ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് ആലപ്പുഴയിൽ;
Alappuzha , 08 ഓഗസ്റ്റ് (H.S.) അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിൻ്റെ മരുമകനും വ്യവസായിയുമായ മൈക്കൽ ബൂലോസ് ആലപ്പുഴയിൽ. സ്വകാര്യ സന്ദർശനത്തിനായാണ് ഇദ്ദേഹം ആലപ്പുഴയിലെത്തിയത് എന്നാണ് പുറത്തുവരുന്ന വിവരം. സ്വകാര്യ വിനോദയാത്രയുടെ ഭാഗമായി കേരളത്തിലെത്ത
MICHAEL BOULO VISITS KERALA


Alappuzha , 08 ഓഗസ്റ്റ് (H.S.)

അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിൻ്റെ മരുമകനും വ്യവസായിയുമായ മൈക്കൽ ബൂലോസ് ആലപ്പുഴയിൽ. സ്വകാര്യ സന്ദർശനത്തിനായാണ് ഇദ്ദേഹം ആലപ്പുഴയിലെത്തിയത് എന്നാണ് പുറത്തുവരുന്ന വിവരം. സ്വകാര്യ വിനോദയാത്രയുടെ ഭാഗമായി കേരളത്തിലെത്തിയ ബൂലോസ് ആലപ്പുഴയിലെ കായൽ സൗന്ദര്യം ആസ്വദിക്കനാണ് ഹൗസ്ബോട്ട് യാത്ര ആരംഭിച്ചത്. ഇന്ന് വൈകുന്നേരം വരെ ആലപ്പുഴയിൽ തുടരും. ഇന്ത്യയിലെ യുഎസ് സ്ഥാനപതി സെർജിയോ ഗോറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

തുടർന്ന് കൊച്ചിയിലേക്ക് മടങ്ങുമെന്നാണ് വിവരം. രാവിലെ ചാർട്ടേഡ് വിമാനത്തിൽ ബെംഗളൂരുവിലെത്തിയ ബൂലോസും സംഘവും പിന്നീട് നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. അവിടെ നിന്നാണ് റോഡ് മാർഗം ആലപ്പുഴയിലേക്ക് എത്തിയത്. എട്ട് പേരടങ്ങുന്ന സംഘമാണ് മൈക്കൽ ബൂലോസിന് ഒപ്പമുള്ളത്. അമേരിക്കൻ എംബസിയിലെ ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ആലപ്പുഴയിലെ സ്പൈസ് റൂട്ട് ഹൗസ്ബോട്ടിലാണ് മൈക്കൽ ബൂലോസ് കായൽ യാത്ര നടത്തുന്നത്. വേമ്പനാട് കായലിൻ്റെ പ്രകൃതി ഭംഗി ആസ്വദിക്കും. ഒപ്പം പരമ്പരാഗത കേരളീയ നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായ ചുണ്ടൻ വള്ളങ്ങളുടെ ട്രയൽ കാണാനും അദ്ദേഹത്തിന് അവസരമൊരുക്കിയിരുന്നു. സന്ദർശനത്തിന് ശേഷം സംഘം കൊച്ചിയിലേക്ക് മടങ്ങും.

സുരക്ഷാ കാരണങ്ങളാൽ ബൂലോസിൻ്റെ സന്ദർശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. സ്വകാര്യ വിനോദസഞ്ചാരത്തിൻ്റെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ കേരള സന്ദർശനമെന്നാണ് ലഭിക്കുന്ന വിവരം. അമേരിക്കൻ ബിസിനസ് എക്സിക്യൂട്ടീവായ മൈക്കൽ ബൂലോസ് ഡൊണൾഡ് ട്രംപിൻ്റെ മകൾ ടിഫാനിയുടെ ഭർത്താവാണ്. അമേരിക്കൻ വ്യവസായിയും നയതന്ത്രജ്ഞനുമായ മസാദ് ബൂലോസിൻ്റെ മകനാണ് മൈക്കൽ ബൂലോസ്. പ്രമുഖ അന്താരാഷ്ട്ര വ്യക്തിത്വത്തിൻ്റെ ആലപ്പുഴ സന്ദർശനം പ്രദേശത്ത് ശ്രദ്ധേയമായിരിക്കുകയാണ്.

ഇന്നാണ് മൈക്കൽ ബൗലോസും സംഘവും സ്വകാര്യ സന്ദർശനത്തിനായി കൊച്ചിയിൽ എത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മുഖ്യമന്ത്രി വി ഡി സതീശൻ ബൗലോസുമായി ചർച്ച നടത്തിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഈ റിപ്പോർട്ടുകൾ നിഷേധിക്കുകയായിരുന്നു. മൈക്കൽ ബൂലോസിൻ്റെ സന്ദർശന വിവരം സംസ്ഥാന സർക്കാരിന് നേരത്തെ അറിയുമായിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ വിവരം പുറത്തുവിട്ടിരുന്നില്ല.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സെര്ജിയോ ഗോര്

അതേസമയം ഇന്ത്യയിലെ യുഎസ് സ്ഥാനപതി സെർജിയോ ഗോറുമായി മുഖ്യമന്ത്രി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി. ഉന്നത വിദ്യാഭ്യാസം, വിനോദസഞ്ചാരം, സംസ്കാരം, നിക്ഷേപം, സമുദ്ര വികസനം തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ചീഫ് സെക്രട്ടറിയും മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കേരളത്തിലെയും അമേരിക്കയിലെയും സര്വ്വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും തമ്മിലുള്ള സംയുക്ത ഗവേഷണം, അധ്യാപക-വിദ്യാര്ഥി ആശയവിനിമയം, നൂതന സാങ്കേതികവിദ്യ എന്നിവയിലെ പങ്കാളിത്തത്തിൻ്റെ സാധ്യതകള് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News