Enter your Email Address to subscribe to our newsletters

Kochi, 19 നവംബര് (H.S.)
കൊച്ചി: രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന അരിയിൽ ഷുക്കൂർ വധക്കേസിൽ എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ഇന്ന് വിധി പ്രസ്താവിക്കും. നീണ്ട പതിനാല് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിൽ നിർണ്ണായക വിധി വരുന്നത്. സി.പി.എം നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവർക്കെതിരെ ചുമത്തിയിട്ടുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് നേരിട്ട തിരിച്ചടികൾ വിധിന്യായത്തിൽ നിർണ്ണായകമാകുമെന്നാണ് നിയമവൃത്തങ്ങളുടെ വിലയിരുത്തൽ.
2012 ഫെബ്രുവരി 20-നാണ് എം.എസ്.എഫ് പ്രവർത്തകനായിരുന്ന അരിയിൽ അബ്ദുൽ ഷുക്കൂർ കണ്ണൂർ കീഴറയിലെ ചുള്ളിയോട് വയലിൽ വെച്ച് കൊല്ലപ്പെട്ടത്. അന്നത്തെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും എം.എൽ.എയായിരുന്ന ടി.വി. രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെ മുസ്ലിം ലീഗ് പ്രവർത്തകർ ആക്രമണം നടത്തിയതിന്റെ പ്രതികാരമായാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. കേസിൽ 32-ാം പ്രതിയായ പി. ജയരാജനും 33-ാം പ്രതിയായ ടി.വി. രാജേഷിനും എതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ആക്രമണത്തിൽ പരിക്കേറ്റ് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ ചികിത്സയിലിരിക്കെ, എം.എസ്.എഫ് പ്രവർത്തകരെ കൈകാര്യം ചെയ്യാൻ ഇരുവരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് പ്രോസിക്യൂഷൻ വാദം.
എന്നാൽ, വിചാരണ വേളയിൽ ഈ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടുണ്ടോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ മുറിയിൽ വെച്ച് നേതാക്കൾ ഗൂഢാലോചന നടത്തുന്നത് നേരിട്ട് കേട്ടുവെന്ന് പോലീസിന് ആദ്യം മൊഴി നൽകിയ അബു, സ്വാബിർ എന്നീ രണ്ട് പ്രധാന സാക്ഷികൾ പിന്നീട് നിലപാട് മാറ്റിയിരുന്നു. സി.ബി.ഐയുടെ സാക്ഷിപ്പട്ടികയിലും ഇവർ ഉൾപ്പെട്ടിരുന്നെങ്കിലും, കോടതി പലതവണ സമൻസ് അയച്ചിട്ടും ഇവരെ വിചാരണയ്ക്കായി ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഇവരിൽ ചിലർ വിദേശത്തേക്ക് കടന്നതും പ്രോസിക്യൂഷന് തിരിച്ചടിയായി. ഗൂഢാലോചനക്കേസുകളിൽ സാക്ഷിമൊഴികൾക്ക് വലിയ പ്രാധാന്യമുള്ളതിനാൽ, ഈ സാക്ഷികളുടെ അസാന്നിധ്യം ജയരാജനും രാജേഷിനും അനുകൂലമായേക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, ഗൂഢാലോചനക്കുറ്റം തെളിയിക്കുന്ന കാര്യത്തിൽ ആശങ്കകൾ നിലനിൽക്കുമ്പോഴും, കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മറ്റ് പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അവർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ സാധിക്കുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് സി.ബി.ഐ പ്രോസിക്യൂഷൻ. ആകെ 33 പ്രതികളുള്ള കേസിൽ രണ്ട് പേർ വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു. ബാക്കിയുള്ള 31 പ്രതികളുടെ വിധിയാണ് പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി പി. ശബരിനാഥൻ ഇന്ന് പ്രസ്താവിക്കുന്നത്. കേസിലെ വിധി സി.പി.എമ്മിനും കണ്ണൂരിലെ രാഷ്ട്രീയ സമവാക്യങ്ങൾക്കും ഒരുപോലെ നിർണ്ണായകമാണ്.
---------------
Hindusthan Samachar / Roshith K