Enter your Email Address to subscribe to our newsletters

NewDelhi , 28 നവംബര് (H.S.)
ഭാരതരത്നം ഡോ. ഭൂപൻ ഹസാരികയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വൈകുന്നേരം 6 മണിക്ക് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലെത്തും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.
1926 സെപ്റ്റംബർ 8-ന് അസമിലെ സാദിയയിലാണ് ഡോ. ഭൂപൻ ഹസാരിക ജനിച്ചത്. 'സുധാകണ്ഠ' എന്നും 'ബ്രഹ്മപുത്രയുടെ കവി' എന്നും സ്നേഹാദരങ്ങളോടെ അറിയപ്പെടുന്ന അദ്ദേഹം അസമിന്റെയും രാജ്യത്തിന്റെയും സാംസ്കാരിക ചരിത്രത്തിൽ സവിശേഷമായ സ്ഥാനമാണ് അലങ്കരിക്കുന്നത്. അതുല്യനായ ഗായകൻ, സംഗീതസംവിധായകൻ, ഗാനരചയിതാവ്, ചലച്ചിത്രകാരൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം തന്റെ സർഗ്ഗാത്മക സൃഷ്ടികളിലൂടെ സാധാരണ ജനങ്ങളുടെ അഭിലാഷങ്ങൾക്കും വികാരങ്ങൾക്കും ശബ്ദം നൽകി. അസമിന്റെയും വടക്കുകിഴക്കൻ ഇന്ത്യയുടെയും നാടൻ കലാപാരമ്പര്യങ്ങളിൽ വേരൂന്നിയ അദ്ദേഹത്തിന്റെ സംഗീതം ഭാഷയുടെയും ദേശങ്ങളുടെയും അതിർവരമ്പുകൾ മറികടന്ന് ആ പ്രദേശത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം ഇന്ത്യയിലുടനീളവും വിദേശരാജ്യങ്ങളിലും എത്തിച്ചു.
കലാരംഗത്തെ സംഭാവനകൾക്കപ്പുറം, മാനവികതയിലും സാമൂഹിക ചിന്തയിലും അധിഷ്ഠിതമായ വ്യക്തിത്വമായിരുന്നു ഡോ. ഹസാരികയുടേത്. സമത്വം, മനുഷ്യന്റെ അന്തസ്സ്, സാമൂഹിക ഐക്യം, സാർവത്രിക സാഹോദര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സൃഷ്ടികൾ. അസമിന്റെ സാംസ്കാരിക സ്വത്വം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകത്തെ സമ്പന്നമാക്കുന്നതിനും അദ്ദേഹം ഗണ്യമായ സംഭാവനകൾ നൽകി. ഇന്ത്യൻ സംഗീതം, സിനിമ, സംസ്കാരം എന്നീ മേഖലകളിലെ അദ്ദേഹത്തിന്റെ അസാധാരണമായ സംഭാവനകൾക്ക് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഉൾപ്പെടെ നിരവധി വിശിഷ്ട ബഹുമതികൾ ലഭിച്ചിട്ടുണ്ട്. 2019-ൽ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം മരണാനന്തരമായി അദ്ദേഹത്തിന് സമ്മാനിച്ചു.
2025 സെപ്റ്റംബർ 8-നാണ് ഡോ. ഹസാരികയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായത്. സംഗീതം, സാഹിത്യം, സിനിമ, സാമൂഹിക മേഖലകൾ എന്നിവയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ ഒരിക്കൽക്കൂടി അനുസ്മരിക്കാനും പുനരാവിഷ്കരിക്കാനുമുള്ള അവസരമായി ഈ ആഘോഷങ്ങൾ മാറി. അദ്ദേഹത്തിന്റെ ആദർശങ്ങളുടെ കാലികപ്രസക്തി, കാലാതീതമായ സർഗ്ഗപ്രതിഭയുടെ മഹത്വം, മാനവികത, ഐക്യം, സാർവത്രിക സാഹോദര്യം എന്നിവയിലൂന്നിയ സന്ദേശം എന്നിവയ്ക്കും ഈ ആഘോഷങ്ങൾ പ്രാധാന്യം നൽകി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR