ധനരാജ് വധക്കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാര്യ എൻ. വി. സജിനി
Kannur, 23 നവംബര് (H.S.) കണ്ണൂർ: കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച പയ്യന്നൂരിലെ സിപിഐഎം പ്രവർത്തകൻ സി. വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നിർണായക വിധി അൽപസമയത്തിനകം. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. എൻ. പ്രശാന്താണ്
ധനരാജ് വധക്കേസിൽ നിർണായക വിധി ഉടൻ; പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാര്യ എൻ. വി. സജിനി


Kannur, 23 നവംബര് (H.S.)

കണ്ണൂർ: കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച പയ്യന്നൂരിലെ സിപിഐഎം പ്രവർത്തകൻ സി. വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നിർണായക വിധി അൽപസമയത്തിനകം. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. എൻ. പ്രശാന്താണ് കേസിൽ വിധി പ്രസ്താവിക്കുന്നത്. നീണ്ട പത്ത് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ കേസിൽ വിധി വരാനിരിക്കെ, പ്രതികൾക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ധനരാജിന്റെ ഭാര്യ എൻ. വി. സജിനി മാധ്യമങ്ങളോട് പ്രതികരിച്ചു.

2016 ജൂലൈ 11-ന് രാത്രി 9.45-ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ അരുംകൊല നടന്നത്. സിപിഐഎം ഏഴിമല ബ്രാഞ്ച് മുൻ സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായിരുന്ന രാമന്തളി കുന്നരു കാരന്താട്ടെ സി. വി. ധനരാജ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. ബൈക്കുകളിൽ പിന്തുടർന്നെത്തിയ മുഖംമൂടി സംഘം ധനരാജിനെ വീടിന് സമീപത്തുവച്ച് അമ്മയുടെയും ഭാര്യയുടെയും കൺമുന്നിലിട്ട് മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ദൃക്സാക്ഷികളായ അമ്മ മാധവിയെയും ഭാര്യ സജിനിയെയും പ്രതികൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ ധനരാജിനെ ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്നുണ്ടായ കൊലപാതകത്തിൽ 20 ബിജെപി-ആർഎസ്എസ് പ്രവർത്തകരെയായിരുന്നു അന്വേഷണ സംഘം പ്രതിചേർത്തത്. എന്നാൽ, കേസിലെ പന്ത്രണ്ടാം പ്രതിയായിരുന്ന ചൂരക്കാട് ബിജു വിചാരണയ്ക്കിടെ കൊല്ലപ്പെട്ടതിനാൽ, ഒന്നാം പ്രതിയായ രാമന്തളിയിലെ ടി. പി. ബിജു ഉൾപ്പെടെ 19 പ്രതികളാണ് തളിപ്പറമ്പ് കോടതിയിൽ വിചാരണ നേരിട്ടത്. 2025 സെപ്റ്റംബറിലാണ് കേസിൽ വിചാരണ നടപടികൾ ആരംഭിച്ചത്.

വിചാരണ വേളയിൽ ധനരാജിന്റെ ഭാര്യ സജിനി, അമ്മ മാധവി, ഒന്നാം സാക്ഷിയും പരാതിക്കാരനുമായ അയൽവാസി പ്രജീഷ് എന്നിവരടക്കം പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 43 സാക്ഷികളെ കോടതി വിസ്തരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും അരിവാളും ഉൾപ്പെടെയുള്ള ആയുധങ്ങളും, രക്തക്കറ പുരണ്ട വസ്ത്രങ്ങളും, വാഹനങ്ങളുമടക്കം 33 തൊണ്ടിമുതലുകളും നൂറിലധികം രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഹൈക്കോടതി അഭിഭാഷകൻ സി. കെ. ശ്രീധരനായിരുന്നു കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി ഹാജരായത്.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക പരമ്പരകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കേസായതിനാൽ തന്നെ കോടതി വിധിയെ അതീവ ആകാംക്ഷയോടെയാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. വിധി പ്രസ്താവന കണക്കിലെടുത്ത് തളിപ്പറമ്പ് കോടതി പരിസരത്തും പയ്യന്നൂരിലും പോലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

---------------

Hindusthan Samachar / Roshith K


Latest News