Enter your Email Address to subscribe to our newsletters

Thiruvananthapuram, 08 ഓഗസ്റ്റ് (H.S.)
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശങ്ങൾ ശക്തമാക്കി സംസ്ഥാന സർക്കാർ. കനത്ത മഴയ്ക്ക് സാധ്യതയുള്ള ജില്ലകളിലും പ്രദേശങ്ങളിലും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾക്ക് സർക്കാർ നിർദേശം നൽകി. വിവിധ വകുപ്പുകളുടെ ഏകോപനം ഊർജിതമാക്കാനും ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിക്കാനും മന്ത്രി എപി അനിൽകുമാർ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി.
കനത്ത മഴയുടെ സാഹചര്യത്തിൽ ഇന്ന് കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കനത്തതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയെ സൂചിപ്പിക്കുന്നു. ബാക്കിയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് നൽകി യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കാസർകോട്, കോഴിക്കോട്, വയനാട്, കണ്ണൂർ, തൃശൂർ, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.
പുലർച്ചെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
440 ദുരിതാശ്വാസ ക്യാമ്പുകളിൽ 41,773 പേർ; മഴക്കെടുതിയിൽ 28 മരണം
സംസ്ഥാനത്ത് നിലവിൽ 440 ദുരിതാശ്വാസ ക്യാമ്പുകളിലായി 41,773 പേർ കഴിയുന്നുണ്ട്. പത്തനംതിട്ടയിൽ 133, ആലപ്പുഴയിൽ 127, കോട്ടയത്ത് 139, ഇടുക്കിയിൽ 17, എറണാകുളത്ത് ഒന്ന്, തൃശൂരിൽ അഞ്ച്, മലപ്പുറത്ത് അഞ്ച്, കോഴിക്കോട്ട് അഞ്ച്, വയനാട്ടിൽ നാല്, കണ്ണൂരിൽ രണ്ട്, കാസർകോട് രണ്ട് എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.
മഴക്കെടുതിയിൽ ഇതുവരെ 28 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം–3, കൊല്ലം–1, പത്തനംതിട്ട–2, ആലപ്പുഴ–4, കോട്ടയം–5, ഇടുക്കി–2, പാലക്കാട്–1, മലപ്പുറം–4, കോഴിക്കോട്–2, കണ്ണൂർ–4 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. നാല് പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
മഴക്കെടുതിയിൽ 70 വീടുകൾ പൂർണമായും 764 വീടുകൾ ഭാഗികമായും തകർന്നതായാണ് കണക്ക്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മഴയും വെള്ളപ്പൊക്കവും സംസ്ഥാനത്ത് 36,829 കർഷകരെ ബാധിച്ചതായി കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. 3,264 ഹെക്ടർ കൃഷിയിടങ്ങൾക്ക് നാശമുണ്ടായി. ഏകദേശം 99.29 കോടി രൂപയുടെ വിളനാശമാണ് കണക്കാക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാരിനോട് 110 കോടി രൂപയുടെ സാമ്പത്തിക സഹായം ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ തുടർന്നേക്കുമെന്ന കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിലാണ് ഈ നിർദേശങ്ങൾ. പൊതുജനങ്ങൾ സർക്കാർ, ദുരന്തനിവാരണ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ഇത്തരം മേഖലകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. മലയോര മേഖലകളിലേക്കും നദീതീരങ്ങളിലേക്കുമുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR