അടുത്ത രക്തബന്ധുക്കൾ തമ്മിലുള്ള വിവാഹം നിയന്ത്രിക്കാൻ നിയമനിർമ്മാണം പരിഗണിക്കണം: കേന്ദ്രത്തോട് സുപ്രീം കോടതി
Newdelhi , 21 നവംബര് (H.S.) ന്യൂഡൽഹി: അടുത്ത രക്തബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾ നിയന്ത്രിക്കുന്നതിനായി നിയമനിർമ്മാണം നടത്തുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. ഇത്തരം വിവാഹങ്ങൾ മൂലം ജനിക്കുന്ന കുട്ടികൾക്കുണ്ടാകാൻ
അടുത്ത രക്തബന്ധുക്കൾ തമ്മിലുള്ള വിവാഹം നിയന്ത്രിക്കാൻ നിയമനിർമ്മാണം പരിഗണിക്കണം: കേന്ദ്രത്തോട് സുപ്രീം കോടതി


Newdelhi , 21 നവംബര് (H.S.)

ന്യൂഡൽഹി: അടുത്ത രക്തബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾ നിയന്ത്രിക്കുന്നതിനായി നിയമനിർമ്മാണം നടത്തുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. ഇത്തരം വിവാഹങ്ങൾ മൂലം ജനിക്കുന്ന കുട്ടികൾക്കുണ്ടാകാൻ സാധ്യതയുള്ള ജനിതക വൈകല്യങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ വ്യാപകമായ ബോധവൽക്കരണം നടത്തണമെന്നും കോടതി നിർദ്ദേശിച്ചു. വിഷയത്തിൽ സർക്കാരിന് നേരിട്ട് നിർദ്ദേശം നൽകാനല്ല, മറിച്ച് സർക്കാരിനെ ഇക്കാര്യത്തിൽ ബോധവൽക്കരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ബെംഗളൂരുവിലെ നിയമവിദ്യാർത്ഥിനിയായ ചാർവി എസ് നൽകിയ പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ആചാരങ്ങളുടെ പേരിൽ മാത്രം കുട്ടികളെ ഗുരുതരമായ ജനിതക രോഗങ്ങളിലേക്ക് തള്ളിവിടുന്ന ഇത്തരം വിവാഹരീതികൾ നിയമം ഇനിയും അനുവദിക്കണോ എന്ന് പരിശോധിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹം വഴി ജനിച്ച തനിക്ക് 40 ശതമാനം കാഴ്ചവൈകല്യമുണ്ടെന്നും ഹർജിക്കാരി കോടതിയെ അറിയിച്ചു.

സാമൂഹിക പരിഷ്കരണവുമായി ബന്ധപ്പെട്ട നിയമനിർമ്മാണങ്ങൾ പൂർണ്ണമായും പാർലമെന്റിന്റെയും നിയമസഭകളുടെയും അധികാരപരിധിയിൽ വരുന്ന കാര്യമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. അനുയോജ്യമായ നിയമനിർമ്മാണം നടത്തുന്നതിന്റെ ആവശ്യകത പരിഗണിക്കാനും, പാഠ്യപദ്ധതിയിലൂടെയും വിവിധ മാധ്യമങ്ങളിലൂടെയും ഇതിന്റെ ദോഷവശങ്ങളെക്കുറിച്ച് വ്യാപകമായ പ്രചാരണം നൽകാനും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നതിനായി പരിമിതമായ ലക്ഷ്യത്തോടെ ഞങ്ങൾ നോട്ടീസ് അയക്കുകയാണ്. ഞങ്ങൾ സർക്കാരിന് ഉത്തരവ് നൽകുന്നില്ല, മറിച്ച് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്, കോടതി വ്യക്തമാക്കി.

വിവാഹം എന്നത് വ്യക്തികളുടെ തിരഞ്ഞെടുപ്പാണെന്നും, കൃത്യമായ അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കാൻ ആളുകൾക്ക് കഴിയണമെന്നും കോടതി ചൂണ്ടിക്കാട്ടി. എച്ച്.ഐ.വി ബാധിതനായ ഒരാളെ വിവാഹം കഴിക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട മുൻകാല കേസ് ഉദ്ധരിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഈ പരാമർശം. ഭരണഘടനയുടെ ആർട്ടിക്കിൾ 51A പ്രകാരം ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കേണ്ടത് പൗരന്മാരുടെ മൗലിക കടമയാണെന്നും ബെഞ്ച് ഓർമ്മിപ്പിച്ചു.

അടുത്ത രക്തബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾ കുട്ടികളിൽ ജനിതക വൈകല്യങ്ങൾക്കും, അംഗവൈകല്യങ്ങൾക്കും, ശിശുമരണ നിരക്ക് വർദ്ധിക്കുന്നതിനും കാരണമാകുന്നുണ്ടെന്ന് ഹർജിക്കാരിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഗ്രാമപ്രദേശങ്ങളിൽ ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയാതെയാണ് പലരും ബന്ധുക്കളെ വിവാഹം കഴിക്കുന്നത്. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 5(iv), 5(v) എന്നിവ പ്രകാരം ആചാരങ്ങളുടെ പേരിൽ അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾക്ക് നൽകുന്ന ഇളവുകൾ കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളോടെ മാത്രമേ അനുവദിക്കാവൂ എന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. വിവാഹത്തിന് മുൻപുള്ള ജനിതക കൗൺസിലിംഗും പരിശോധനകളും നിർബന്ധമാക്കണമെന്നും, നിലവിലുള്ള വിവാഹങ്ങളെ ക്രിമിനൽ കുറ്റമാക്കാതെ ഭാവി തലമുറയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് വേണ്ടതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

---------------

Hindusthan Samachar / Roshith K


Latest News