Enter your Email Address to subscribe to our newsletters

Jaipur , 21 നവംബര് (H.S.)
ജയ്പൂർ: രാജസ്ഥാനിൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിയെ ബഹുദൂരം പിന്നിലാക്കി കോൺഗ്രസിന് തകർപ്പൻ വിജയം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 3,701 പഞ്ചായത്ത് സമിതി സീറ്റുകളിലും 599 ജില്ലാ പരിഷത്ത് സീറ്റുകളിലും കോൺഗ്രസ് വിജയിച്ചു. ബി.ജെ.പിക്ക് 2,181 പഞ്ചായത്ത് സമിതി സീറ്റുകളും 301 ജില്ലാ പരിഷത്ത് സീറ്റുകളും മാത്രമാണ് നേടാനായത്. മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തി മൂന്ന് വർഷം തികയാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ് ഈ കനത്ത തിരിച്ചടി.
പ്രമുഖ ജില്ലകളിലും മുഖ്യമന്ത്രിയുടെ തട്ടകത്തിലും കോൺഗ്രസ് തരംഗം
വോട്ടെണ്ണൽ നടന്ന 37 ജില്ലകളിൽ 33 ഇടത്തും പഞ്ചായത്ത് സമിതി സീറ്റുകളുടെ എണ്ണത്തിൽ കോൺഗ്രസ് ബി.ജെ.പിയെ മറികടന്നു. അജ്മീർ, ബലോത്ര, സാലംബർ, ഉദയ്പൂർ എന്നീ നാല് ജില്ലകളിൽ മാത്രമാണ് ബി.ജെ.പിക്ക് മുന്നിലെത്താനായത്. തലസ്ഥാനമായ ജയ്പൂരിൽ 216 പഞ്ചായത്ത് സമിതി സീറ്റുകൾ കോൺഗ്രസ് നേടിയപ്പോൾ ബി.ജെ.പി 87 സീറ്റുകളിലൊതുങ്ങി. ജോധ്പൂർ, ഭിൽവാര, ബിക്കാനീർ, ദൗസ, സിക്കാർ തുടങ്ങിയ ജില്ലകളിലും കോൺഗ്രസ് വൻ ആധിപത്യം പുലർത്തി.
മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയുടെ സ്വന്തം ജില്ലയായ ഭരത്പൂരിൽ കോൺഗ്രസ് 46 സീറ്റുകൾ നേടിയപ്പോൾ ബി.ജെ.പിക്ക് 32 സീറ്റുകൾ മാത്രമാണ് ലഭിച്ചത്; ഇവിടെ 76 സീറ്റുകളിൽ സ്വതന്ത്രർ വിജയിച്ചു. ആഭ്യന്തര സഹമന്ത്രി ജവഹർ സിംഗ് ബേദത്തിന്റെ ജില്ലയായ ദീഗിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയേറ്റു. ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിൽ 24 ജില്ലകളിൽ കോൺഗ്രസ് മുന്നിലെത്തിയപ്പോൾ ആറ് ജില്ലകളിൽ മാത്രമാണ് ബി.ജെ.പിക്ക് ലീഡ് നേടാനായത്.
പ്രാദേശിക പാർട്ടികളുടെ പ്രകടനവും പ്രമുഖരുടെ പരാജയവും
നാഗൗർ എം.പി ഹനുമാൻ ബെനിവാളിന്റെ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി (ആർ.എൽ.പി) 496 പഞ്ചായത്ത് സമിതി സീറ്റുകളും 37 ജില്ലാ പരിഷത്ത് സീറ്റുകളും സ്വന്തമാക്കി. ഭാരത് ആദിവാസി പാർട്ടി (ബി.എ.പി) 276 പഞ്ചായത്ത് സമിതി സീറ്റുകളിലും 22 ജില്ലാ പരിഷത്ത് സീറ്റുകളിലും വിജയിച്ചു. ബി.എസ്.പി 60 പഞ്ചായത്ത് സമിതി സീറ്റുകളും സി.പി.ഐ (എം) 50 സീറ്റുകളും നേടിയപ്പോൾ സ്വതന്ത്രർ 627 സീറ്റുകളിൽ വിജയക്കൊടി പാറിച്ചു.
സിക്കാർ ജില്ലയിൽ നഗരവികസന മന്ത്രി ജാബർ സിംഗ് ഖാരയുടെ ഭാര്യയും രണ്ട് മക്കളും പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് ബി.ജെ.പിക്ക് നാണക്കേടായി. അതേസമയം, ചുരു ജില്ലയിൽ മുതിർന്ന ബി.ജെ.പി നേതാവ് രാജേന്ദ്ര റാത്തോഡിന്റെ മകനും മരുമകളും ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ചു.
ജനവിധി സർക്കാരിനെതിരായ വികാരമെന്ന് കോൺഗ്രസ്
ഭരണകൂടത്തിന്റെ അവഗണനയ്ക്കും പാലിക്കപ്പെടാത്ത വാഗ്ദാനങ്ങൾക്കുമെതിരെ ഗ്രാമീണ വോട്ടർമാരും കർഷകരും തൊഴിലാളികളും നൽകിയ ശക്തമായ സന്ദേശമാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്ന് മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു. പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ലെന്ന് സമ്മതിച്ച ബി.ജെ.പി വക്താവ് രാം ലാൽ ശർമ്മ, ഫലം വിശദമായി അവലോകനം ചെയ്ത് തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി. സംസ്ഥാനത്തെ ആകെ 41 ജില്ലകളിൽ ബാക്കിയുള്ള കോട്ട, ബാരൻ, കരൗലി, ശ്രീ ഗംഗാനഗർ എന്നീ നാല് ജില്ലകളിലെ വോട്ടെണ്ണൽ നിലവിലെ സമിതികളുടെ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ഡിസംബർ 17-നാണ് നടക്കുക.
---------------
Hindusthan Samachar / Roshith K