കാലടി സര്വകലാശാലാ വിദ്യാര്ഥികള്ക്ക് ആശ്വാസം; സസ്പെന്ഷന് റദ്ദാക്കി ഹൈക്കോടതി, പ്രത്യേക പരീക്ഷ നടത്താന് ഉത്തരവ്
Kochi, 23 നവംബര് (H.S.) കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്വകലാശാലയില് മാസങ്ങളായി സമരം ചെയ്തുവന്ന വിദ്യാര്ഥികള്ക്ക് നിര്ണായക നിയമവിജയം. സര്വകലാശാല സസ്പെന്ഡ് ചെയ്ത 16 വിദ്യാര്ഥികളുടെ സസ്പെന്ഷന് ഉത്തരവ് കേരള ഹൈക്കോടതി സിംഗിള് ബെഞ്ച് റദ്ദാക്കി.
കാലടി സര്വകലാശാലാ വിദ്യാര്ഥികള്ക്ക് ആശ്വാസം; സസ്പെന്ഷന് റദ്ദാക്കി ഹൈക്കോടതി, പ്രത്യേക പരീക്ഷ നടത്താന് ഉത്തരവ്


Kochi, 23 നവംബര് (H.S.)

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്വകലാശാലയില് മാസങ്ങളായി സമരം ചെയ്തുവന്ന വിദ്യാര്ഥികള്ക്ക് നിര്ണായക നിയമവിജയം. സര്വകലാശാല സസ്പെന്ഡ് ചെയ്ത 16 വിദ്യാര്ഥികളുടെ സസ്പെന്ഷന് ഉത്തരവ് കേരള ഹൈക്കോടതി സിംഗിള് ബെഞ്ച് റദ്ദാക്കി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് അധ്യക്ഷനായ ബെഞ്ചാണ് വിദ്യാര്ഥികള്ക്ക് അനുകൂലമായ വിധി പ്രസ്താവിച്ചത്. സസ്പെന്ഷന് നടപടിയോടൊപ്പം സര്വകലാശാല നിയോഗിച്ച അച്ചടക്ക സമിതിയുടെ അന്വേഷണ റിപ്പോര്ട്ടും കോടതി റദ്ദാക്കിയിട്ടുണ്ട്. കൂടാതെ, നടപടി നേരിട്ട വിദ്യാര്ഥികള്ക്കായി ആറാഴ്ചയ്ക്കുള്ളില് പ്രത്യേക സെമസ്റ്റര് പരീക്ഷകള് നടത്താനും കോടതി സര്വകലാശാലയ്ക്ക് നിര്ദേശം നല്കി.

നിയമപരമായ നടപടിക്രമങ്ങള് പാലിക്കാതെയും തങ്ങളുടെ ഭാഗം കേള്ക്കാതെയുമാണ് സര്വകലാശാല ഏകപക്ഷീയമായി സസ്പെന്ഷന് നടപടി സ്വീകരിച്ചതെന്ന വിദ്യാര്ഥികളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. വിദ്യാര്ഥികളെ ഇന്നുതന്നെ ക്ലാസുകളില് തിരികെ പ്രവേശിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. സംഭവത്തില് സര്വകലാശാലയ്ക്ക് വേണമെങ്കില് ചട്ടങ്ങള് പാലിച്ച് പുതിയ അന്വേഷണം നടത്താമെന്നും, എന്നാല് അന്വേഷണത്തിന്റെ പേരില് വിദ്യാര്ഥികളെ വീണ്ടും സസ്പെന്ഡ് ചെയ്ത് പുറത്തുനിര്ത്തരുതെന്നും സിംഗിള് ബെഞ്ച് കര്ശന നിര്ദേശം നല്കിയിട്ടുണ്ട്.

ഖേദം പ്രകടിപ്പിച്ചാല് 12 വിദ്യാര്ഥികളുടെ സസ്പെന്ഷന് പിന്വലിക്കാമെന്ന നിലപാടായിരുന്നു സര്വകലാശാല കോടതിയില് സ്വീകരിച്ചിരുന്നത്. എന്നാല്, മാപ്പ് പറയണമെന്ന നിബന്ധന ചട്ടവിരുദ്ധമാണെന്നും തങ്ങളുടെ പ്രതിഷേധം വിദ്യാര്ഥി അവകാശങ്ങള്ക്ക് വേണ്ടിയുള്ളതായിരുന്നുവെന്നും വിദ്യാര്ഥികള് വാദിച്ചു. സര്വകലാശാലയുടെ മാപ്പ് പറയണമെന്ന ആവശ്യവും കോടതി തള്ളിക്കളഞ്ഞു. നേരത്തെ ഈ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയപ്പോള്, ഹൈക്കോടതി വിധി അനുകൂലമാണെങ്കില് വിദ്യാര്ഥികള്ക്കായി പ്രത്യേക പരീക്ഷ നടത്താമെന്ന് സര്വകലാശാല ഉറപ്പുനല്കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പരീക്ഷയ്ക്ക് അനുമതി ലഭിച്ചത്.

ഓഗസ്റ്റ് 13-ന് സര്വകലാശാല സിന്ഡിക്കേറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെത്തുടര്ന്നാണ് എസ്.എഫ്.ഐ പ്രവര്ത്തകരായ 16 വിദ്യാര്ഥികളെ വൈസ് ചാന്സലര് സസ്പെന്ഡ് ചെയ്തത്. 84 ദിവസമായി സസ്പെന്ഷനിലായിരുന്ന വിദ്യാര്ഥികള് സര്വകലാശാലാ കവാടത്തിന് മുന്നില് നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം 22-ാം ദിവസത്തിലേക്ക് കടന്നിരിക്കെയാണ് ആശ്വാസ വിധി എത്തിയത്.

കോടതി വിധി പുറത്തുവന്നതിന് പിന്നാലെ കാലടി സര്വകലാശാലാ ക്യാമ്പസില് വിദ്യാര്ഥികളുടെ വലിയ ആഹ്ലാദപ്രകടനം നടന്നു. 22 ദിവസമായി നിരാഹാര സമരത്തിലായിരുന്ന വിദ്യാര്ഥികള്ക്ക് നേതാക്കള് നാരങ്ങാനീര് നല്കി നിരാഹാര സമരം ഔദ്യോഗികമായി അവസാനിപ്പിച്ചു. എന്നാല്, ക്യാമ്പസിലെ മറ്റ് അടിസ്ഥാന സൗകര്യങ്ങള് ഉള്പ്പെടെയുള്ള ആവശ്യങ്ങള് അംഗീകരിക്കുന്നതുവരെ മറ്റ് സമരപരിപാടികള് തുടരുമെന്ന് വിദ്യാര്ഥി സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതി വിധി സര്വകലാശാലാ ഭരണസമിതിക്കും വൈസ് ചാന്സലര്ക്കും കനത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

---------------

Hindusthan Samachar / Roshith K


Latest News