ബലാത്സംഗക്കേസ്: ഫോണിന്റെ പാസ്കോഡ് നൽകാൻ രാഹുൽ മാങ്കൂട്ടത്തിൽ ബാധ്യസ്ഥനെന്ന് സർക്കാർ ഹൈക്കോടതിയിൽ; നിയമപ്രശ്നം പരിശോധിക്കാൻ അമിക്കസ് ക്യൂറി
Kochi, 25 നവംബര് (H.S.) കൊച്ചി: തിരുവല്ലയിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ പാസ്കോഡ് അന്വേഷണ സംഘത്തിന് നൽകാൻ മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ബാധ്യസ്ഥനാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഫോണിന
ബലാത്സംഗക്കേസ്: ഫോണിന്റെ പാസ്കോഡ് നൽകാൻ രാഹുൽ മാങ്കൂട്ടത്തിൽ ബാധ്യസ്ഥനെന്ന് സർക്കാർ ഹൈക്കോടതിയിൽ; നിയമപ്രശ്നം പരിശോധിക്കാൻ അമിക്കസ് ക്യൂറി


Kochi, 25 നവംബര് (H.S.)

കൊച്ചി: തിരുവല്ലയിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ പാസ്കോഡ് അന്വേഷണ സംഘത്തിന് നൽകാൻ മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ബാധ്യസ്ഥനാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഫോണിന്റെ പാസ്വേഡ് നൽകണമെന്ന തിരുവല്ല മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ രാഹുൽ സമർപ്പിച്ച ഹർജിയിലാണ് സർക്കാർ തങ്ങളുടെ കർശന നിലപാട് വ്യക്തമാക്കിയത്. പാസ്കോഡ് നൽകാതിരിക്കാൻ രാഹുലിന് യാതൊരുവിധ ഭരണഘടനാപരമായ പരിരക്ഷയുമില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു.

തിരുവല്ലയിൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രാഹുലിന്റെ രണ്ട് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്. കേസിൽ ഡിജിറ്റൽ തെളിവുകൾ അതീവ നിർണ്ണായകമാണെന്ന് ചൂണ്ടിക്കാട്ടിയ അന്വേഷണ സംഘം, ഫോണുകൾ തുറന്ന് പരിശോധിക്കുന്നതിനായി പാസ്കോഡ് ആവശ്യപ്പെട്ടെങ്കിലും നൽകാൻ രാഹുൽ തയ്യാറായിരുന്നില്ല. തുടർന്ന് മജിസ്ട്രേറ്റ് കോടതി പാസ്കോഡ് നൽകാൻ ഉത്തരവിട്ടതോടെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.

കേസിലെ പ്രതിയായ താൻ മൊബൈൽ ഫോണിന്റെ പാസ്കോഡ് നൽകുന്നത് സ്വയം കുറ്റം സമ്മതിക്കുന്നതിനും തനിക്കെതിരെ തന്നെ മൊഴി നൽകുന്നതിനും തുല്യമാകുമെന്നാണ് രാഹുലിന്റെ പ്രധാന വാദം. ഭരണഘടനയുടെ 20(3) അനുച്ഛേദപ്രകാരം സ്വയം കുറ്റസമ്മതം നടത്തുന്നതിനെതിരെ തനിക്ക് സംരക്ഷണമുണ്ടെന്നും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, രാഹുലിന്റെ ഈ വാദങ്ങളെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. സാധാരണ ക്രിമിനൽ കേസുകളിൽ അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ രക്തം, മുടി, ശബ്ദ സാമ്പിളുകൾ എന്നിവ ശേഖരിക്കാറുണ്ട്. അതുപോലെ പരിശോധനയ്ക്കായി ഒരു വീടിന്റെ താക്കോൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുന്നതുപോലെ മാത്രമേ ഫോണിന്റെ പാസ്കോഡ് നൽകുന്നതിനെയും കാണാനാകൂ എന്ന് സർക്കാർ വാദിച്ചു. ഇതിൽ യാതൊരുവിധ ഭരണഘടനാ ലംഘനവുമില്ലെന്നും അന്വേഷണവുമായി സഹകരിക്കാൻ പ്രതി ബാധ്യസ്ഥനാണെന്നും സർക്കാർ വ്യക്തമാക്കി.

ഇരുകൂട്ടരുടെയും വിശദമായ വാദം കേട്ട ഹൈക്കോടതി, മൊബൈൽ ഫോണിന്റെ പാസ്കോഡ് കൈമാറുന്നതുമായി ബന്ധപ്പെട്ട് പ്രതിക്ക് ഭരണഘടനാപരമായ പരിരക്ഷയുണ്ടോ എന്ന സങ്കീർണ്ണമായ നിയമപ്രശ്നം പരിശോധിക്കാൻ ഒരു അമിക്കസ് ക്യൂറിയെ (Amicus Curiae) നിയോഗിക്കാൻ തീരുമാനിച്ചു. അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിന്റെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും കോടതി ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക.

---------------

Hindusthan Samachar / Roshith K


Latest News