Enter your Email Address to subscribe to our newsletters

Kochi, 19 നവംബര് (H.S.)
കൊച്ചി: കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കണ്ണൂർ അരിയിലെ എം.എസ്.എഫ് നേതാവും യൂത്ത് ലീഗ് പ്രവർത്തകനുമായിരുന്ന അബ്ദുൽ ഷുക്കൂർ വധക്കേസിൽ കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി ഇന്ന് നിർണായക വിധി പ്രസ്താവിക്കും. കൊലപാതകം നടന്ന് 14 വർഷങ്ങൾക്കും, 17 മാസത്തോളം നീണ്ടുനിന്ന വിചാരണ നടപടികൾക്കും ശേഷമാണ് എറണാകുളം സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി പി. ശബരിനാഥൻ വിധി പറയുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രാജേഷ് എന്നിവരടക്കമുള്ള 31 പ്രതികളുടെ വിധിയാണ് കോടതി ഇന്ന് പ്രഖ്യാപിക്കുക.
2012 ഫെബ്രുവരി 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും എം.എൽ.എയായിരുന്ന ടി.വി. രാജേഷും സഞ്ചരിച്ച വാഹനവ്യൂഹം അരിയിൽ വെച്ച് തടഞ്ഞുനിർത്തി ആക്രമിച്ചതിലുള്ള പ്രതികാരമായാണ് അബ്ദുൽ ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. തളിപ്പറമ്പ് പട്ടുവത്തെ ചുള്ളിയോട് വയലിൽ വെച്ച് മണിക്കൂറുകളോളം ബന്ദിയാക്കി പരസ്യവിചാരണ നടത്തിയ ശേഷം ഷുക്കൂറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന സക്കറിയ എന്ന യുവാവിനും അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.
തളിപ്പറമ്പിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകരായിരുന്ന കെ.വി. സുമേഷ്, പി. ഗണേശൻ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. ആക്രമണത്തിൽ പരിക്കേറ്റ് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ ചികിത്സയിലിരിക്കെ പി. ജയരാജനും ടി.വി. രാജേഷും ഗൂഢാലോചനയിൽ പങ്കാളികളായെന്നും, കൊലപാതക വിവരം അറിഞ്ഞിട്ടും അത് തടയാൻ ശ്രമിച്ചില്ലെന്നുമാണ് സി.ബി.ഐയുടെ പ്രധാന കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ 32, 33 പ്രതികളായ ഇവർക്കെതിരെ കൊലപാതക ഗൂഢാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ആകെ 33 പ്രതികളാണ് കുറ്റപത്രത്തിൽ ഉണ്ടായിരുന്നതെങ്കിലും വിചാരണയ്ക്കിടെ രണ്ട് പേർ മരണപ്പെട്ടതോടെ 31 പേരാണ് വിചാരണ നേരിട്ടത്.
ലോക്കൽ പോലീസ് അന്വേഷിച്ച കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നൽകിയ ഹർജിയിലാണ് 2016 ഫെബ്രുവരി എട്ടിന് കേരള ഹൈക്കോടതി അന്വേഷണം സി.ബി.ഐക്ക് കൈമാറാൻ ഉത്തരവിട്ടത്. തുടർന്ന് 2019 ഫെബ്രുവരിയിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. 2025 മെയ് അഞ്ചിനാണ് കേസിൽ ഔദ്യോഗികമായി വിചാരണ ആരംഭിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 81-ലധികം സാക്ഷികളെയും 238 രേഖകളും 21 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ, പോലീസിന് മൊഴി നൽകിയ ചില പ്രധാന സാക്ഷികൾ വിചാരണ വേളയിൽ ഹാജരാകാതിരുന്നതും കൂറുമാറിയതും സി.ബി.ഐയുടെ ഗൂഢാലോചന വാദങ്ങളെ എങ്ങനെ ബാധിക്കുമെന്നത് നിയമവൃത്തങ്ങൾ ഉറ്റുനോക്കുന്നുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച കേസായതിനാൽ വിധി പ്രഖ്യാപനത്തോടനുബന്ധിച്ച് കൊച്ചിയിലും കണ്ണൂരിലും കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
---------------
Hindusthan Samachar / Roshith K