ചേരാനല്ലൂർ വാഹനാപകടം: മോട്ടോർ വാഹനവകുപ്പിന്റെ നോട്ടീസിന് മറുപടി നൽകി ജഡ്ജി; RC റദ്ദാക്കരുതെന്ന് ആവശ്യം
Kochi, 21 നവംബര് (H.S.) കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി മോട്ടോർ വാഹനവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി. അപകടമുണ്ടാക്കിയ ആഡംബര കാറിന്റെ രജിസ്ട്രേഷൻ (RC) റദ്ദാക്കുന്നത് സംബന്ധിച്ച് നൽകിയ നോട്ടീസിന
ചേരാനല്ലൂർ വാഹനാപകടം: മോട്ടോർ വാഹനവകുപ്പിന്റെ നോട്ടീസിന് മറുപടി നൽകി ജഡ്ജി; RC റദ്ദാക്കരുതെന്ന് ആവശ്യം


Kochi, 21 നവംബര് (H.S.)

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി മോട്ടോർ വാഹനവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി. അപകടമുണ്ടാക്കിയ ആഡംബര കാറിന്റെ രജിസ്ട്രേഷൻ (RC) റദ്ദാക്കുന്നത് സംബന്ധിച്ച് നൽകിയ നോട്ടീസിനാണ് വാഹനത്തിന്റെ ഉടമയായ ജഡ്ജി വിശദീകരണം സമർപ്പിച്ചത്. പ്രായപൂർത്തിയാകാത്ത മകൻ തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല കാർ എടുത്തുകൊണ്ടുപോയതെന്നും അതിനാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കരുതെന്നും മറുപടിയിൽ വ്യക്തമാക്കുന്നു. സമാനമായ കേസുകളിലെ മുൻ കോടതി ഉത്തരവുകളും വിധിന്യായങ്ങളും ഉൾപ്പെടുത്തിയാണ് ജഡ്ജി മോട്ടോർ വാഹനവകുപ്പിന് മറുപടി കൈമാറിയിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബർ 25-ന് പുലർച്ചെ രണ്ടരയോടെ ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ മാനാപ്പൂറം ക്ഷേത്രത്തിന് സമീപമായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ജഡ്ജിയുടെ 17 വയസ്സുള്ള മകൻ അമിതവേഗതയിൽ ഓടിച്ച ബെൻസ് കാർ ഇടിച്ച് മാഞ്ഞാലി സ്വദേശിയായ തട്ടുകട ഉടമ ജയബാലകൃഷ്ണൻ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു. പ്രായപൂർത്തിയാത്ത കുട്ടി വാഹനമോടിച്ചുണ്ടായ അപകടമായതിനാൽ മോട്ടോർ വാഹന നിയമത്തിലെ കർശന വ്യവസ്ഥകൾ പ്രകാരം കാറിന്റെ രജിസ്ട്രേഷൻ റദ്ദാക്കുന്ന നടപടികളിലേക്ക് മോട്ടോർ വാഹനവകുപ്പ് കടക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് വാഹന ഉടമയായ ജഡ്ജിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

സംഭവം നടക്കുമ്പോൾ താൻ ഉറങ്ങിക്കിടക്കുകയായിരുന്നുവെന്നും മകന് വാഹനം ഓടിക്കാൻ യാതൊരു അനുമതിയും നൽകിയിരുന്നില്ലെന്നുമാണ് ജഡ്ജിയുടെ പ്രധാന വാദം. ഉടമയുടെ അറിവോടെയല്ലാതെ വാഹനം ദുരുപയോഗം ചെയ്ത സാഹചര്യത്തിൽ രജിസ്ട്രേഷൻ റദ്ദാക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് സ്ഥാപിക്കുന്നതിനായാണ് മുൻ കോടതി ഉത്തരവുകൾ കൂടി മറുപടിക്കൊപ്പം ഹാജരാക്കിയിരിക്കുന്നത്.

അതേസമയം, 17-കാരന് 25 വയസ്സുവരെ ഡ്രൈവിങ് ലൈസൻസ് അനുവദിക്കില്ലെന്ന് മോട്ടോർ വാഹനവകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിൽ ജഡ്ജിക്കെതിരെ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. നേരത്തെ ഈ കേസിൽ ജഡ്ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ജഡ്ജി സമർപ്പിച്ച മറുപടിയും അനുബന്ധ രേഖകളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുന്ന കാര്യത്തിൽ മോട്ടോർ വാഹനവകുപ്പ് അന്തിമ തീരുമാനമെടുക്കുക.

---------------

Hindusthan Samachar / Roshith K


Latest News