റിയാദിലെ ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിൽ ഹൂതി ആക്രമണം; രണ്ട് ഇന്ത്യക്കാരടക്കം 11 പേർക്ക് പരിക്ക്
Riyadh , 25 നവംബര് (H.S.) റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ (KAFD) കെട്ടിടത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാരടക്കം 11 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച യെ
റിയാദിലെ ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിൽ ഹൂതി ആക്രമണം; രണ്ട് ഇന്ത്യക്കാരടക്കം 11 പേർക്ക് പരിക്ക്


Riyadh , 25 നവംബര് (H.S.)

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ (KAFD) കെട്ടിടത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാരടക്കം 11 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച യെമനിലെ ഹൂതി വിമതർ ഡ്രോൺ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് വിവിധ രാജ്യക്കാരായ 11 പേർക്ക് പരിക്കേറ്റതെന്ന് സൗദി സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അറിയിച്ചു. രണ്ട് സൗദി പൗരന്മാർ, രണ്ട് ഇന്ത്യക്കാർ, മൂന്ന് നേപ്പാൾ സ്വദേശികൾ, നാല് ഈജിപ്ത് സ്വദേശികൾ എന്നിവർക്കാണ് പരിക്കേറ്റതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

ആക്രമണമുണ്ടായ ഉടൻ തന്നെ സൗദി സുരക്ഷാ സേനയും സിവിൽ ഡിഫൻസ് വിഭാഗവും സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനായി അംഗീകൃത സുരക്ഷാ പ്രോട്ടോക്കോളുകൾ ഉടൻ നടപ്പിലാക്കിയതായും അധികൃതർ അറിയിച്ചു. സാധാരണക്കാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള 'ഭീരുത്വം നിറഞ്ഞ ഭീകരാക്രമണമാണ്' ഹൂതികൾ നടത്തിയതെന്ന് സൗദി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി പ്രതികരിച്ചു. ഇത്തരം ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ആക്രമണത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റ വിവരം റിയാദിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. പരിക്കേറ്റവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും, അവർക്കും കുടുംബങ്ങൾക്കും സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും എംബസി എക്സിലൂടെ അറിയിച്ചു. സൗദിയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ പ്രാദേശിക നിയമങ്ങളും സുരക്ഷാ നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും എംബസി അഭ്യർത്ഥിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, സൗദി അറേബ്യയുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

യെമനിലെ അൽ-ഹുദൈദ പ്രവിശ്യയിൽ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെയാണ് മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമായത്. ഈ മാസം 19-നും റിയാദിലെ ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലുള്ള 80 നിലകളുള്ള പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (PIF) ടവറിന് നേരെ സമാനമായ ആക്രമണമുണ്ടായിരുന്നു. അന്ന് കെട്ടിടത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആളപായമുണ്ടായിരുന്നില്ല. തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ റിയാദിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയിട്ടുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News