സംസ്ഥാനത്ത് ഇൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക പരിശോധന.
Kozhikode,20 നവംബര് (H.S.) സംസ്ഥാനത്ത് ഇൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക പരിശോധന. സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ, വിദേശ നാണ്യ വിനിമയ ചട്ടലംഘനം എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് ഇ ഡി യുടെ വ്യാപക പരിശോധന നടക്കുന്നത്.കോഴിക്കോട്, കണ്ണൂർ, മലപ്പു
Enforcement directorate


Kozhikode,20 നവംബര് (H.S.)

സംസ്ഥാനത്ത് ഇൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക പരിശോധന.

സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ, വിദേശ നാണ്യ വിനിമയ ചട്ടലംഘനം എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് ഇ ഡി

യുടെ വ്യാപക പരിശോധന നടക്കുന്നത്.കോഴിക്കോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, കാസർകോട് എന്നീ അഞ്ച് ജില്ലകളിലെ 10 ഇടങ്ങളിലാണ് രാവിലെയാണ് പരിശോധന ആരംഭിച്ചത് . വിവിധ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലുണ്ടായിരുന്ന വ്യക്തികളുടെ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് നടപടികൾ.

സ്വർണക്കടത്തിന് സാമ്പത്തിക സഹായം നൽകുന്നവരെയും കള്ളപ്പണം വെളുപ്പിക്കുന്നവരെയും കണ്ടെത്തുക എന്നതാണ് ഇഡി പ്രധാനമായും ലക്ഷ്യമിടുന്നത്. കാസർകോട് ജില്ലയിൽ രണ്ടിടങ്ങളിലാണ് പരിശോധന നടക്കുന്നത്. തളങ്കര ബാംഗോഡ് സൈനബ മൻസിലിൽ അഹമ്മദ് സമീർ, ചെമ്പിരിക്ക ചന്ദ്രഗിരി ചാപ്പ ഹൗസിൽ ഷാഫി എന്നിവരുടെ വീടുകളിലാണ് ഉദ്യോഗസ്ഥർ എത്തിയത്. കണ്ണൂർ ഇരിവേരി വട്ടക്കണ്ടി ഹൗസിൽ മുഹമ്മദ് വലീദിൻ്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.

കോഴിക്കോട് കുന്നമംഗലം സ്വദേശി എംകെ മുഹമ്മദ് ജൗഹർ, കൊയിലാണ്ടി മടക്കര സ്വദേശി നൗഷാദ് വളപ്പിൽ എന്നിവരുടെ കേന്ദ്രങ്ങളിലാണ് റെയ്ഡ്. മലപ്പുറം ജില്ലയിൽ വേങ്ങര ചേരൂർ സ്വദേശി മുഹമ്മദ് ആഷിഖ്, താനൂർ താനാളൂർ സ്വദേശി യൂനസ് എന്നിവരുടെ വീടുകളിലും പാലക്കാട് കുമരനല്ലൂർ സ്വദേശി അബ്ദുൽ റൗഫിൻ്റെ വീട്ടിലും ഇഡി സംഘം എത്തിയിട്ടുണ്ട്.

കണ്ണൂർ ഇരിവേരിയിലെ മുഹമ്മദ് വലീദ് പാലപ്പെട്ടിയുടെ വീട്ടിൽ പുലർച്ചെ ആറ് മണിയോടെയാണ് ഇഡി സംഘം എത്തിയത്. ഉള്ളിലേക്ക് മാറിയുള്ള മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ വീട് മലപ്പുറം സ്വദേശിയായ മുഹമ്മദിൻ്റെ ഉടമസ്ഥതയിലുള്ളതാണ്. മുഹമ്മദിൻ്റെ സഹോദരിയും ബന്ധുക്കളുമായിരുന്നു ഇവിടെ താമസിച്ചിരുന്നത്. എന്നാൽ പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

വീട്ടുകാർ കഴിഞ്ഞ ദിവസം ബന്ധുക്കളുടെ വീട്ടിലേക്ക് പോയിരുന്നു എന്നാണ് വിവരം. ഇതേത്തുടർന്ന് പ്രദേശത്തെ പഞ്ചായത്ത് അംഗത്തെ ഉൾപ്പെടെ ഇഡി സംഘം വിളിച്ചുവരുത്തി. സിആർപിഎഫിൻ്റെ സുരക്ഷയിലാണ് പരിശോധന നടക്കുന്നത്. ബന്ധുക്കളുമായി ബന്ധപ്പെട്ട് വീട് തുറന്ന് അകത്തുകയറി പരിശോധന നടത്താനുള്ള ശ്രമമാണ് ഉദ്യോഗസ്ഥർ നടത്തുന്നത്.

വിവരം അറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടിയതിനെ തുടർന്ന് വീടിന് മുൻപിലുള്ള ആളുകളെയും മാധ്യമ പ്രവർത്തകരെയും അപ്പുറത്തേക്ക് മാറ്റി നിർത്തി.

മുഹമ്മദ് വിദേശത്തടക്കം ബിസിനസ് നടത്തുന്നുണ്ടെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇദ്ദേഹത്തെക്കുറിച്ച് നാട്ടുകാർക്ക് കൂടുതൽ വിവരങ്ങൾ അറിയില്ല.

നേരത്തെ മറ്റ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ പട്ടികയിലുള്ളവരാണ് പരിശോധന നേരിടുന്നവരെല്ലാം. അനധികൃത പണമിടപാടുകളും സ്വർണക്കടത്തുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റൽ തെളിവുകളും കണ്ടെത്തുകയാണ് റെയ്ഡിൻ്റെ ലക്ഷ്യം. ഇവരുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ, ബാങ്ക് അക്കൗണ്ടുകൾ, ഡിജിറ്റൽ രേഖകൾ എന്നിവ ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കുന്നു.

സംസ്ഥാനത്തേക്ക് അനധികൃതമായി എത്തുന്ന സ്വർണത്തിൻ്റെ സാമ്പത്തിക സ്രോതസ്സ് പൂർണമായും ഹവാല വഴിയാണെന്ന് അന്വേഷണ ഏജൻസികൾ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഇഡി നേരിട്ട് രംഗത്തിറങ്ങിയത്.

വിദേശത്തുനിന്നും ഹവാല ഇടപാടുകൾ വഴി കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം കേരളത്തിലേക്ക് ഒഴുകുന്നുണ്ടെന്ന വിവരവും ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News