെയിൽ നടത്തിയിരുന്നു അത് അവർ തുടരുകയാണ്. അതിന് കേരളത്തിലെ ജനങ്ങൾ വിധിയെഴുതി മറുപടി നൽകിയിട്ടുണ്ട്. കാണാതായവർക്ക് വേണ്ടി മുതലപ്പൊഴിയിൽ തിരച്ചിൽ പുരോഗമിക്കുന്നു. ഇതിൽ കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്സ്മെൻ്റ്, നേവി എന്നിവ പങ്കെടുക്കുന്നുണ്ട്. ചെറുവിമാനങ്ങളും ഹെലികോപറ്ററുമടക്കം തിരച്ചിലിൽ പങ്കെടുക്കുന്നു. കാണാതായവരെ കിട്ടിയില്ല എന്നത് സങ്കടകരമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
പുനർജനി പദ്ധതി: നടന്നത് രാഷ്ട്രീയ വേട്ടയാടൽ
പുനർജനി പദ്ധതി സംബന്ധിച്ച് എല്ലാ കണ്ടെത്തലുകളും നടത്തിയത് കഴിഞ്ഞ സർക്കാരിൻ്റെ കാലത്തെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഇതിൽ നടന്നത് രാഷ്ട്രീയ വേട്ടയാടലാണ്. താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് വിജിലൻസ് അന്വേഷണം നടത്തിയത്. പ്രാഥമിക അന്വേഷണത്തിൽ പോലും ഒന്നും കണ്ടെത്താനായില്ല. പ്രതിപക്ഷ നേതാവായ ശേഷം വീണ്ടും ഒരു പരാതി വാങ്ങി അന്വേഷണം നടത്തി. അതിലും ഒന്നും കണ്ടെത്തിയില്ല. 2024 കേസ് നിലനിൽക്കില്ലെന്നും അഴിമതി നിരോധന നിയമപ്രകാരം ഉള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നും വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകി.
പിന്നീട് വന്ന വിജിലൻസ് ഡയറക്ടർ എഫ് സി ആർ.എ നിലനിൽക്കില്ലെന്ന് മറ്റൊരു റിപ്പോർട്ടും നൽകി. നിലവിലെ വിജിലൻസ് ഡയറക്ടർ നൽകിയ റിപ്പോർട്ട് പ്രകാരം കേസ് അവസാനിപ്പിക്കാം എന്നാണ് പറഞ്ഞിട്ടുളത്. പുനർജനിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വിജിലൻസിന് നൽകിയിട്ടുണ്ട്. പണം വാങ്ങാനായി
ഒരു അക്കൗണ്ടും തുടങ്ങിയിട്ടില്ല. വീട് പണിയടക്കം ഗുണഭോക്താവിന് നേരിട്ടാണ് പണം നൽകിയിട്ടുള്ളത്. 1200 പേർക്ക് തയ്യൽ മെഷീൻ നൽകിയതും അങ്ങനെയാണ്. ഗുണഭോക്താവിനെ തെരഞ്ഞെടുത്തത് മാജേ്മെന്റ് കോളേജിനെ കൊണ്ട് സർവ്വേ നടത്തിയാണ്. 2021 ലെ ഞരഞ്ഞെടുപ്പ് കാലത്ത് പുനർജനിയുടെ കണക്ക് അച്ചടിച്ച് വീടുകളിൽ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വൺ കേരള മിഷൻ രൂപീകരിക്കാൻ സർക്കാർ
പുനർജനി പദ്ധതിയുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും അനുഭവങ്ങൾ മുൻനിർത്തി സംസ്ഥാന സർക്കാർ വൺ കേരള മിഷൻ രൂപീകരിക്കും. ഇതിലൂടെ സഹായ പദ്ധതികൾക്ക് സംഭാവന സ്വീകരിക്കും. ലഭിക്കുന്ന പണം മുഴുവൻ വിവിധ പദ്ധതികൾക്കായി വിനിയോഗിക്കും. ചെലവിനത്തിൽ സർക്കാർ പണം എടുക്കില്ല. പദ്ധതികളുടെ നടത്തിപ്പ് ചെലവ് സർക്കാർ തന്നെ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR