സി.വി. ധനരാജ് വധക്കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും; പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് കോടതി
Thaliparamba, 25 നവംബര് (H.S.) തളിപ്പറമ്പ്: കണ്ണൂർ പയ്യന്നൂരിലെ സിപിഎം പ്രവർത്തകനും ഡിവൈഎഫ്ഐ നേതാവുമായിരുന്ന സി.വി. ധനരാജ് കൊലപാതകം. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ. ഒന്നാം പ്രതി പയ്യന്നൂർ രാമന്തളി സ്വ
സി.വി. ധനരാജ് വധക്കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും; പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് കോടതി


Thaliparamba, 25 നവംബര് (H.S.)

തളിപ്പറമ്പ്: കണ്ണൂർ പയ്യന്നൂരിലെ സിപിഎം പ്രവർത്തകനും ഡിവൈഎഫ്ഐ നേതാവുമായിരുന്ന സി.വി. ധനരാജ് കൊലപാതകം. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ. ഒന്നാം പ്രതി പയ്യന്നൂർ രാമന്തളി സ്വദേശി ടി.പി. ബിജു (34), രണ്ടാം പ്രതി എം. വിപിൻ (34), സഹോദരനും മൂന്നാം പ്രതിയുമായ എം. വൈശാഖ് (31) എന്നിവർക്കാണ് തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്ത് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിന് പുറമെ പ്രതികൾ അഞ്ച് ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. ഈ തുക കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി നൽകണം.

പ്രതികൾ യാതൊരുവിധ ദയയും അർഹിക്കുന്നില്ലെന്ന് ശിക്ഷാവിധി പ്രസ്താവിക്കവേ കോടതി വ്യക്തമാക്കി. ജീവപര്യന്തത്തിന് പുറമെ വിവിധ വകുപ്പുകൾ പ്രകാരം അഞ്ച് വർഷവും നാല് മാസവും തടവും, വീട്ടിൽ അതിക്രമിച്ചു കയറിയതിന് (ഐപിസി 447) മൂന്ന് മാസം തടവും പ്രതികൾ അനുഭവിക്കണം. ഈ ശിക്ഷകൾ അനുഭവിച്ച ശേഷമായിരിക്കും ജീവപര്യന്തം തടവ് ആരംഭിക്കുക. ഇറച്ചിക്കടകളിൽ പോലും നടക്കാത്ത രീതിയിലുള്ള ക്രൂരതയാണ് പ്രതികൾ കാട്ടിയതെന്നും, ധനരാജിന്റെ ശരീരത്തിൽ 37 വെട്ടുകളാണ് ഉണ്ടായിരുന്നതെന്നും വിധിന്യായത്തിൽ കോടതി രൂക്ഷമായി വിമർശിച്ചു.

പിഞ്ചുകുഞ്ഞുങ്ങൾ ഉറങ്ങിക്കിടന്ന മുറിയിലേക്ക് രക്തം ചീന്തുന്ന തരത്തിൽ മൃഗീയമായാണ് കൊലപാതകം നടത്തിയത്. പ്രതികളുടെ പേരിൽ മറ്റ് നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നതും കോടതി ഗൗരവമായി പരിഗണിച്ചു.

2016 ജൂലൈ 11-ന് രാത്രിയാണ് പയ്യന്നൂർ രാമന്തളി കുന്നരു കാരന്താട്ടെ വീട്ടുമുറ്റത്ത് വെച്ച് അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും കൺമുന്നിൽ സി.വി. ധനരാജ് കൊല്ലപ്പെട്ടത്. ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ പിന്തുടർന്നെത്തിയ സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. കേസിൽ ആകെ 20 ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് പ്രതികളായി ഉണ്ടായിരുന്നത്. ഇതിൽ 12-ാം പ്രതി ചൂരക്കാട് ബിജു വിചാരണ കാലയളവിൽ കൊല്ലപ്പെട്ടിരുന്നു.

വിചാരണ നേരിട്ട ബാക്കി 19 പ്രതികളിൽ, കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികളെ മാത്രമാണ് കോടതി തിങ്കളാഴ്ച കുറ്റക്കാരായി കണ്ടെത്തിയത്. ക്രിമിനൽ ഗൂഢാലോചനയും കൊലപാതകത്തിന് സഹായം നൽകിയതും തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനാൽ നാല് മുതൽ 20 വരെയുള്ള 16 പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നൽകി കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. സി.കെ. ശ്രീധരൻ ഹാജരായി. നീണ്ട പത്ത് വർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് കേസിൽ നിർണ്ണായക വിധി ഉണ്ടായിരിക്കുന്നത്.

---------------

Hindusthan Samachar / Roshith K


Latest News