Enter your Email Address to subscribe to our newsletters

Thiruvananthapuram , 21 നവംബര് (H.S.)
തിരുവനന്തപുരം: ലോകഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെയും അർജന്റീന ദേശീയ ഫുട്ബോൾ ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന വൻ സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർത്ത് അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് ഔദ്യോഗികമായി ഉത്തരവിറക്കിയതിന് പിന്നാലെ തുടർനടപടികൾ അതിവേഗത്തിലാക്കാൻ പ്രത്യേക അന്വേഷണ സംഘം (SIT) ഒരുങ്ങുകയാണ്.
ആഭ്യന്തരവകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുൻ മന്ത്രി വി. അബ്ദുറഹ്മാൻ, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി. സത്യപാലൻ, കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. Uഷറഫലി എന്നിവരെ എസ്.ഐ.ടി ഉടൻ തന്നെ കേസിൽ പ്രതിചേർക്കും. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാകും ഇവർക്കെതിരെ കേസെടുക്കുക. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് അന്വേഷണസംഘം ഉടൻ വിജിലൻസ് കോടതിയിൽ സമർപ്പിക്കും.
ഗുരുതര കണ്ടെത്തലുകളുമായി അന്വേഷണസംഘം
കേസിൽ പ്രതിചേർക്കപ്പെടുന്ന മൂന്നുപേരെയും ഉടൻ തന്നെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പദ്ധതിയുടെ മറവിൽ വൻതോതിലുള്ള അധികാര ദുർവിനിയോഗവും സാമ്പത്തിക ക്രമക്കേടുകളും നടന്നതായി എസ്.ഐ.ടി നേരത്തെ കണ്ടെത്തിയിരുന്നു.
-
ഔദ്യോഗിക പദവിയുടെ ദുരുപയോഗം: സ്വകാര്യ സ്പോൺസർഷിപ്പ് കമ്പനിയായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് (ആർ.ബി.സി) അന്യായമായ സാമ്പത്തിക നേട്ടമുണ്ടാക്കാൻ മുൻ മന്ത്രി വി. അബ്ദുറഹ്മാൻ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നാണ് പ്രധാന കണ്ടെത്തൽ. ടെൻഡർ നടപടികൾ പോലും പാലിക്കാതെയാണ് സ്പോൺസറെ തിരഞ്ഞെടുത്തത്. കൂടാതെ, അർജന്റീനയിൽ നിന്നും ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്നതിന് മുൻപ് തന്നെ ടീമിന്റെ വരവ് പ്രഖ്യാപിച്ചതായും, കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം ചട്ടങ്ങൾ ലംഘിച്ച് കൈമാറിയതിലൂടെ സർക്കാർ ഖജനാവിന് കോടികളുടെ നഷ്ടം വരുത്തിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
-
ചട്ടം മറികടന്നുള്ള ഇടപെടലുകൾ: കായികവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ മറികടന്ന് ഫയൽ നീക്കങ്ങൾ നടത്താനും സ്പോൺസർക്ക് അനുകൂലമായ സാഹചര്യം ഒരുക്കാനും പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി. സത്യപാലൻ നേരിട്ട് ഇടപെട്ടതായി എസ്.ഐ.ടി കണ്ടെത്തി.
-
വ്യാജകരാറിൽ സാക്ഷി: സർക്കാർ അനുമതി ലഭിക്കുന്നതിന് മുൻപ് തന്നെ സ്പോൺസർ അർജന്റീനയുമായി ഒപ്പിട്ട കരാറിൽ, സർക്കാർ പ്രതിനിധി എന്ന നിലയിൽ മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി സാക്ഷിയായി ഒപ്പുവെച്ചതും ഗുരുതര വീഴ്ചയായി അന്വേഷണസംഘം ചൂണ്ടിക്കാണിക്കുന്നു.
അന്വേഷണം അർജന്റീനയിലേക്കും
നിലവിൽ ആർ.ബി.സി എം.ഡി ആന്റോ അഗസ്റ്റിൻ, കമ്പനി എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. പുതിയ മൂന്നുപേരെക്കൂടി ഉൾപ്പെടുത്തുന്നതോടെ പ്രതിപ്പട്ടിക വിപുലമാകും. എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സാമ്പത്തിക ഇടപാടുകളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അർജന്റീന ഫുട്ബോൾ അസോസിയേഷനിൽ (AFA) നിന്നും വിവരങ്ങൾ തേടാനും, പദ്ധതിക്കായി പണം മുടക്കിയ ധനകാര്യ സ്ഥാപനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും എസ്.ഐ.ടി തീരുമാനിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K