യുവമനസ്സുകൾക്കു നേടാനാകാത്തതായി ഒന്നുമില്ല: പ്രധാനമന്ത്രി
Keralam, 21 നവംബര് (H.S.) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാളിലെ ഐഐടി ഖരഗ്പുരിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തു. സദസ്സിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഇന്ത്യയുടെ ഭൂതകാലം, വർത്തമാനം, ഭാവി എന്നിവയുമായി ബന്ധപ്പെട്ട കഴിവു
നരേന്ദ്ര മോദി


Keralam, 21 നവംബര് (H.S.)

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാളിലെ ഐഐടി ഖരഗ്പുരിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തു. സദസ്സിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഇന്ത്യയുടെ ഭൂതകാലം, വർത്തമാനം, ഭാവി എന്നിവയുമായി ബന്ധപ്പെട്ട കഴിവും അഭിലാഷങ്ങളുമുള്ള തലമുറയാണ് തനിക്ക് മുന്നിലിരിക്കുന്നതെന്ന് പറഞ്ഞു. സ്ഥാപനത്തിന്റെ 75 വർഷത്തെ യാത്ര ആഘോഷിക്കാനും അതിന്റെ പൈതൃകത്തെ ആദരിക്കാനുമായി ഒത്തുചേർന്നവരാണ് ഇവർ. 75 വർഷത്തിനിടെ ഐഐടി ഖരഗ്പുർ കൈവരിച്ച നിരവധി നാഴികക്കല്ലുകൾ അദ്ദേഹം എടുത്തുപറഞ്ഞു. കാളവണ്ടികളിൽ നിന്ന് ബുള്ളറ്റ് ട്രെയിനുകളിലേക്കും തപാൽ കത്തുകളിൽ നിന്ന് സോഷ്യൽ മീഡിയ സന്ദേശങ്ങളിലേക്കും ഇന്ത്യ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച കാലഘട്ടമാണിത്. ഇന്ത്യയിലെ ആദ്യത്തെ ഐഐടി എന്ന നിലയിൽ ഈ മാറ്റങ്ങളുടെ ഓരോ ഘട്ടത്തിലും സ്ഥാപനം നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെയുള്ള എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും ഐഐടി ഖരഗ്പുരിലെ പൂർവവിദ്യാർഥികൾക്കും ഞാൻ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും മോദി പറഞ്ഞു.

ക്യാമ്പസ് ജീവിതത്തിലെ ചില ഓർമകൾ ജീവിതകാലം മുഴുവൻ നിലനിൽക്കുമെന്ന് അനുസ്മരിച്ച പ്രധാനമന്ത്രി, പതിറ്റാണ്ടുകൾക്കുശേഷവും ചെഡീസിലെ ചായക്കടയിലെ ചർച്ചകൾ പല പൂർവവിദ്യാർഥികളും സ്നേഹത്തോടെ ഓർക്കുന്നുണ്ടാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. മറ്റ് സ്ഥാപനങ്ങളിലെ ഹോസ്റ്റലുകളിൽനിന്ന് വ്യത്യസ്തമായി, ഓരോ വിദ്യാർഥിക്കും ഏറെ അഭിമാനിക്കാവുന്ന ഹാളുകളാണ് ഐഐടി ഖരഗ്പുരിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്തിടെ നടന്ന ദീപാവലി ആഘോഷങ്ങളെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, ഐഐടി ഖരഗ്പുരിലെ ദീപാവലി ആവേശം തികച്ചും സവിശേഷമാണെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും വിവിധ ഹാളുകൾ തമ്മിലുള്ള മത്സരങ്ങൾ അവിടുത്തെ ഇല്യൂമിനേഷൻ ആഘോഷങ്ങൾക്ക് കൂടുതൽ മനോഹാരിത പകരുന്നുണ്ടെന്നും പറഞ്ഞു. ഇത്തവണത്തെ മത്സരത്തിൽ ഏത് ഹാളിനാണ് വിജയിക്കാനായത്? പ്രധാനമന്ത്രി ആരാഞ്ഞു.

ആശയങ്ങൾക്ക് കരുത്തുപകരുകയും ദേശീയ പ്രസ്ഥാനങ്ങൾക്ക് ജന്മം നൽകുകയും ചെയ്ത മണ്ണാണ് ബംഗാളെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സ്വാതന്ത്ര്യസമര സേനാനികൾക്കായുള്ള മുൻകാല തടങ്കൽപ്പാളയം നിലനിന്നിരുന്ന അതേ സ്ഥലത്താണ് ഐഐടി ഖരഗ്പുർ സ്ഥിതിചെയ്യുന്നതെന്ന് ഓർമിപ്പിച്ചു. സ്വയംഭരണം ആഗ്രഹിക്കുകയും ഇന്ത്യ ലോകത്തിന്റെ നെറുകയിൽ എത്തുന്നത് സ്വപ്നം കാണുകയും ചെയ്ത ഇന്ത്യക്കാരുടെ അടങ്ങാത്ത ധൈര്യത്തിന് പതിറ്റാണ്ടുകൾക്കുമുമ്പ് ഈ സ്ഥലം സാക്ഷ്യം വഹിച്ചിരുന്നു. ഇന്ന് അതേ ക്യാമ്പസിൽ, ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിനുള്ള കരുത്തായി മാറുന്ന നൂതനാശയങ്ങളും കണ്ടുപിടിത്തങ്ങളുമായി യുവതലമുറയെ വാർത്തെടുക്കുകയാണ്. മുൻകാലങ്ങളിൽ സ്വയംഭരണത്തിനും സ്വാതന്ത്ര്യത്തിനുമായിരുന്നു ആഗ്രഹമെങ്കിൽ ഇന്ന് സ്വയംപര്യാപ്തതയ്ക്കും ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള അവസരങ്ങൾക്കുമാണ് രാജ്യം പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം താരതമ്യം ചെയ്തു. അഭിലാഷങ്ങളിൽ നിന്ന് സ്വയംപര്യാപ്തതയിലേക്കുള്ള ഈ യാത്രയാണ് വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള യഥാർഥ ഊർജമെന്നും മോദി വ്യക്തമാക്കി.

സ്വാതന്ത്ര്യം നേടിയ ഇന്ത്യയിൽ, ആദ്യ പൊതുതെരഞ്ഞെടുപ്പ് പോലും നടക്കുന്നതിന് മുമ്പ് സ്ഥാപിതമായ ഐഐടി ഖരഗ്പുരിന്റെ യാത്രയും പ്രധാനമന്ത്രി അനുസ്മരിച്ചു. വ്യവസായ-അടിസ്ഥാനസൗകര്യ മേഖലകളുടെ വികസനത്തിന് എൻജിനിയർമാരെ ആവശ്യമായിരുന്ന കാലമായിരുന്നു അത്. ഇന്ത്യയുടെ ശാസ്ത്രസാങ്കേതിക ശേഷി വളർന്നതോടെ ഇവിടുത്തെ ബിരുദധാരികൾ ബഹിരാകാശ-ആണവോർജ പദ്ധതികളുടെ പുരോഗതിയിൽ പങ്കാളികളായി. പിന്നീട് വിവരസാങ്കേതികവിദ്യയുടെ കാലഘട്ടത്തിലും ആഗോള സമ്പദ്വ്യവസ്ഥയിലും ഇന്ത്യയുടെ സോഫ്റ്റ്വെയർ വ്യവസായത്തിന് കരുത്തുപകരുകയും പ്രമുഖ ആഗോള കമ്പനികൾക്ക് നേതൃത്വം നൽകുകയും ചെയ്തു. ഓരോ കാലഘട്ടത്തിലും രാഷ്ട്രനിർമാണത്തിനായുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാൻ സ്ഥാപനം മുന്നോട്ടുവന്നിട്ടുണ്ടെന്നും ഇന്ത്യ വികസിത രാഷ്ട്മെന്ന നിലയിലേക്കു മുന്നേറുമ്പോൾ രാജ്യത്തിന്റെ വികസനത്തിലും നൂതനാശയങ്ങളുടെ വളർച്ചയിലും ഐഐടി ഖരഗ്പുരിന്റെ 75 വർഷത്തെ അനുഭവസമ്പത്ത് വലിയ പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളിൽ പൂർണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്നത്തെ അഭിലാഷങ്ങളുള്ള ഇന്ത്യയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നിങ്ങൾ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട് - പ്രധാനമന്ത്രി പറഞ്ഞു.

ഒരു വ്യക്തിയുടെ കഴിവ് നിർണയിക്കുന്നത് പ്രതിബന്ധങ്ങളെ എത്ര വേഗത്തിൽ മറികടക്കുന്നു എന്നതിലല്ല, മറിച്ച് അവയെ വെല്ലുവിളിക്കാനുള്ള ധൈര്യത്തിലാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. പലപ്പോഴും ഏവരും സ്വന്തം ചിന്തകൾക്ക് സ്വയം അതിരുകൾ നിശ്ചയിക്കാറുണ്ടെന്നും ഇതിനെ ‘പരിമിതപ്പെടുത്തുന്ന വിശ്വാസങ്ങൾ’ എന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ചിന്തകൾ അവരുടെ സ്വപ്നങ്ങളെയും കഴിവുകളെയും രാജ്യത്തിന്റെ ശേഷിയെത്തന്നെയും പരിമിതപ്പെടുത്തുന്നു. എന്താണ് സാധ്യമെന്നും അസാധ്യമെന്നും അവർ സ്വയം തീരുമാനിക്കുന്ന അവസ്ഥയിലേക്ക് ഇത് നയിക്കുന്നു. നമ്മുടെ ചിന്തകളുടെ പരിധിയെതന്നെ ലോകത്തിന്റെ പരിധിയായി നാം കണക്കാക്കുന്നു മോദി നിരീക്ഷിച്ചു.

ചിന്തകളുടെ പരിമിതികൾ മറികടക്കുമ്പോൾ മാത്രമാണ് രാജ്യങ്ങൾക്കും സ്വന്തം കഴിവുകൾ തിരിച്ചറിയാൻ കഴിയുകയെന്നും സമീപ വർഷങ്ങളിൽ ഇന്ത്യ ഇത് തെളിയിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ധൈര്യപൂർവം പ്രഖ്യാപിച്ചു: പരിധികൾ ഭേദിക്കുക, സാധ്യതകൾ തുറന്നിടുക - പ്രധാനമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ 12 വർഷത്തിനിടെ ദരിദ്രരെ ശാക്തീകരിക്കുകയും അവരുടെ ജീവിതം സുഗമമാക്കുന്നതിനായി വിവിധ പദ്ധതികൾ നടപ്പാക്കുകയും ചെയ്ത്, സർക്കാർ ഈ മനോഭാവത്തിൽ മാറ്റംവരുത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. അതിന്റെ ഫലങ്ങൾ ഇന്ന് ദൃശ്യമാണ്. വെറും 12 മുതൽ 13 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 50 കോടി പേർ ദാരിദ്ര്യത്തിൽനിന്ന് കരകയറിയതായി വ്യക്തമാക്കുന്ന ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് ഉദ്ധരിച്ച അദ്ദേഹം ഈ നേട്ടത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. ഇതൊരു ചെറിയ മാറ്റമല്ല; 'പരിധികൾ ഭേദിക്കുക' എന്ന മനോഭാവത്തിന്റെ ഫലമാണിത് - പ്രധാനമന്ത്രി നിരീക്ഷിച്ചു.

സെമികണ്ടക്ടർ ദൗത്യം മറ്റൊരുദാഹരണമായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഈ പദ്ധതി ആരംഭിച്ചപ്പോൾ നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നുവെന്ന് പറഞ്ഞു. മറ്റ് രാജ്യങ്ങൾ 50 വർഷമായി സെമികണ്ടക്ടറുകൾ നിർമിച്ചുവരുമ്പോൾ ഇപ്പോൾ ഇന്ത്യക്ക് ഇതിന്റെ ആവശ്യമെന്താണെന്നും ഇനി ഇന്ത്യക്ക് എന്ത് നേടാനാകുമെന്നുമായിരുന്നു ചോദ്യങ്ങൾ. അതുകൊണ്ടുതന്നെ സെമികണ്ടക്ടർ ദൗത്യത്തെക്കുറിച്ച് ഞാൻ സംസാരിച്ചപ്പോൾ, വളരെ വൈകിപ്പോയെന്നാണ് ചിലർ പറഞ്ഞത് മോദി പറഞ്ഞു.

എന്നാൽ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നതായും നേരത്തേ വൈകിപ്പോയി എന്ന കാരണത്താൽ ഇന്ത്യ ഇനിയും കൈയുംകെട്ടി ഇരിക്കണമോയെന്ന് ചോദിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. പദ്ധതികൾ ആവിഷ്കരിക്കുന്നതിനായി ഉദ്യോഗസ്ഥരെ നേരിട്ട് ഒരുമിച്ചിരുത്തി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതും അദ്ദേഹം അനുസ്മരിച്ചു. വെറും നാല് വർഷത്തിനുള്ളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി സെമികണ്ടക്ടർ നിർമ്മാണ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു. ഇന്ത്യ ചിപ്പുകൾ കയറ്റുമതി ചെയ്യാനും തുടങ്ങി. ഐഐടി ഖരഗ്പുരിലെ പൂർവവിദ്യാർഥികളിൽ പലരും ഇത്തരം കേന്ദ്രങ്ങൾക്ക് നേതൃത്വം നൽകുകയും അവയുടെ പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്യുന്നുണ്ട്. മറ്റ് രാജ്യങ്ങളിൽ ഇത് നേരത്തേ ചെയ്തുകഴിഞ്ഞു, ഇനി നമ്മൾ എന്തിന് സെമികണ്ടക്ടറുകൾ നിർമിക്കണം എന്ന് ചിന്തിച്ച് നാം അത് അംഗീകരിച്ചിരുന്നെങ്കിൽ ഒന്നും സംഭവിക്കുമായിരുന്നില്ല - പ്രധാനമന്ത്രി മോദി പറഞ്ഞു.

ബഹിരാകാശ മേഖലയെ മറ്റൊരു മികച്ച ഉദാഹരണമായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, നേരത്തേ ഇന്ത്യയുടെ ബഹിരാകാശ മേഖല ഐഎസ്ആർഒയിൽ മാത്രം കേന്ദ്രീകരിച്ചിരുന്നുവെന്ന് പറഞ്ഞു. ഈ മേഖലയിലേക്കുള്ള പ്രവേശനം വലിയതോതിൽ നിയന്ത്രിക്കപ്പെട്ടിരുന്നു. ഓരോ വിക്ഷേപണത്തിനും ദൗത്യത്തിനും അതിന്റേതായ പ്രത്യേക സംവിധാനങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതുമൂലം ഐഎസ്ആർഒയ്ക്ക് പുറത്തുള്ള യുവപ്രതിഭകൾക്ക് അവസരങ്ങൾ വളരെ കുറവായിരുന്നു. നൂതനാശയ ഉപജ്ഞാതാക്കളായ യുവാക്കൾക്കും അവസരങ്ങൾ നൽകണമെന്ന് മന്ത്രാലയത്തോട് നിർദേശിച്ച്, ഇന്ത്യയുടെ ബഹിരാകാശ മേഖല യുവതലമുറയ്ക്കായി തുറന്നുകൊടുത്ത കാര്യം അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യയുടെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപിക്കാനുള്ള അഭിമാനകരമായ നേട്ടത്തിലേക്ക് രാജ്യത്തെ നയിക്കുന്നതിനായി ഐഐടി ഖരഗ്പുർ പൂർവവിദ്യാർഥിയായ പവൻ 'സ്കൈറൂട്ട് എയ്റോസ്പേസ്' സ്ഥാപിച്ചു. ഇന്ന് നിരവധി ബഹിരാകാശ സ്റ്റാർട്ടപ്പുകൾ ഇന്ത്യയുടെ ബഹിരാകാശ പദ്ധതിക്ക് വേഗം പകരുകയും ഒരിക്കൽ അസാധ്യമെന്ന് കരുതിയിരുന്ന കാര്യങ്ങൾ യാഥാർഥ്യമാക്കുകയും ചെയ്യുന്നുണ്ട്. അസാധ്യമെന്ന് കരുതിയിരുന്നത് സാധ്യമാക്കുന്നതിൽ നിങ്ങളുടെ പൂർവവിദ്യാർഥികൾ വലിയ സംഭാവന നൽകിയെന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും മോദി വ്യക്തമാക്കി.

വരാനിരിക്കുന്ന രണ്ട് പതിറ്റാണ്ടുകൾ വിദ്യാർഥികളുടെ ജീവിതത്തിലെ ഏറ്റവും ഉൽപ്പാദനക്ഷമമായ വർഷങ്ങളും ഇന്ത്യയുടെ വികസനത്തിലെ ഏറ്റവും നിർണായകമായ കാലഘട്ടവുമായിരിക്കുമെന്നും അതിനാൽ അവരിൽനിന്ന് രാജ്യത്തിന് വലിയ പ്രതീക്ഷകളുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 2047 ആകുമ്പോഴേക്കും അവരിൽ പലരും നേതൃത്വനിരയിലെത്തും. അതിനാൽ അവരുടെ ഓരോ വിജയവും രാജ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. രാജ്യത്തെ ഏത് വെല്ലുവിളി പരിഹരിക്കുന്നതിനാണ് സംഭാവന നൽകാൻ ആഗ്രഹിക്കുന്നതെന്ന് വിദ്യാർഥികൾ എപ്പോഴും സ്വയം ചോദിക്കണമെന്നും 'രാഷ്ട്രം ആദ്യം' എന്ന മന്ത്രം ഓർക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഈ മനോഭാവത്തോടെ നിങ്ങൾ മുന്നോട്ടുപോകുമ്പോൾ, അത് നിങ്ങൾക്ക് പുതിയ അവസരങ്ങൾ തുറന്നുതരികയും രാജ്യത്തിന് വലിയ നേട്ടമുണ്ടാക്കുകയും ചെയ്യും - പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ 75 വർഷമായി സ്ഥാപനം നടത്തിയ മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി, കഠിനാധ്വാനം ചെയ്യാനുള്ള ഉറച്ച തീരുമാനത്തോടെ മുന്നോട്ടുപോകാനും വികസിത ഇന്ത്യയിൽ സ്ഥാപനത്തിന്റെ നൂറാം വാർഷികാഘോഷങ്ങൾ നടത്താനും ആഹ്വാനം ചെയ്തു. എഴുന്നേൽക്കുക, ഉണരുക, ലക്ഷ്യം നേടുന്നതുവരെ അവസാനിപ്പിക്കരുത് എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകൾ ഉദ്ധരിച്ചാണ് അദ്ദേഹം ഉപസംഹരിച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News