തിരുപ്പറംകുണ്ട്രം കാർത്തിക ദീപം വിവാദം: സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഹൈന്ദവ സംഘടനകൾ വീണ്ടും കോടതിയിലേക്ക്
Madhuram , 25 നവംബര് (H.S.) മധുര: തമിഴ്നാട്ടിലെ തിരുപ്പറംകുണ്ട്രം മലമുകളിലെ പുരാതന കൽത്തൂണായ ''ദീപത്തൂണിൽ'' കാർത്തിക ദീപം തെളിയിക്കാൻ അനുമതി നൽകിയ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്ത തമിഴ്നാട് സർക്കാരിന്റെ നടപടിക്കെതിരെ ഹൈന്ദവ സംഘടനകൾ വീണ്ടും സു
തിരുപ്പറംകുണ്ട്രം കാർത്തിക ദീപം വിവാദം: സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഹൈന്ദവ സംഘടനകൾ വീണ്ടും കോടതിയിലേക്ക്


Madhuram , 25 നവംബര് (H.S.)

മധുര: തമിഴ്നാട്ടിലെ തിരുപ്പറംകുണ്ട്രം മലമുകളിലെ പുരാതന കൽത്തൂണായ 'ദീപത്തൂണിൽ' കാർത്തിക ദീപം തെളിയിക്കാൻ അനുമതി നൽകിയ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്ത തമിഴ്നാട് സർക്കാരിന്റെ നടപടിക്കെതിരെ ഹൈന്ദവ സംഘടനകൾ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുന്നു. ഹിന്ദു മുന്നണി ഉൾപ്പെടെയുള്ള സംഘടനകളാണ് സർക്കാരിനും ജില്ലാ ഭരണകൂടത്തിനുമെതിരെ കോടതിയലക്ഷ്യ നടപടികൾ ആവശ്യപ്പെട്ട് നേരത്തെ കേസ് പരിഗണിച്ച അതേ ബെഞ്ചിന് മുന്നിൽ എത്താൻ ഒരുങ്ങുന്നത്.

നവംബർ 20-ന് കേസ് പരിഗണിച്ച സുപ്രീം കോടതി ബെഞ്ച്, നവംബർ 24-ന് കാർത്തിക ദീപം ആഘോഷിക്കുന്ന ദിവസം ഒറ്റത്തവണ നടപടിയെന്ന നിലയിൽ മലമുകളിലെ ദീപത്തൂണിൽ ദീപം തെളിയിക്കാൻ കർശന ഉപാധികളോടെ അനുമതി നൽകിയിരുന്നു. വിധി നടപ്പിലാക്കാൻ ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി മധുര ജില്ലാ കളക്ടർ സുപ്രീം കോടതിയിലും, ചൊവ്വാഴ്ച കേസ് പരിഗണിച്ച മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചിലും ഉറപ്പുനൽകിയിരുന്നതാണ്. കളക്ടറുടെ നിരോധനാജ്ഞ സുപ്രീം കോടതി ഉത്തരവിനെ മറികടക്കാൻ കാരണമാകരുതെന്ന് ഹൈക്കോടതിയും കർശന നിർദേശം നൽകിയിരുന്നു.

എന്നാൽ, ചൊവ്വാഴ്ച വൈകുന്നേരം അവസാന നിമിഷം ദേവസ്വം അധികൃതരും സർക്കാരും മലമുകളിലെ ദീപത്തൂണിന് പകരം പരമ്പരാഗതമായി ദീപം തെളിയിക്കാറുള്ള ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപത്തെ ദീപമണ്ഡപത്തിൽ തന്നെയാണ് കാർത്തിക ദീപം തെളിയിച്ചത്. ഇത് സുപ്രീം കോടതി ഉത്തരവിന്റെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈന്ദവ സംഘടനകൾ നിയമപോരാട്ടം കടുപ്പിക്കുന്നത്. ഇതോടെ വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ (TVK) സർക്കാരും മധുര ജില്ലാ കളക്ടറും കടുത്ത കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടിവരുമെന്നാണ് നിയമവൃത്തങ്ങൾ വിലയിരുത്തുന്നത്.

അതേസമയം, മലമുകളിലെ ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബാദുഷ ഔലിയ ദർഗയ്ക്ക് സമീപമുള്ള ദീപത്തൂണിൽ ദീപം തെളിയിക്കുന്നത് ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന നിലപാടിലാണ് സർക്കാർ. ക്ഷേത്രത്തിലെ ദേവസ്വം ട്രസ്റ്റി യോഗം ചേർന്ന് പരമ്പരാഗതമായി ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിലെ മണ്ഡപത്തിൽ തന്നെ ദീപം തെളിയിക്കാൻ പ്രമേയം പാസാക്കി സർക്കാരിനെ അറിയിച്ചിരുന്നു. ഈ രേഖകളും സുരക്ഷാ കാരണങ്ങളും മുൻനിർത്തിയാകും സർക്കാർ കോടതിയിൽ തങ്ങളുടെ നടപടിയെ പ്രതിരോധിക്കുക. മുൻപ് ഡിഎംകെ സർക്കാരും സമാനമായ നിലപാടാണ് വിഷയത്തിൽ സ്വീകരിച്ചിരുന്നത്.

സംഭവത്തിന് പിന്നാലെ തമിഴ്നാട്ടിൽ രാഷ്ട്രീയ പോരും രൂക്ഷമായിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ വിജയ് സർക്കാരിന്റെ തീരുമാനത്തിന് ഒരു വിഭാഗത്തിൽ നിന്ന് പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും, ബിജെപിയും ഹിന്ദു മുന്നണിയും സർക്കാരിനെതിരെ സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധത്തിന് തുടക്കമിട്ടു കഴിഞ്ഞു. രാമനാഥപുരം, പൊള്ളാച്ചി തുടങ്ങി വിവിധ ഇടങ്ങളിൽ റോഡ് ഉപരോധിച്ച മുന്നൂറോളം ബിജെപി, ഹിന്ദു മുന്നണി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. വരും ദിവസങ്ങളിൽ കോടതിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇടപെടലുകൾ സർക്കാരിന് നിർണ്ണായകമാകും.

---------------

Hindusthan Samachar / Roshith K


Latest News