Enter your Email Address to subscribe to our newsletters

Kannur, 23 നവംബര് (H.S.)
കണ്ണൂർ: പയ്യന്നൂരിലെ സി.പി.ഐ.എം പ്രവർത്തകൻ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയുടെ വിധിക്ക് പിന്നാലെ നിർണ്ണായക പ്രതികരണവുമായി സി.പി.ഐ.എം നേതാവ് എം.വി. ജയരാജൻ രംഗത്തെത്തി. കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ സംസ്ഥാന സർക്കാർ അടിയന്തരമായി മേൽക്കോടതിയിൽ അപ്പീൽ നൽകണമെന്നും ധനരാജിന്റെ കുടുംബത്തിന് പൂർണ്ണമായ നീതി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസിലെ ആദ്യ മൂന്ന് മുഖ്യപ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, വിചാരണ നേരിട്ട മറ്റ് പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നൽകി കോടതി വെറുതെ വിടുകയായിരുന്നു. 17 പേരെ വെറുതെ വിട്ടതായാണ് പ്രാഥമികമായി മനസ്സിലാക്കുന്നതെന്നും ഇക്കാര്യത്തിൽ സർക്കാർ അപ്പീൽ നൽകേണ്ടതുണ്ടെന്നും എം.വി. ജയരാജൻ വ്യക്തമാക്കി. സെഷൻസ് ജഡ്ജിയുടെ റാങ്കിലുള്ള ന്യായാധിപനിൽ നിന്നാണ് വിധിയുണ്ടായിട്ടുള്ളതെന്നും അതിനാൽ നിയമപരമായി അപ്പീൽ നൽകുന്നതിന് തടസ്സമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ധനരാജിനെ കൊലപ്പെടുത്തിയത് ആർ.എസ്.എസ് പ്രവർത്തകരാണെന്ന് കോടതിയുടെ പ്രാഥമിക പരിശോധനയിൽ തന്നെ വ്യക്തമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2016 ജൂലൈ 11-ന് രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ധനരാജിനെ സ്വന്തം വീടിന് മുന്നിൽ വെച്ചാണ് അക്രമിസംഘം അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച അതിക്രൂരമായ ഒരു കൊലപാതകമായിരുന്നു അന്ന് നടന്നതെന്നും എം.വി. ജയരാജൻ ഓർമ്മിപ്പിച്ചു.
ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിയിക്കുന്നതിൽ വന്ന വീഴ്ചകളും മറ്റും പരിശോധിക്കപ്പെടേണ്ടതുണ്ട്. കൊലപാതകത്തിൽ നേരിട്ടും അല്ലാതെയും പങ്കാളികളായ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഒരു കുടുംബത്തിന്റെ അത്താണിയെയാണ് അന്ന് ഇല്ലാതാക്കിയത്. അതിനാൽ, ധനരാജിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നിയമനടപടികളും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആകെ 20 ബിജെപി-ആർ.എസ്.എസ് പ്രവർത്തകർ പ്രതികളായ കേസിൽ ഒരാൾ വിചാരണയ്ക്ക് മുൻപ് കൊല്ലപ്പെട്ടിരുന്നു. ബാക്കിയുള്ള 19 പേരിൽ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികളായ ടി.പി. ബിജു, വിപിൻ എം, എം. വൈശാഖ് എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. കേസിലെ ശിക്ഷാവിധി നവംബർ 25-ന് കോടതി പ്രഖ്യാപിക്കും.
---------------
Hindusthan Samachar / Roshith K