‘ഭരണത്തിലിരിക്കുന്നവർ മരണത്തിലേക്ക് തള്ളിവിടുന്നു’: മുഖ്യമന്ത്രി വി.ഡി. സതീശനും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ്
Thiruvananthapuram , 23 നവംബര് (H.S.) തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ എൽ.പി.എസ്.ടി (ലോവർ പ്രൈമറി സ്കൂൾ ടീച്ചർ) റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന അനിശ്ചിതകാല സമരം നൂറ്റിനാല്പത് ദിവസങ്ങൾ പിന്നിടുമ്പോൾ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശന
‘ഭരണത്തിലിരിക്കുന്നവർ മരണത്തിലേക്ക് തള്ളിവിടുന്നു’: മുഖ്യമന്ത്രി വി.ഡി. സതീശനും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ്


Thiruvananthapuram , 23 നവംബര് (H.S.)

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ എൽ.പി.എസ്.ടി (ലോവർ പ്രൈമറി സ്കൂൾ ടീച്ചർ) റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന അനിശ്ചിതകാല സമരം നൂറ്റിനാല്പത് ദിവസങ്ങൾ പിന്നിടുമ്പോൾ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനുമെതിരെ അതിരൂക്ഷ വിമർശനവുമായി സമരസമിതി രംഗത്തെത്തി. ഭരണത്തിലിരിക്കുന്നവർ ഉദ്യോഗാർത്ഥികളെ മരണത്തിലേക്ക് തള്ളിവിടുകയാണെന്നും നൽകിയ വാഗ്ദാനങ്ങളിൽ നിന്നും സർക്കാർ പൂർണ്ണമായും പിന്മാറുകയാണെന്നും സമരസമിതി സെക്രട്ടറി എസ്. വളർമതി തുറന്നടിച്ചു.

അനിശ്ചിതകാല നിരാഹാര സമരം തുടരുന്നതിനിടെ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് വളർമതി വൈകാരികമായി പ്രതികരിച്ചത്. തന്റെ ആരോഗ്യനിലയെക്കുറിച്ച് സർക്കാർ ഇപ്പോൾ പ്രകടിപ്പിക്കുന്ന ആശങ്കകൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്നും അവർ ആരോപിച്ചു. ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തികഞ്ഞ ‘ഏമാൻ’ നയമാണ് സ്വീകരിക്കുന്നതെന്നും വളർമതി കുറ്റപ്പെടുത്തി.

അധ്യാപക-വിദ്യാർത്ഥി അനുപാതം കുറച്ച് പുതിയ തസ്തികകൾ സൃഷ്ടിക്കുക, നിലവിലുള്ള റാങ്ക് പട്ടികയിൽ നിന്നും പരമാവധി നിയമനങ്ങൾ നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റ് പടിക്കൽ സമരം തുടരുന്നത്. എന്നാൽ, ഉദ്യോഗാർത്ഥികളുമായി നടത്തിയ ചർച്ചകളിലൊന്നും തന്നെ ഈ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. വിഷയം പഠിക്കാൻ സമയം ആവശ്യപ്പെട്ട സർക്കാർ പിന്നീട് ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് സമരസമിതി ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. പട്ടിക പ്രസിദ്ധീകരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും വളരെ കുറച്ചുപേർക്ക് മാത്രമാണ് ഇതുവരെ നിയമനം ലഭിച്ചത്. പ്രായപരിധി അവസാനിക്കാറായ നൂറുകണക്കിന് ഉദ്യോഗാർത്ഥികളുടെ അവസാന പ്രതീക്ഷയാണ് ഈ റാങ്ക് പട്ടിക.

അതിനിടെ, നിരാഹാര സമരം തുടരുന്ന വളർമതിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് അവർ. ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാരിന്റെ ഭാഗത്തുനിന്ന് വ്യക്തമായ ഉറപ്പ് ലഭിക്കുന്നതുവരെ നിരാഹാര സമരവും പ്രതിഷേധ പരിപാടികളും മുന്നോട്ട് കൊണ്ടുപോകുമെന്ന് സമരസമിതി വ്യക്തമാക്കി. സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം.

---------------

Hindusthan Samachar / Roshith K


Latest News