പ്രവർത്തന ഫണ്ടില്ലാതെ ഭരണസ്തംഭനം; ഇടമലക്കുടി ഗോത്രവർഗ്ഗ പഞ്ചായത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ
Idukki, 20 നവംബര് (H.S.) ഇടുക്കി: സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടുക്കിയിലെ ഇടമലക്കുടിയിൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഭരണസ്തംഭനം രൂക്ഷമാകുന്നു. കഴിഞ്ഞ ഏഴ് മാസമായി സർക്കാരിൽ നിന്നുള്ള പ്രവർത്തന ഫണ്ട് അനുവദിക്കാത്തതിനാൽ പഞ്ചായ
പ്രവർത്തന ഫണ്ടില്ലാതെ ഭരണസ്തംഭനം; ഇടമലക്കുടി ഗോത്രവർഗ്ഗ പഞ്ചായത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ


Idukki, 20 നവംബര് (H.S.)

ഇടുക്കി: സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടുക്കിയിലെ ഇടമലക്കുടിയിൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഭരണസ്തംഭനം രൂക്ഷമാകുന്നു. കഴിഞ്ഞ ഏഴ് മാസമായി സർക്കാരിൽ നിന്നുള്ള പ്രവർത്തന ഫണ്ട് അനുവദിക്കാത്തതിനാൽ പഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളും പൊതുജനങ്ങൾക്കുള്ള സേവനങ്ങളും പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

ബിൽ കുടിശ്ശികയെത്തുടർന്ന് പഞ്ചായത്ത് ഓഫീസിലെ ഇന്റർനെറ്റ് സംവിധാനം ഉൾപ്പെടെയുള്ളവ നിലച്ചതോടെ ഓഫീസ് പ്രവർത്തനം ഏതാണ്ട് അടച്ചുപൂട്ടിയ അവസ്ഥയിലാണുള്ളത്. ഓൺലൈൻ വഴി നൽകേണ്ട സർട്ടിഫിക്കറ്റുകളും മറ്റ് അടിയന്തര രേഖകളും നൽകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. താൽക്കാലിക ജീവനക്കാർ ഉൾപ്പെടെയുള്ള 14 ജീവനക്കാരുടെ ശമ്പളവും 14 വാർഡ് പ്രതിനിധികളുടെ ഓണറേറിയവും മുടങ്ങിയിട്ട് മാസങ്ങളായി. പഞ്ചായത്തിന്റെ നിത്യനിദാന ചെലവുകൾക്കും ശമ്പള വിതരണത്തിനുമായി പ്രതിമാസം ശരാശരി അഞ്ച് ലക്ഷം രൂപയോളമാണ് ആവശ്യമായി വരുന്നത്. എന്നാൽ, കൃത്യസമയത്ത് ഫണ്ട് ലഭിക്കാത്തത് ജീവനക്കാരെയും ജനപ്രതിനിധികളെയും ഒരുപോലെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെപ്പോലെ കെട്ടിടനികുതിയോ, വ്യാപാര ലൈസൻസ് ഫീസോ, മറ്റ് തനത് വരുമാന മാർഗ്ഗങ്ങളോ ഇല്ലാത്ത പ്രദേശമാണ് ഇടമലക്കുടി. പൂർണ്ണമായും വനമേഖലയ്ക്ക് ഉള്ളിൽ സ്ഥിതി ചെയ്യുന്ന 26 ആദിവാസി ഉന്നതികൾ ഉൾപ്പെടുന്ന ഈ പഞ്ചായത്ത്, സർക്കാർ നൽകുന്ന പ്രത്യേക ഗ്രാന്റുകളെയും പ്രവർത്തന ഫണ്ടുകളെയും മാത്രം ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. വികസന പ്രവർത്തനങ്ങൾക്കായി അനുവദിക്കുന്ന ഫണ്ടുകൾ ശമ്പളത്തിനോ ഓഫീസ് ചെലവുകൾക്കോ ആയി വകമാറ്റി ചെലവഴിക്കാൻ നിയമപരമായി സാധിക്കില്ലെന്നതും പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കുന്നു.

പഞ്ചായത്ത് ഓഫീസിലെ ഭരണസ്തംഭനം ഏറ്റവുമധികം ദുരിതത്തിലാക്കിയിരിക്കുന്നത് ഉൾവനത്തിലെ വിവിധ കുടികളിൽ താമസിക്കുന്ന സാധാരണക്കാരായ ഗോത്രവർഗ്ഗക്കാരെയാണ്. കൊടുംവനത്തിലൂടെ 10 മുതൽ 20 കിലോമീറ്റർ വരെ കാൽനടയായി സഞ്ചരിച്ചാണ് പലരും വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഓഫീസിലെത്തുന്നത്. എന്നാൽ, ഓഫീസിൽ എത്തുമ്പോൾ ഇന്റർനെറ്റ് ഇല്ലാത്തതിനാലും ജീവനക്കാരുടെ അഭാവം മൂലവും ആവശ്യമായ സേവനങ്ങൾ ലഭിക്കാതെ നിരാശരായി മടങ്ങേണ്ട ദയനീയ സാഹചര്യമാണുള്ളത്.

പഞ്ചായത്തിനോടുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഭരണസമിതിയും ഗോത്രവിഭാഗങ്ങളും. ഇതിന്റെ ഭാഗമായി അടുത്ത മാസം ദേവികുളം സബ് കളക്ടറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അടിയന്തരമായി പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ച് പഞ്ചായത്തിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകി കാത്തിരിക്കുകയാണ് പഞ്ചായത്ത് അധികൃതരും നാട്ടുകാരും.

---------------

Hindusthan Samachar / Roshith K


Latest News