'ഓപ്പറേഷൻ സിന്ദൂറിനെയും' റഫാലിനെയും കുറിച്ചുള്ള മന്ത്രിയുടെ പരാമർശം: ഹിമാചൽ നിയമസഭയിൽ വൻ ബഹളം; കോൺഗ്രസിന്റേത് പാകിസ്താന്റെ ഭാഷയെന്ന് ബിജെപി
Shimla , 20 നവംബര് (H.S.) ഷിംല: ''ഓപ്പറേഷൻ സിന്ദൂർ'', റഫാൽ യുദ്ധവിമാന ഇടപാട് എന്നിവയെക്കുറിച്ച് ഹിമാചൽ പ്രദേശ് മന്ത്രി ജഗത് സിംഗ് നേഗി നടത്തിയ വിവാദ പരാമർശങ്ങളെ ചൊല്ലി സംസ്ഥാന നിയമസഭയിൽ വൻ ബഹളവും വാദപ്രതിവാദങ്ങളും. റഫാൽ ഇടപാടിൽ വൻ അഴിമതി നടന്നതാ
'ഓപ്പറേഷൻ സിന്ദൂറിനെയും' റഫാലിനെയും കുറിച്ചുള്ള മന്ത്രിയുടെ പരാമർശം: ഹിമാചൽ നിയമസഭയിൽ വൻ ബഹളം; കോൺഗ്രസിന്റേത് പാകിസ്താന്റെ ഭാഷയെന്ന് ബിജെപി


Shimla , 20 നവംബര് (H.S.)

ഷിംല: 'ഓപ്പറേഷൻ സിന്ദൂർ', റഫാൽ യുദ്ധവിമാന ഇടപാട് എന്നിവയെക്കുറിച്ച് ഹിമാചൽ പ്രദേശ് മന്ത്രി ജഗത് സിംഗ് നേഗി നടത്തിയ വിവാദ പരാമർശങ്ങളെ ചൊല്ലി സംസ്ഥാന നിയമസഭയിൽ വൻ ബഹളവും വാദപ്രതിവാദങ്ങളും. റഫാൽ ഇടപാടിൽ വൻ അഴിമതി നടന്നതായും സംഘർഷസമയത്ത് ഈ യുദ്ധവിമാനങ്ങൾ 'ഉപയോഗശൂന്യമാണെന്ന്' തെളിഞ്ഞതായുമുള്ള മന്ത്രിയുടെ പ്രസ്താവനയാണ് പ്രതിപക്ഷമായ ബിജെപിയെ ചൊടിപ്പിച്ചത്. ബഹളം നിയന്ത്രണാതീതമായതോടെ സഭാ നടപടികൾ 10 മിനിറ്റത്തേക്ക് നിർത്തിവെക്കേണ്ടി വന്നു.

സ്പീക്കർ കുൽദീപ് പത്താനിയയുടെ അഭാവത്തിൽ സഭ നിയന്ത്രിച്ചിരുന്ന ഡെപ്യൂട്ടി സ്പീക്കർ സഞ്ജയ് രത്തൻ, ഭരണപക്ഷമായ കോൺഗ്രസ് അംഗങ്ങളോടും പ്രതിപക്ഷമായ ബിജെപി അംഗങ്ങളോടും ശാന്തരാകാൻ ആവർത്തിച്ച് അഭ്യർത്ഥിച്ചെങ്കിലും ഇരുപക്ഷവും മുദ്രാവാക്യം വിളികളുമായി രംഗത്തിറങ്ങുകയായിരുന്നു. തുടർന്നാണ് സഭ താൽക്കാലികമായി പിരിഞ്ഞത്.

നിയമസഭാ നടപടികൾക്കിടെയാണ് ദസോൾട്ട് ഏവിയേഷനിൽ നിന്നുള്ള റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങിയതിൽ വൻ അഴിമതി നടന്നതായി ജഗത് സിംഗ് നേഗി ആരോപിച്ചത്. ഒരു വിമാനത്തിന് 700 കോടി രൂപയ്ക്ക് പകരം 2,300 കോടി രൂപയാണ് ഇന്ത്യ നൽകിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ, 'ഓപ്പറേഷൻ സിന്ദൂർ' വേളയിൽ റഫാൽ വിമാനങ്ങൾ ഉപയോഗശൂന്യമാണെന്ന് തെളിഞ്ഞതായും, ഇതുമൂലം പാകിസ്താനെ നേരിടാൻ ഇന്ത്യ ഏറെ പ്രയാസപ്പെട്ടതായും നേഗി ആരോപിച്ചു. എന്നാൽ, തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായും മാപ്പ് പറയാൻ തയ്യാറല്ലെന്നുമാണ് മന്ത്രി പിന്നീട് വ്യക്തമാക്കിയത്.

ബുധനാഴ്ചത്തെ സഭാ നടപടികൾക്കിടെ മന്ത്രി നടത്തിയ ഈ പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ ജയ്റാം താക്കൂർ ശക്തമായി രംഗത്തെത്തി. സായുധ സേനയ്ക്കെതിരായ പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് അദ്ദേഹം സ്പീക്കറോട് ആവശ്യപ്പെട്ടു. എന്നാൽ, ഭരണഘടന നിർമ്മിച്ചത് കോൺഗ്രസാണെന്നും അതിലെ വ്യവസ്ഥകളെക്കുറിച്ച് തങ്ങൾക്ക് നല്ല ബോധ്യമുണ്ടെന്നുമായിരുന്നു നേഗിയുടെ മറുപടി. ഇതോടെ ബിജെപി എംഎൽഎമാർ എഴുന്നേറ്റ് നിന്ന് മുദ്രാവാക്യം വിളിക്കുകയും കോൺഗ്രസ് അംഗങ്ങൾ പ്രതിരോധിക്കുകയും ചെയ്തതോടെ സഭ പ്രക്ഷുബ്ധമായി.

സംഭവത്തിന് പിന്നാലെ കോൺഗ്രസിനും മന്ത്രി ജഗത് സിംഗ് നേഗിക്കുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ നേതൃത്വവും രംഗത്തെത്തി. ദേശീയ താൽപ്പര്യങ്ങളേക്കാൾ രാഷ്ട്രീയത്തിനാണ് കോൺഗ്രസ് മുൻഗണന നൽകുന്നതെന്ന് ബിജെപി ആരോപിച്ചു. ഓപ്പറേഷൻ സിന്ദൂറിനെയും ഇന്ത്യൻ സൈന്യത്തിന്റെ വീര്യത്തെയും അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്ന് ബിജെപി എക്സിലൂടെ (X) പ്രതികരിച്ചു. രാജ്യസുരക്ഷയുടെയും സൈന്യത്തിന്റെ വീര്യത്തിന്റെയും കാര്യം വരുമ്പോഴെല്ലാം കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകളിൽ പാകിസ്താന്റെ ഭാഷ പ്രതിധ്വനിക്കുന്നത് എന്തുകൊണ്ടാണെന്നും ബിജെപി ചോദിച്ചു.

---------------

Hindusthan Samachar / Roshith K


Latest News