ശബരിമല തീർത്ഥാടകർക്ക് കരുതലായി ആരോഗ്യവകുപ്പ് ;13,029 പേർക്ക് ചികിത്സ; ഹൃദയാഘാതമുണ്ടായ 11 പേർക്ക് പുതുജീവൻ; 13 അപസ്മാര ബാധിതരുടെ ജീവൻ രക്ഷിച്ചു
Thiruvananthapuram, 21 നവംബര്‍ (H.S.) തിരുവനന്തപുരം: ശബരിമല തീർത്ഥാടനപാതയിൽ ഭക്തർക്ക് ആരോഗ്യവകുപ്പിന്റെ കരുതൽ. തീർത്ഥാടനം ആരംഭിച്ച് ആദ്യ അഞ്ച് ദിവസങ്ങൾ പിന്നിടുമ്പോൾ ശരണപാതയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളിലായി 13,029 തീർത്ഥാടകർക്ക് ചികിത്സ ലഭ്യമാക്കിയ
km


Thiruvananthapuram, 21 നവംബര്‍ (H.S.)

തിരുവനന്തപുരം: ശബരിമല തീർത്ഥാടനപാതയിൽ ഭക്തർക്ക് ആരോഗ്യവകുപ്പിന്റെ കരുതൽ. തീർത്ഥാടനം ആരംഭിച്ച് ആദ്യ അഞ്ച് ദിവസങ്ങൾ പിന്നിടുമ്പോൾ ശരണപാതയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളിലായി 13,029 തീർത്ഥാടകർക്ക് ചികിത്സ ലഭ്യമാക്കിയതായി ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു. നവംബർ 21 ഉച്ചവരെയുള്ള കണക്കാണിത്. ഹൃദയാഘാതം നേരിട്ട 16 പേരിൽ 11 പേരുടെ ജീവൻ സമയബന്ധിതമായ ചികിത്സയിലൂടെ രക്ഷിക്കാനായി. അപസ്മാരം ബാധിച്ച 13 പേരുടെയും ജീവൻ രക്ഷിക്കാൻ ആരോഗ്യപ്രവർത്തകർക്ക് കഴിഞ്ഞു.

തീർത്ഥാടനപാതയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ആരോഗ്യസേവനങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം, ചരൽമേട്, നിലയ്ക്കൽ എന്നിവിടങ്ങളിലെ ആരോഗ്യകേന്ദ്രങ്ങളിലായി യഥാക്രമം 2,242, 389, 873, 4,953, 1,126, 1,550 പേർ ചികിത്സ തേടി. എമർജൻസി മെഡിക്കൽ സെന്ററുകളിൽ 4,360 കേസുകൾ കൈകാര്യം ചെയ്തു. വിദഗ്ധ ചികിത്സ ആവശ്യമായ 116 പേരെ എമർജൻസി മെഡിക്കൽ സെന്ററുകളിൽനിന്നും തീർത്ഥാടന

പാതയിലെ വിവിധ ആശുപത്രികളിൽനിന്നുമായി മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്തു.

തീർത്ഥാടകർക്ക് ആവശ്യമായ ചികിത്സ സമയബന്ധിതമായി ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഏകോപിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ കാലതാമസമില്ലാതെ ചികിത്സ ലഭ്യമാക്കുന്നതിനും വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ ഉയർന്ന ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രികളിലേക്ക് മാറ്റുന്നതിനും പ്രത്യേക സംവിധാനമുണ്ട്.

തീർത്ഥാടനത്തിന്റെ തുടക്കം മുതൽ ദർശനം കഴിഞ്ഞ് ഭക്തർ സുരക്ഷിതമായി മടങ്ങുന്നതുവരെയും ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ തീർത്ഥാടകനും സുരക്ഷിതമായി ദർശനം നടത്തി മടങ്ങാൻ കഴിയുന്ന സാഹചര്യം ഉറപ്പാക്കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യമെന്നും മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

*മലകയറ്റത്തിൽ ജാഗ്രത പാലിക്കണം*

മലകയറ്റത്തിനിടെ ഓരോ ഭക്തനും സ്വന്തം ആരോഗ്യസ്ഥിതിയും ശാരീരികശേഷിയും പരിഗണിച്ച് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്നിർദേശിച്ചു. പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങളുള്ളവർ തീർത്ഥാടനത്തിന് മുമ്പ് ഡോക്ടറുടെ നിർദേശം തേടണം. വ്രതകാലത്തും ഡോക്ടർ നിർദേശിച്ച മരുന്നുകൾ മുടക്കാതെ കഴിക്കണം. യാത്രയ്ക്കാവശ്യമായ മരുന്നുകൾ കൈവശം കരുതുകയും വേണം.

പമ്പയിൽനിന്ന് സന്നിധാനത്തേക്കുള്ള മലകയറ്റം സ്വന്തം ശാരീരികശേഷിക്കനുസരിച്ച് സാവധാനത്തിലാക്കണം. ഇടയ്ക്കിടെ വിശ്രമിക്കണം. അമിതമായ ശാരീരിക അധ്വാനം ഒഴിവാക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും വേണം. പ്രായമായവരും ഹൃദ്രോഗം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവരും പ്രത്യേക ജാഗ്രത പുലർത്തണം.

നെഞ്ചുവേദന, ശ്വാസതടസ്സം, അമിതമായ ക്ഷീണം, തലകറക്കം, തളർച്ച തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ മലകയറ്റം ഉടൻ നിർത്തി സമീപത്തെ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണം. ഇത്തരം ലക്ഷണങ്ങൾ അവഗണിച്ച് യാത്ര തുടരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

അടിയന്തര വൈദ്യസഹായത്തിന് 108 എന്ന നമ്പറിലും ശബരിമല ആരോഗ്യസേവനങ്ങളുടെ ഹെൽപ് ലൈൻ നമ്പറായ 04735 203232 ലും ബന്ധപ്പെടാം.

---------------

Hindusthan Samachar / Sreejith S


Latest News