Enter your Email Address to subscribe to our newsletters

Newdelhi, 25 നവംബര് (H.S.)
ന്യൂഡൽഹി: മധുരയിലെ തിരുപ്പരൻകുണ്ഡ്രം കുന്നിൻമുകളിലുള്ള വിവാദ കൽത്തൂണിൽ ('ദീപത്തൂൺ') കാർത്തിക ദീപം തെളിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിൽ സുപ്രീം കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് മധുര ജില്ലാ കളക്ടർ നിഷാന്ത് കൃഷ്ണ. ക്ഷേത്ര ഭരണസമിതിയുടെ (ദേവസ്ഥാനം) നിസ്സഹകരണം മൂലമാണ് പരമോന്നത കോടതിയുടെ നിർദ്ദേശം നടപ്പിലാക്കാൻ കഴിയാതെ പോയതെന്ന് കളക്ടർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് തമിഴ്നാട് സർക്കാരിനും ജില്ലാ ഭരണകൂടത്തിനും വേണ്ടി സീനിയർ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ ഹാജരായി വിശദീകരണം നൽകിയത്.
നവംബർ 24-ന് ഒറ്റത്തവണയായി ദീപത്തൂണിൽ കാർത്തിക ദീപം തെളിക്കാൻ സുപ്രീം കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഇതിനായി പത്ത് പേരടങ്ങുന്ന പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി ക്രമീകരണങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ കളക്ടറോട് കോടതി നിർദ്ദേശിച്ചിരുന്നു. ഈ ഉത്തരവ് നടപ്പിലാക്കുന്നതിനായി താൻ എല്ലാവിധ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയിരുന്നതായി കളക്ടർ നിഷാന്ത് കൃഷ്ണ കോടതിയെ അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥരുമായും പുരാവസ്തു വകുപ്പ് (ASI) പ്രതിനിധികളുമായും പലതവണ യോഗങ്ങൾ ചേരുകയും തിരുപ്പരൻകുണ്ഡ്രം മലമുകളിൽ നേരിട്ടെത്തി സുരക്ഷാ പരിശോധനകൾ നടത്തുകയും ചെയ്തിരുന്നു.
എന്നാൽ, ദീപം തെളിക്കുന്നതിനായി ക്ഷേത്രം ദേവസ്ഥാനത്തിന് പലതവണ ഔദ്യോഗികമായി ഇമെയിൽ അയച്ചെങ്കിലും കൃത്യസമയത്ത് അനുകൂലമായ മറുപടി ലഭിച്ചില്ലെന്ന് കളക്ടർ ചൂണ്ടിക്കാട്ടി. കാലങ്ങളായി തുടരുന്ന ആചാരങ്ങൾക്കും ആഗമ വിധികൾക്കും വിരുദ്ധമാണ് ദീപത്തൂണിൽ വിളക്ക് കൊളുത്തുന്നതെന്ന് ചൂണ്ടിക്കാട്ടി അരുൾമിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ട്രസ്റ്റ് ബോർഡ് പ്രത്യേക പ്രമേയം പാസാക്കുകയും ഇക്കാര്യം വ്യക്തമാക്കി വാർത്താക്കുറിപ്പ് ഇറക്കുകയുമാണ് ചെയ്തത്. ക്ഷേത്ര അധികൃതർ സംഘത്തിന് അനുമതി നൽകാതിരുന്നതിനാൽ ഉച്ചി പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള പരമ്പരാഗത സ്ഥാനത്ത് മാത്രമാണ് ചൊവ്വാഴ്ച ദീപം തെളിക്കാനായതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
കോടതി ഉത്തരവിനെ ധിക്കരിക്കാനോ അനാദരവ് കാണിക്കാനോ യാതൊരു ഉദ്ദേശ്യവുമില്ലായിരുന്നുവെന്നും, സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലമുണ്ടായ വീഴ്ചയിൽ നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും കളക്ടർ കോടതിയെ അറിയിച്ചു. അതേസമയം, ഉത്തരവ് ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാരൻ സമർപ്പിച്ച റിപ്പോർട്ടിന്മേൽ സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിഷയത്തിൽ കൃത്യമായ കോടതിയലക്ഷ്യ ഹർജിയുമായി (Contempt Petition) മുന്നോട്ട് വന്നാൽ അത് നിയമപരമായി പരിഗണിക്കാമെന്നും ബെഞ്ച് നിരീക്ഷിച്ചു.
---------------
Hindusthan Samachar / Roshith K