Enter your Email Address to subscribe to our newsletters

Kollam, 19 നവംബര് (H.S.)
കൊല്ലം: കൊല്ലം കൊട്ടിയത്ത് പ്രവർത്തിക്കുന്ന ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായ സംഭവത്തിൽ ജില്ലാ കളക്ടർ അടിയന്തര റിപ്പോർട്ട് തേടി. ആരോഗ്യവകുപ്പ്, തഹസിൽദാർ, മൈനിങ് ആൻഡ് ജിയോളജി വിഭാഗം എന്നിവരിൽ നിന്നാണ് കൊല്ലം ജില്ലാ കളക്ടർ ആനി ജൂലാ തോമസ് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ പ്രദേശവാസികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം ശക്തമായതിനെ തുടർന്ന് പ്ലാന്റ് അധികൃതർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊട്ടിയത്തെ ഓക്സിലിയം സ്കൂളിലെ മുപ്പതോളം വിദ്യാർത്ഥികൾക്കാണ് ഇന്നലെ രൂക്ഷമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടത്. പ്ലാന്റിൽ നിന്നുള്ള കറുത്ത പുകയും രൂക്ഷഗന്ധവും സ്കൂൾ പരിസരത്തേക്ക് വ്യാപിച്ചതോടെ കുട്ടികൾക്ക് കടുത്ത തലവേദന, ശ്വാസംമുട്ടൽ, ഛർദി, തലകറക്കം തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയായിരുന്നു. അസ്വസ്ഥതകൾ കൂടിയതോടെ അധ്യാപകരും നാട്ടുകാരും ചേർന്ന് വിദ്യാർത്ഥികളെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സം രൂക്ഷമായ പല കുട്ടികൾക്കും ആശുപത്രിയിൽ ഓക്സിജൻ സഹായമടക്കം നൽകേണ്ടി വന്നു. നിലവിൽ ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ഈ ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള പുക ശല്യത്തെക്കുറിച്ച് പ്രദേശവാസികളും സ്കൂൾ അധികൃതരും നേരത്തെ തന്നെ നിരവധി തവണ പരാതിപ്പെട്ടിരുന്നു. ജനവാസ മേഖലയിലും വിദ്യാഭ്യാസ സ്ഥാപനത്തിനും സമീപം പ്രവർത്തിക്കുന്ന പ്ലാന്റ് ഗുരുതരമായ പരിസ്ഥിതി-ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ഇതിന്റെ അടിസ്ഥാനത്തിൽ ഇടക്കാലത്ത് പഞ്ചായത്ത് അധികൃതർ ഇടപെട്ട് പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവെപ്പിച്ചിരുന്നു. എന്നാൽ, പിന്നീട് കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ച ശേഷമാണ് പ്ലാന്റ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്.
പ്രവർത്തനം പുനരാരംഭിച്ചതിന് പിന്നാലെ തന്നെ ഇത്തരമൊരു അപകടകരമായ സാഹചര്യം ഉണ്ടായതോടെ പ്രദേശത്ത് വലിയ ജനരോഷമാണ് ഉയർന്നിരിക്കുന്നത്. വിദ്യാർത്ഥികളുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിക്കുന്ന പ്ലാന്റ് ഉടൻ അടച്ചുപൂട്ടണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം. വിവിധ വകുപ്പുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ ലഭിച്ചാലുടൻ പ്ലാന്റിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K