Enter your Email Address to subscribe to our newsletters

Kannur, 23 നവംബര് (H.S.)
കണ്ണൂർ: കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി. ധനരാജ് വധക്കേസിൽ നിർണായക കോടതി വിധി. കേസിലെ ഒന്ന്, രണ്ട്, മൂന്ന് പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. ഒന്നാം പ്രതി ടി.പി. ബിജു, രണ്ടാം പ്രതി എം. വിപിൻ, മൂന്നാം പ്രതി എം. വൈശാഖ് എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.
ധനരാജിനെ നേരിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലുള്ളവരാണ് ഈ മൂന്ന് പ്രതികളെന്ന പ്രോസിക്യൂഷൻ വാദം കോടതി പൂർണമായും അംഗീകരിക്കുകയായിരുന്നു. ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ തടഞ്ഞുനിർത്തി വാളുകൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയും, തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ധനരാജിനെ വീടിന്റെ പിറകുവശത്തുവെച്ച് വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തത് ഈ മൂന്നുപേരും ചേർന്നാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. കുറ്റക്കാരെന്ന് കണ്ടെത്തിയവരിൽ രണ്ടാം പ്രതി എം. വിപിനും മൂന്നാം പ്രതി എം. വൈശാഖും സഹോദരങ്ങളാണ്.
വിചാരണ വേളയിൽ പ്രതിഭാഗം ഏറ്റവും കൂടുതൽ ചോദ്യം ചെയ്തിരുന്നത് ധനരാജിന്റെ ഭാര്യ സജിനിയുടെയും അമ്മയുടെയും സാക്ഷിമൊഴികളെയായിരുന്നു. അടുത്ത ബന്ധുക്കളുടെ മൊഴികൾ വിശ്വാസയോഗ്യമല്ലെന്ന പ്രതിഭാഗത്തിന്റെ വാദങ്ങൾ കോടതി പൂർണമായും തള്ളിക്കളഞ്ഞു. ധനരാജിന്റെ ഭാര്യ സജിനി കോടതിയിൽ നൽകിയ മൊഴി അങ്ങേയറ്റം വിശ്വസനീയമാണെന്ന് കോടതി രേഖപ്പെടുത്തി. ഭാര്യ തിരിച്ചറിഞ്ഞ മൂന്ന് പ്രതികൾക്കെതിരെയും കൊലക്കുറ്റം തെളിഞ്ഞിരിക്കുകയാണ്. കൂടാതെ, ധനരാജിന്റെ അമ്മ വിചാരണയ്ക്കിടെ ഒന്നാം പ്രതി ടി.പി. ബിജുവിനെ കണ്ടയുടൻ തിരിച്ചറിഞ്ഞതും പ്രോസിക്യൂഷന് വലിയ ബലമായി.
പത്ത് വർഷത്തിലേറെയായി ധനരാജിന്റെ കുടുംബം കാത്തിരുന്ന നീതിയാണ് കോടതി വിധിയിലൂടെ യാഥാർത്ഥ്യമായിരിക്കുന്നത്. കൊലപാതകത്തിന് പിന്നിലെ ഉദ്ദേശം (Motive) തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് വിധിപ്രസ്താവത്തിന്റെ തുടക്കത്തിൽ കോടതി നിരീക്ഷിച്ചിരുന്നെങ്കിലും, നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്ത പ്രതികളുടെ പങ്ക് സംശയാതീതമായി തെളിയിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞുവെന്നതാണ് വിധിയിലൂടെ വ്യക്തമാകുന്നത്. കേസിലെ മറ്റ് പ്രതികളുടെ കാര്യത്തിലുള്ള കോടതിയുടെ തുടർനടപടികളും കുറ്റക്കാർക്കുള്ള ശിക്ഷാവിധിയും സംബന്ധിച്ച വിവരങ്ങളാണ് ഇനി പുറത്തുവരാനുള്ളത്.
---------------
Hindusthan Samachar / Roshith K